ശരിക്കും രാജ്ഞി!!! മറ്റൊരാള്‍ക്കും ഇങ്ങനെ അഭിനയിക്കാനാകുമെന്ന് കരുതുന്നില്ല-ദുല്‍ഖര്‍ നായികയെ അഭിനന്ദിച്ച് കങ്കണ റണാവട്ട്

ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് സീതാരാമം. തിയ്യറ്ററുകളില്‍ ചിത്രം വലിയ ഹിറ്റായിരുന്നു. മൃണാല്‍ താക്കൂര്‍ നായികയായ ചിത്രം ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളില്‍ എത്തിയ സീതാരാമം നൂറു കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു.…

ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് സീതാരാമം. തിയ്യറ്ററുകളില്‍ ചിത്രം വലിയ ഹിറ്റായിരുന്നു. മൃണാല്‍ താക്കൂര്‍ നായികയായ ചിത്രം ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളില്‍ എത്തിയ സീതാരാമം നൂറു കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു.

തിയ്യേറ്ററിലെത്തി ആദ്യ പതിനഞ്ച് ദിവസത്തിനുള്ളില്‍ തന്നെ 65 കോടി രൂപ സ്വന്തമാക്കിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രവും സീതാരാമമാണ്. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തിയത്. സീതാമഹാലക്ഷ്മിയായാണ് മൃണാളെത്തിയത്. മറ്റൊരു പ്രധാന കഥാപാത്രമായ അഫ്രീനായി രശ്മിക മന്ദാനയും എത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന് നിറഞ്ഞ് അഭിനന്ദിച്ചിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവട്ട്. ചിത്രത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ രാജ്ഞിയെ പോലെയാണ് മൃണാല്‍ താക്കൂറെന്നാണ് കങ്കണയുടെ പോസ്റ്റ്.

‘ഒടുവില്‍ സീതാരാമം കാണാന്‍ സമയം കിട്ടി. ഉറപ്പിച്ചു പറയുന്നു, ഇതൊരു മനോഹരമായ അനുഭവമായിരുന്നു… ഇതിഹാസ പ്രണയകഥ… അസാധാരണ തിരക്കഥയും സംവിധാനവും…. ഹനു രാഘവപുടിക്കും (സംവിധായകന്‍) അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍’ – എന്നാണ് കങ്കണ കുറിച്ചത്.

സിനിമയില്‍ എല്ലാ താരങ്ങളുടെയും പ്രകടനം വിസ്മയിപ്പിച്ചെന്നും കങ്കണ പറയുന്നു. മൃണാലിന്റെ പ്രകടനം വേറിട്ടു നിന്നു. മറ്റൊരു അഭിനേതാവിനും ഇങ്ങനെ അഭിനയിക്കാനാകുമെന്ന് കരുതുന്നില്ല. എന്തു നല്ല കാസ്റ്റിങ്ങാണ്. ശരിക്കും രാജ്ഞി. സിന്ദാബാദ് താക്കൂര്‍ മാഡം.- ക്വീന്‍ ഇമോജിയും ചേര്‍ത്ത് കങ്കണ കുറിച്ചു.