തീയും പുകയും ഒന്നും വേണ്ട, ഇങ്ങനെയും ഞെട്ടിക്കാം; കാതൽ ട്രെയിലർ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. അര്‍ധരാത്രി 12.30 നാണ് അണിയറക്കാര്‍ ട്രെയ്‍ലര്‍ പുറത്തുവിട്ടത്.  വലിയ പ്രചാരണങ്ങളോ മറ്റൊന്നുമില്ലാതെ മമ്മൂട്ടി ചിത്രത്തിന്റെ ട്രെയിലറും എത്തിയിരിക്കുകയാണ്. രാത്രി 11.25 നാണ്…

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. അര്‍ധരാത്രി 12.30 നാണ് അണിയറക്കാര്‍ ട്രെയ്‍ലര്‍ പുറത്തുവിട്ടത്.  വലിയ പ്രചാരണങ്ങളോ മറ്റൊന്നുമില്ലാതെ മമ്മൂട്ടി ചിത്രത്തിന്റെ ട്രെയിലറും എത്തിയിരിക്കുകയാണ്. രാത്രി 11.25 നാണ് ഇത്തരത്തില്‍ ഒരു അപ്ഡേറ്റ് സോഷ്യല്‍ മീഡിയയില്‍ക്കൂടി മമ്മൂട്ടി അറിയിച്ചത്. കുടുംബപശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് കാതലെന്നും എന്നാല്‍ പറയുന്ന കഥയില്‍ വ്യത്യാസമുണ്ടെന്നും മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നു. അതിനെ അന്വര്‍ഥമാക്കുന്നതാണ് പുറത്തെത്തിയ ട്രെയ്‍ലര്‍. ഒരു വാക്ക് പോലും  മിണ്ടാത്ത ജ്യോതികയുടെ കഥാപാത്രവും പരുക്കനായ മമ്മൂട്ടിയുടെ കഥാപാത്രവും ഒപ്പം സസ്പെൻസ് നില നിർത്തുന്ന കഥാപരിസരവും ആണ് ട്രെലിയറിൽ  നിന്നും കിട്ടുന്ന സൂചനകൾ .

കു ടുംബ പ്രശ്നങ്ങളും കോടതി പശ്ചാത്തലങ്ങളിലുമാകാം സിനിമയുടെ കഥ മുന്നോട്ട് പോകുക എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും ലഭിക്കുന്നത്.  മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ഷര്‍ട്ടും മുണ്ടും ധരിച്ച് അതിസാധാരണമായ ഗെറ്റപ്പിലാണ് എത്തുന്നതെങ്കിലും ഈ കഥാപാത്രം അത്ര സിംപിള്‍ അല്ലെന്നാണ് ട്രെയ്‍ലര്‍ പറയുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട് ചിത്രത്തില്‍ ഈ കഥാപാത്രം. 1.48 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ആ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകപ്രതീക്ഷ ഉണ്ടാക്കുന്നുണ്ട്.  അതെ സമയം സിനിമയുമായി ബന്ധപ്പെട്ട ജ്യോതികയുടെ ഒരു  പോസ്റ്റും  വൈറലായിക്കൊണ്ടിരിക്കുകയാണ് . സിനിമയുമായുള്ള തന്‍റെ അനുഭവം പങ്കുവയ്ക്കുകയാണ് ജ്യോതിക. സിനിമയുടെ പേര് പോലെ തന്നെ ഈ സിനിമ തന്റെ ഹൃദയത്തിന്റെ കാതൽ സ്പർശിച്ചു. ഷൂട്ടിങ്ങിനിടെ എനിക്കുണ്ടായത് വളരെ നല്ല അനുഭവങ്ങളാണ്. ഇതിഹാസ  നായകനായ മമ്മൂട്ടി സാറിനും  സംവിധായകന്‍ ജിയോ ബേബി, എഴുത്തുകാരനായ ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമെന്നും ജ്യോതിക കുറിച്ചു..

ജ്യോതിക നായികയാവുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം അവരുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18 ന് ആയിരുന്നു.  ജിയോ ബേബിയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്‍റെ റീലിസ് ഡേറ്റും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നവംബര്‍ 23 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. മമ്മൂട്ടിയും ജ്യോതികയുമാണ്  സോഷ്യല്‍മിഡിയ പേജുകളിലൂടെ റിലീസ് വിവരം ആരാധകരുമായി പങ്കുവച്ചത്. സിനിമയുടെ വിജയത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി കമന്‍റുകളുമെത്തിയിരുന്നു.  കഴിഞ്ഞ ദിവസം ചിത്രത്തിലെ എന്നും എൻ കാവൽ എന്നു തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക് വിഡിയോ  പുറത്തുവിട്ടിരുന്നു. മ‌മ്മൂട്ടിയുടേയും ജ്യോതികയുടേയും പ്രണയവും ജീവിതവുമെല്ലാം നിറഞ്ഞു നിൽക്കുന്നതാണ് ​ഗാനം. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടി ഈ ചിത്രത്തിലും ആരാധകരുടെ പ്രതീക്ഷകളെ മറികടക്കുമെന്നാണ് കണക്കുകൂട്ടല്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ.  ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച മൂന്നാമത്തെ ചിത്രം കൂടിയാണ് കാതല്‍. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. നവംബര്‍ 23 ന് ചിത്രം തിയറ്ററുകളില്‍ എത്തും. അതേസമയം ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ച ചിത്രത്തിന്‍റെ പ്രദര്‍ശനം ഗോവയില്‍ നടക്കുന്ന ഐഎഫ്എഫ്ഐയില്‍ നടക്കും. ഈ മാസം 20 മുതല്‍ 28 വരെയാണ് ഗോവ ചലച്ചിത്രമേള. ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാ​ഗത്തിലാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം.