വാങ്ങാന്‍ കാശില്ലാത്തതിനാല്‍ കഞ്ചാവ് സ്വന്തമായി നട്ടുവളര്‍ത്തി: വളര്‍ന്നുപൊങ്ങിയത് പത്ത് അടി: അന്തംവിട്ട് എക്‌സൈസ്

എക്‌സൈസിനെ വീണ്ടും ഞെട്ടിച്ച് മറ്റൊരു കഞ്ചാവ് വേട്ട. മുമ്പൊക്കെ രഹസ്യമായും, ജനവാസമില്ലാത്ത മല മേടുകളിലുമെല്ലാം വളര്‍ത്തി, ഉപയോഗിക്കാന്‍ പാകമാക്കി, പിന്നീട് രഹസ്യമായി ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്തിരുന്ന ലഹരി ആയിരുന്നു കഞ്ചാവ് എങ്കില്‍ ഇപ്പോള്‍ സംഗതി…

എക്‌സൈസിനെ വീണ്ടും ഞെട്ടിച്ച് മറ്റൊരു കഞ്ചാവ് വേട്ട. മുമ്പൊക്കെ രഹസ്യമായും, ജനവാസമില്ലാത്ത മല മേടുകളിലുമെല്ലാം വളര്‍ത്തി, ഉപയോഗിക്കാന്‍ പാകമാക്കി, പിന്നീട് രഹസ്യമായി ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്തിരുന്ന ലഹരി ആയിരുന്നു കഞ്ചാവ് എങ്കില്‍ ഇപ്പോള്‍ സംഗതി എക്‌സൈിസ് നല്‍കുന്ന തലവേദന ചില്ലറയല്ല. രഹസ്യമായി വളര്‍ന്നിരുന്ന കഞ്ചാവ് ചെടി ആളുകള്‍ വീട്ടു വളപ്പിലും പൊതു ഇടങ്ങളിലുംവരെ കിളിപ്പിക്കുകയാണ്. ഇത്തരത്തില്‍ എക്‌സൈസിനെ ഞെട്ടിച്ച മറ്റൊരു കഞ്ചാവ് വേട്ടയ്ക്ക് കൂടി കേരളം സാക്ഷി ആയിരിക്കുകയാണ്.

കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. മേലില വില്ലേജില്‍ കണിയാന്‍കുഴി കരാണിയില്‍ തുളസിയാണ് കഞ്ചാവ് ചെടി വീട്ടില്‍ വളര്‍ത്തിയതിന് അറസ്റ്റിലായത്. തുളസി കഞ്ചാവ് ഉപയോഗിക്കുന്നതായും വില്‍ക്കുന്നതായും രഹസ്യ വിവരം എക്‌സൈസിന് കിട്ടിയതാണ് അറസ്റ്റിന് വഴിതെളിച്ചത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് റെയ്ഡിന് എത്തിയ എക്‌സൈസ് സംഘത്തെ സ്വീകരിച്ചത് വീടിന്റെ പരിസരത്ത് വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന ഒത്ത ഒരു കഞ്ചാവ് ചെടി. പത്തടി ഉയരവും 61 ശിഖരങ്ങളുമുള്ള വിളവെടുക്കാന്‍ പാകമായ കഞ്ചാവ് ചെടി അന്വേഷണ സംഘത്തിന് അത്ഭുതവും ആശ്ചര്യവും ഉണര്‍ത്തി.

പണം നല്‍കി കഞ്ചാവ് വാങ്ങാന്‍ കഴിയാതെ വന്നതോടെയാണ് സ്വന്തമായി വളര്‍ത്തിയത് എന്നാണ് തുളസിയുടെ വാദം. വിഷയത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

സമാന സംഭവങ്ങള്‍ ഇത് ആദ്യമല്ല എന്നാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ നഗര മധ്യത്തില്‍ മെട്രോ പില്ലറുകള്‍ക്ക് താഴെ നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇത്രയും തുറസ്സായ സ്ഥലത്ത് ചെടി വച്ചുപിടിപ്പിക്കുക വഴി അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് മനസ്സിലാകാതെ നട്ടം തിരിയുകയാണ് എക്‌സൈസ് സംഘം. കേസില്‍ ആരെ പ്രതി ചേര്‍ക്കണമെന്നോ, എങ്ങിനെ അന്വേഷണം മുമ്പോട്ട് കൊണ്ടുപോകണമെന്നോ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ലാ എന്നാണ് സൂചന.