ടാറ്റ സുമോയും തിക്രി ​ഗ്രാമം കത്തിച്ച ജോർജ് മാർട്ടിന്റെ സ്ക്വാഡും; മലയാള സിനിമകളെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് സക്സസ് ടീസർ

മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡി’ൽ ഏറ്റവും ചർച്ചയായ രം​ഗങ്ങളായിരുന്നു തിക്രി വില്ലേജിലെ ആക്ഷൻ സീനുകൾ. ഇപ്പോൾ ചിത്രത്തിന്റെ സക്സസ് ടീസർ നിറഞ്ഞ് നിൽക്കുന്നതും ഈ രം​ഗങ്ങളാണ്. സിനിമയ്ക്ക് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന…

മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡി’ൽ ഏറ്റവും ചർച്ചയായ രം​ഗങ്ങളായിരുന്നു തിക്രി വില്ലേജിലെ ആക്ഷൻ സീനുകൾ. ഇപ്പോൾ ചിത്രത്തിന്റെ സക്സസ് ടീസർ നിറഞ്ഞ് നിൽക്കുന്നതും ഈ രം​ഗങ്ങളാണ്. സിനിമയ്ക്ക് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന പ്രേക്ഷകർക്ക് നന്ദി അറിയിച്ച് കൊണ്ടാണ് സക്സസ് ടീസർ. മലയാള സിനിമകളെ പിന്തുണയ്ക്കണമെന്നും അണിയറ പ്രവർത്തകർ അഭ്യർത്ഥിക്കുന്നുണ്ട്. ഛായാഗ്രാഹകനായ റോബി വർഗീസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്.

ജോർജ് മാർട്ടിൻ എന്ന സ്ക്വാഡ് ലീഡറായി മമ്മൂട്ടിയുടെ അവിസ്മരണീയമായ പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. റോബി വർഗീസിന്റെ സഹോദരനും നടനുമായ റോണിയും മുഹമ്മദ് ഷാഫിയും ചേർന്നായിരുന്നു തിരക്കഥ. റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വർമ, വിജയരാഘവൻ, മനോജ് കെ യു തുടങ്ങിയ മലയാള താരങ്ങളും ഉത്തരേന്ത്യൻ താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു.

റിലീസ് ചെയ്ത് വെറും ഒമ്പത് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിലും കണ്ണൂർ സ്വക്വാഡ് ഇടം നേടിയിരുന്നു. ഇതുവരെയുള്ള കണക്ക് പ്രകാരം ആഗോളതലത്തിൽ 70 കോടിയും ചിത്രം പിന്നിട്ടിട്ടുണ്ട്. കേരളത്തിൽ നിന്ന് മാത്രം 33.50 കോടി നേടാൻ സിനിമയ്ക്ക് സാധിച്ചു. മലയാള സിനിമയിലെ മറ്റൊരു 100 കോടി ചിത്രമാകും കണ്ണൂർ സ്ക്വാഡ് എന്നാണ് പ്രതീക്ഷ.