നേരിൽ കാണാൻ കഴിയാത്ത അവസ്ഥ, ശ്രദ്ധ നേടി കൃഷ്ണകുമാറിന്റെ പോസ്റ്റ്! - മലയാളം ന്യൂസ് പോർട്ടൽ
Film News

നേരിൽ കാണാൻ കഴിയാത്ത അവസ്ഥ, ശ്രദ്ധ നേടി കൃഷ്ണകുമാറിന്റെ പോസ്റ്റ്!

വർഷങ്ങൾ കൊണ്ട് നടൻ ഹാജയ്ക്കും കുടുംബത്തിനുമൊപ്പം പെരുന്നാൾ ആഘോഷിച്ചതിന്റെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടൻ കൃഷ്ണകുമാർ. ഇപ്പോൾ ആ ഒത്തുചേരലുകൾ എല്ലാം ഓർമ്മകൾ മാത്രമാണെന്നും എത്രയും പെട്ടന്ന് അങ്ങനെയുള്ള ദിവസങ്ങൾ വീണ്ടും ഉണ്ടാകട്ടെ എന്നുമാണ് കൃഷ്ണകുമാർ തന്റെ ഫേസ്ബുക്കിൽ കൂടി കുറിച്ചത്. കുറിപ്പ് വായിക്കാം,

ഹാജയും ഭക്ഷണവും പെരുന്നാളും. അപ്പ ഹാജ.. ജീവിതത്തിൽ ചിലർ വന്നു ചേരും. നമ്മളായിട്ട് വിചാരിച്ചിട്ടല്ല. ദൈവമായി കൊണ്ടുത്തരും.. അതാണ്‌ ഹാജ. 80 തുകളിൽ തിരുവനന്തപുരത്തെ പട്ടത്തുള്ള ഫ്ലാറ്റിൽ താമസിക്കുമ്പോൾ അടുത്ത ഫ്ലാറ്റിൽ താമസിക്കാൻ വന്ന മിർസ അങ്കിളും ലൈലാന്റിയുമായി കൂട്ടായി. ആന്റി നല്ല പോലെ ഭക്ഷണം ഉണ്ടാക്കുന്നതിനാൽ മിർസ അങ്കിൾ ഇടയ്ക്കു വിളിക്കും. അങ്ങിനെ ഒരുദിവസം അടുത്ത ബന്ധുവായ ഹാജ വന്നു, അങ്കിൾ എന്നെ പരിചയപ്പെടുത്തി. അവിടുന്ന് തുടങ്ങിയ ബന്ധം ഇന്നും സന്തുഷ്ടമായി തുടരുന്നു. പണ്ട് എറണാകുളത്തു പോയാൽ ഹാജയുടെ വീട്ടിൽ ആണു താമസം. ഹാജയുടെ അച്ഛൻ ഹംസ അങ്കിൾ വലിയ ഒരു മനസ്സിന്റെ ഉടമയായിരുന്നു. ഇഷ്ടമുള്ളവരെ “ചനകുറുക്കൻ” എന്നേ വിളിക്കൂ . കാരണം അറിയില്ല.

ഹാജയുടെ അമ്മയും ഒന്നാന്തരമായി ഭക്ഷണം ഉണ്ടാക്കും. പത്തിരിയും വെളൂരി കറിയും എന്നും മനസ്സിലുണ്ട്. എപ്പോഴും കാർ യാത്രയായിരുന്നു ഞാനും ഹാജയും ചേർന്ന്. അന്നൊക്കെ പെരുനാൾ കാലത്തു ഹാജയുടെ കൂടെ ആയിരിക്കും ഭക്ഷണം. എറണാകുളത്തോ, തിരുവനന്തപുരത്തോ എവിടെ ആണെങ്കിലും ഒരുമിച്ച് . ഞാനോ ഹാജയോ ഷൂട്ടിംങിലാണെങ്കിൽ സ്പെഷ്യൽ ഭക്ഷണം വീട്ടിലെത്തും. ഹാജയുടെ വക. കാലം കടന്നു പോയി. ഒരുപാട് പെരുന്നാളും. ബന്ധവും വളർന്നു. കോവിഡ് വന്നു. ഇതിനിടയിൽ ഇന്നലെ ഒരു പെരുന്നാൾ കടന്നു പോയി. നേരിൽ കാണാൻ കഴിയാത്ത അവസ്ഥ. ഹാജയെ ഫോണിൽ വിളിച്ചു. പരസ്പരം ആശംസിച്ചു. സംസാരത്തിനിടയിൽ ഹാജയുടെ വീട്ടിലിരുന്നു കഴിച്ച ഏതൊക്കയോ ഭക്ഷണത്തിന്റെ രുചിയും മണവും മനസ്സിലൂടെ കടന്നു പോയി.സുന്ദരമായ ഓർമ്മകൾ. ഇനിയെന്നാണ് അങ്ങനെ ഒരു കൂടിച്ചേരൽ. ഉടനെ തന്നെ ഉണ്ടാകട്ടെ. എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

Join Our WhatsApp Group

Trending

To Top
Don`t copy text!