സമൂഹ മാധ്യമങ്ങളില്‍ ഇടം നേടിയ ‘ചായ് വാലി’ പ്രിയങ്ക ഗുപ്ത ചായക്കട നിര്‍ത്തുന്നു… എന്തിനെന്നോ?

സോഷ്യല്‍ മീഡിയയുടെ ലോകത്തില്‍ എത്തി നില്‍ക്കുന്നതു കൊണ്ട് മാത്രം പല സാധാരണക്കാരും ഇന്ന് പെട്ടെന്നു തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. വൈറലായാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. രണ്ട് വര്‍ഷത്തോളം കഠിനമായി പ്രയത്‌നിച്ചിട്ടും ഒരു ജോലി നേടാന്‍ സാധിക്കാത്തതിനെ…

സോഷ്യല്‍ മീഡിയയുടെ ലോകത്തില്‍ എത്തി നില്‍ക്കുന്നതു കൊണ്ട് മാത്രം പല സാധാരണക്കാരും ഇന്ന് പെട്ടെന്നു തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. വൈറലായാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. രണ്ട് വര്‍ഷത്തോളം കഠിനമായി പ്രയത്‌നിച്ചിട്ടും ഒരു ജോലി നേടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സ്വന്തമായി ഒരു ചായക്കട തുടങ്ങിയ പ്രിയങ്ക ഗുപ്തയുടെ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചായായിരുന്നു.

‘എം. ബി. എ. ചായ്വാല’ എന്നറിയപ്പെടുന്ന പ്രഫുല്‍ ബില്ലോറിനെ മാതൃകയാക്കിയാണ് താന്‍ ചായക്കട തുടങ്ങിയതെന്ന് നേരത്തെ പ്രിയങ്ക വ്യക്തമാക്കിയിരുന്നു. ഇക്കണോമിക്സ് ബിരുദധാരിയാണ് 24 കാരിയായ പ്രിയങ്ക ഗുപ്ത.

ബീഹാറിലെ പൂര്‍ണിയയില്‍ നിന്നുള്ള പ്രിയങ്ക വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാ പീഠത്തില്‍ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്. ബാങ്ക് മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തുടര്‍ച്ചയായി ശ്രമിച്ചുവെങ്കിലും അതൊക്കെ വെറുതെയായി. അതിനാല്‍, വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിന് പകരം, ഒരു കൈ വണ്ടിയില്‍ ഒരു ചായക്കട ആരംഭിക്കാന്‍ ഞാന്‍ തീരുമാനിച്ചു. നഗരത്തില്‍ സ്വന്തമായി ടീ സ്റ്റാള്‍ ആരംഭിക്കാന്‍ എനിക്ക് മടിയില്ല, ആത്മ നിര്‍ഭര്‍ ഭാരതിലേക്കുള്ള ചുവടു വയ്പായിട്ടാണ് ഞാന്‍ ഈ ബിസിനസ്സിനെ കാണുന്നതെന്ന് പ്രിയങ്ക പറഞ്ഞിരുന്നു.

ബിരുദധാരിയായ പ്രിയങ്ക പട്‌നയിലെ വനിതാ കോളേജിന് സമീപത്താണ് ചായക്കട ആരംഭിച്ചത്. എന്നാല്‍, മികച്ച വരുമാനം നേടുന്ന, വനിതാ കോളേജിനടുത്തെ ഈ ചായക്കട പ്രിയങ്ക നിര്‍ത്തുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അതിന്റെ കാരണവും ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. പ്രിയങ്കയുടെ അവസ്ഥ അറിഞ്ഞ് സഹായിക്കാന്‍ ഒരു വ്യക്തി വന്നിട്ടുണ്ട്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഈ വ്യക്തി ഒരു ഫുഡ് ട്രക്ക് നല്‍കാം എന്നാണത്രേ പ്രിയങ്കയ്ക്ക് കൊടുത്തിരിക്കുന്ന സഹായ വാഗ്ദാനം.