മകളുടെ ചിത്രത്തെ ഞായറാഴ്ചയും കരകയറ്റാനാകാതെ രജനി; ബോക്സ് ഓഫീസിൽ ലാൽ സലാമിന് സംഭവിക്കുന്നത്!

രജനികാന്ത് അതിഥിവേഷത്തിൽ എത്തിയ ചിത്രമാണ് ലാൽ സലാം. രജനിയുടെ മകൾ ഐശ്വര്യ രജനികാന്ത് ആണ് ചിത്രത്തിന്റെ സംവിധായിക. റിലീസ് മുതൽ ലഭിക്കുന്ന സമിശ്ര പ്രതികരണം ആദ്യത്തെ സൺഡേ കളക്ഷനെയും ബാധിച്ചുവെന്നാണ് ഇപ്പോൾ കണക്കുകളിൽ നിന്ന്…

രജനികാന്ത് അതിഥിവേഷത്തിൽ എത്തിയ ചിത്രമാണ് ലാൽ സലാം. രജനിയുടെ മകൾ ഐശ്വര്യ രജനികാന്ത് ആണ് ചിത്രത്തിന്റെ സംവിധായിക. റിലീസ് മുതൽ ലഭിക്കുന്ന സമിശ്ര പ്രതികരണം ആദ്യത്തെ സൺഡേ കളക്ഷനെയും ബാധിച്ചുവെന്നാണ് ഇപ്പോൾ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. റിലീസ് ചെയ്ത ശേഷമുള്ള ആദ്യ ഞായറാഴ്ച ഇന്ത്യയിൽ എല്ലാ ഭാഷകളിലുമായി 2.93 കോടിയാണ് ലാൽ സലാമിന് കളക്ഷൻ നേടാൻ സാധിച്ചതെന്നാണ് റിപ്പോർട്ട്.

ആദ്യ ദിവസം 3.55 കോടിയും രണ്ടാം ദിവസം 3.25 കോടിയും ലാൽ സലാം കളക്‌റ്റ് ചെയ്‌തിരുന്നു. അതിനാൽ മൂന്ന് ദിവസം പിന്നിടുമ്പോൾ മൊത്തം സിനിമയുടെ ഇന്ത്യ ഗ്രോസ് കളക്ഷൻ 9.73 കോടി എന്ന നിലയിലേക്ക് എത്തിയിരുന്നു. തമിഴ് പതിപ്പിൽ ലാൽ സലാമിന് 29.24 ശതമാനം ഒക്യുപൻസിയും തെലുങ്ക് ഷോകൾക്ക് 15.24 ശതമാനം ഒക്യുപെൻസിയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

രജനികാന്ത് മൊയ്‍തീൻ ഭായ് എന്ന കഥാപാത്രമായിട്ടാണ് ലാൽ സലാമിൽ എത്തിയത്. വിഷ്‍ണു വിശാൽ തിരു എന്ന കഥാപാത്രമായും വേഷമിട്ടു. ലിവിംഗ്‍സ്‍റ്റൺ, വിഘ്‍നേശ്, സെന്തിൽ, ജീവിത, കെ എസ് രവികുമാർ, നിരോഷ, വിവേക് പ്രസന്ന, ധന്യ ബാലകൃഷ്‍ണ, പോസ്റ്റർ നന്ദകുമാർ, ആദിത്യ മേനൻ, അമിത് തിവാരി തുടങ്ങിയവരും ഐശ്വര്യയുടെ ലാൽ സലാമിൽ അഭിനയിച്ചിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ലാൽ സലാമിൽ ഒരു അതിഥി വേഷത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കപിൽ ദേവും ഉണ്ട്.