ഗുരുനിന്ദയല്ല…ആ വാക്ക് മാത്രം പാലിക്കാനായില്ല ദാസേട്ടാ!! കെഎസ് ചിത്ര

ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിന് ഇന്ന് 84ാം പിറന്നാളാണ്. നിരവധി പേരാണ് യേശുദാസിന് പിറന്നാള്‍ ആശംസ നേരുന്നത്. വാനമ്പാടി കെഎസ് ചിത്ര പങ്കുവച്ച ഹൃദ്യമായ പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. ദാസേട്ടന്‍ നല്‍കിയ ഒരു വാക്ക് ഇതുവരെയുള്ള ജീവിതയാത്രയില്‍…

ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിന് ഇന്ന് 84ാം പിറന്നാളാണ്. നിരവധി പേരാണ് യേശുദാസിന് പിറന്നാള്‍ ആശംസ നേരുന്നത്. വാനമ്പാടി കെഎസ് ചിത്ര പങ്കുവച്ച ഹൃദ്യമായ പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. ദാസേട്ടന്‍ നല്‍കിയ ഒരു വാക്ക് ഇതുവരെയുള്ള ജീവിതയാത്രയില്‍ തനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചിത്ര പറയുന്നു.

ഗുരുതുല്യനും ദൈവ തുല്യനുമായ ദാസേട്ടന്‍ നല്‍കിയ എല്ലാ ഉപദേശങ്ങളും അക്ഷരം പ്രതി അനുസരിച്ചിട്ടുണ്ട്. സംഗീത വഴിയില്‍ ഇതുവരെയുള്ള യാത്രയില്‍ വലിയ ഊര്‍ജ്ജമായിരുന്നു ആ ഉപദേശങ്ങള്‍. അത് ഗുരുനിന്ദയല്ല, ചില പരിമിതികള്‍ കാരണം മാത്രമാണെന്ന് ചിത്ര പറയുന്നു.
Yesudas
പാട്ടുകളുടെ നല്ല തിരക്കുള്ള സമയത്താണ് ദാസേട്ടന്‍ അക്കാര്യം പറഞ്ഞത്. കര്‍ണാടക സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും കച്ചേരികള്‍ക്ക് തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കച്ചേരിയും ചലച്ചിത്ര ഗാനങ്ങളും ഒരുമിച്ച് കൊണ്ടുപോവുക എന്നത് ഏറെ പ്രയാസമായിരുന്നു.

ലളിത സംഗീതവുമായി സമന്വയിച്ച് പോകുന്ന എന്റെ ശബ്ദത്തിന് കര്‍ണാടക സംഗീതത്തിന്റെ വഴിയേ പോകുമ്പോള്‍ പ്രയാസമുണ്ടായിരുന്നു. തന്റെ പരിമിതികള്‍ അറിയുന്നതിനാല്‍ കച്ചേരിയുടെ പാത പിന്തുടരാനായില്ല. അദ്ദേഹത്തിന് അതില്‍ പരിഭവമൊന്നുമില്ലെങ്കിലും എനിക്കാണ് ഉപദേശം പാലിക്കാത്തതില്‍ വിഷമമെന്നും ചിത്ര പറയുന്നു.

മലയാള നാടിന് കിട്ടിയ പുണ്യമല്ലേ ആ ശബ്ദം. എത്രയെത്ര ഗായകര്‍ നമുക്കുണ്ടെങ്കിലും ദാസേട്ടന്റെ ശബ്ദമാധുരിയുമായി ഉപമിക്കാന്‍ അതൊന്നും പോര. അദ്ദേഹത്തെക്കുറിച്ച് എത്ര കാലങ്ങളായി പറയുന്നു, പുതുതായി ഒന്നും പറയാന്‍ ആര്‍ക്കുമുണ്ടാവില്ല. എങ്കിലും ശബ്ദത്തിന്റെ മധുരിമ നിലനിര്‍ത്താനുള്ള അദ്ദേഹത്തിന്റെ ത്യാഗം ഒന്നു വേറെ തന്നെയാണ്. എല്ലാ ദിവസങ്ങളിലും പരിശീലനം. അതിപുലര്‍ച്ചെയൊക്കെ എത്ര സമയമാണ് പരിശീലനമെന്നും ചിത്ര പറഞ്ഞു.

പരിപാടികളുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ കൃത്യ നിഷ്ഠ എടുത്തുപറയാതെ വയ്യ. പരിപാടിക്ക് പോകാന്‍ വാഹനം വരുമെന്ന് പറയുന്ന സമയത്ത് അദ്ദേഹം റെഡിയായിരിക്കും. അല്‍പ്പമൊന്നു വൈകിയാല്‍ സംഗതിയാകെ മാറും. വിദേശത്ത് ശനി, ഞായര്‍ ദിവസങ്ങളിലാവും സ്റ്റേജ് പ്രോഗ്രാമുകള്‍. മറ്റു ഗായകരൊക്കെ ഇതിനിടയിലെ ദിവസങ്ങളില്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒക്കെ കാണാന്‍ മാറ്റിവയ്ക്കുമ്പോള്‍ ദാസേട്ടന്‍ മുറിയിലുണ്ടാകും. ഓരോ ദിവസവും ഒരു കീര്‍ത്തനമെങ്കിലും പഠിക്കുകയാവും. കച്ചേരിയാണെങ്കില്‍ പ്രത്യേകിച്ചും. സംഗീതത്തിനായി മാത്രം ഉഴിഞ്ഞുവച്ച പുണ്യ ജീവിതമാണ് ദാസേട്ടന്റേത്.

റെക്കോര്‍ഡിംഗിന് സ്റ്റുഡിയോകളില്‍ ശ്രദ്ധിക്കേണ്ട ചെറിയ കാര്യങ്ങള്‍ പോലും വളരെ ഗൗരവത്തോടെ അദ്ദേഹം പറഞ്ഞു തരും. ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ വരാതിരിക്കാന്‍ മൈക്കുമായി എത്ര അകലം പാലിക്കണമെന്നും വാക്കുകളും അക്ഷരങ്ങളും എങ്ങനെയൊക്കെ ഉച്ചരിക്കണമെന്നും കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം നല്‍കും. ഇതിലേറെ ആ പുണ്യത്തെക്കുറിച്ച് എന്ത് പറയാന്‍. മലയാളിക്ക് ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത സുപ്രധാന കാര്യങ്ങളില്‍ ഒന്ന് ദാസേട്ടന്റെ പാട്ടുകളാണ്. എക്കാലവും നമ്മോടൊപ്പം അദ്ദേഹമുണ്ടാവണമെന്നതാണ് ആഗ്രഹം. സര്‍വശക്തന്‍ അദ്ദേഹത്തിന് ദീര്‍ഘായുസും ആരോഗ്യവും എപ്പോഴും നല്‍കട്ടെ, എന്നാണ് ചിത്ര പറയുന്നത്.