ഭഗത് മാനുവല്‍, നോബി മാര്‍ക്കോസ് ചിത്രം കെങ്കേമം തിയേറ്ററുകളിലെത്തുന്നു

നവാഗതനായ ഷാഹ്‌മോന്‍ ബി പറേലില്‍ കഥയും, തിരക്കഥയും, സംവിധാനവും നിര്‍വ്വഹിക്കുന്ന കെങ്കേമം എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലായ് 14ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഭഗത് മാനുവല്‍, നോബി മാര്‍ക്കോസ്, ലെവിന്‍ സൈമണ്‍, സലിം കുമാര്‍, മക്ബൂല്‍ സല്‍മാന്‍, സുനില്‍ സുഗത, സാജു നവോദയ, മന്‍രാജ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അരിസ്റ്റോ സുരേഷ്, ഷെജിന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ സംവിധായകന്‍ സിദ്ദിക്ക്, അജയ് വാസുദേവ്, എന്‍എം ബാദുഷ തുടങ്ങിയവരും മിസ്റ്റര്‍ വേള്‍ഡ് ആയ ചിത്തരേഷ് നടേശനും വേഷമിടുന്നുണ്ട്. സ്ത്രീകഥാപാത്രങ്ങള്‍ ഇല്ലാത്ത ചിത്രമാണ് കെങ്കേമം.

ജീവിക്കാന്‍ വേണ്ടി പലതും നടത്തുകയും ഒരു ലക്ഷ്യത്തിനു വേണ്ടി അലക്ഷ്യമായി മുന്നേറുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ ഇടപഴകലുകളും, മണ്ടത്തരങ്ങളും, ദൈനംദിന ജീവിത തമാശകളുടെയും അതിലെ സീരിയസ്സായ ചില മുഹൂര്‍ത്തങ്ങളുടെയും നേര്‍കാഴ്ചയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, സണ്ണി ലിയോണീ ഫാന്‍സായ ഡ്യൂടും, ബഡിയും, ജോര്‍ജും തമ്മിലുള്ള ഫാന്‍ ഫൈറ്റിലൂടെ സഞ്ചരിക്കുന്ന പ്രമേയം പറയുന്നത് മൂന്ന് കാലഘട്ടങ്ങളിലൂടെയുള്ള കഥയാണ്. 2018 മുതല്‍ 2023 വരെയുള്ള കോവിഡിന് മുന്‍പും പിന്‍പും കോവിഡ് സമയത്തും ഇവരെന്തു ചെയ്തു എന്നതും അതിലൂടെ വന്ന സൗഹൃദങ്ങളും, സൗഹൃദത്തിലൂടെ കിട്ടിയ പണികളും, അതില്‍ നിന്നും ഉണ്ടാകുന്ന രസകരമായ വഴിത്തിരിവുകളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് ഉലഗനാഥാണ്. ജോസഫ് നെല്ലിക്കല്‍ ആര്‍ട്ട് നിര്‍വ്വഹിക്കുന്നു, ലിബിന്‍ മോഹനന്‍ മേക്കപ്പും ഭക്തന്‍ മങ്ങാട് വസ്ത്രാലങ്കാരവും, സിയാന്‍ ശ്രീകാന്ത് എഡിറ്റിങ്ങും ദേവേശ് ആര്‍ നാഥ് സംഗീതവും നിര്‍വഹിക്കുന്നു.

ഹരിനാരായണന്‍ ബികെ ആണ് ചിത്രത്തിലെ രണ്ട് പാട്ടുകള്‍ രചിച്ചിരിക്കുന്നത്. ജാസി ഗിഫ്റ്റും ശ്രീനിവാസും ആലപിച്ചിരിക്കുന്ന ഗാനങ്ങള്‍ ഇപ്പോഴേ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു. വിഎഫ്എക്സിന് ഒത്തിരി പ്രാധാന്യമുള്ള സിനിമയാണ് കെങ്കേമം. കൊക്കോനട്ട് ബഞ്ച് വിഎഫ്എക്‌സ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഫ്രാന്‍സിസ് സാബുവും കളറിസ്റ്റ് സുജിത് സദാശിവനും ആണ്. പിആര്‍ഒ- എംകെ ഷെജിന്‍, അയ്മനം സാജന്‍.