‘ചിറകുവെച്ചു പറക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പ്യാലിമാര്‍ നമുക്ക് ചുറ്റുമുണ്ട്’

വമ്പന്‍ താരങ്ങളോ ബിഗ് ബഡ്ജറ്റോ ഇല്ലാതെ മനവും കണ്ണും നിറക്കുന്ന പ്രകടനമാണ് പ്യാലിയില്‍ ആരാധകര്‍ കണ്ടത്. അഞ്ചു വയസുകാരിയായ കൊച്ചു പെണ്‍കുട്ടിയുടെയും അവളുടെ എല്ലാമെല്ലാമായ സഹോദരന്റെയും കഥ പറയുന്ന ചിത്രമായ ജൂലൈ എട്ടിനാണ് തിയറ്ററുകളില്‍…

വമ്പന്‍ താരങ്ങളോ ബിഗ് ബഡ്ജറ്റോ ഇല്ലാതെ മനവും കണ്ണും നിറക്കുന്ന പ്രകടനമാണ് പ്യാലിയില്‍ ആരാധകര്‍ കണ്ടത്. അഞ്ചു വയസുകാരിയായ കൊച്ചു പെണ്‍കുട്ടിയുടെയും അവളുടെ എല്ലാമെല്ലാമായ സഹോദരന്റെയും കഥ പറയുന്ന ചിത്രമായ ജൂലൈ എട്ടിനാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ചിറകുവെച്ചു പറക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പ്യാലിമാര്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമാവാന്‍ നമുക്ക് കഴിഞ്ഞാല്‍ അതുതന്നെ വലിയ കാര്യമാണെന്ന് ലോറിയന്റസ് മൂവീ ഗ്രൂപ്പില്‍ കുറിക്കുന്നു.

‘അതിഥി തൊഴിലാളികളായ അച്ഛനെയും അമ്മയെ നഷ്ടപ്പെട്ട് ചേട്ടന്റെ തണലില്‍ കഴിയുന്ന പ്യാരി എന്ന കൊച്ചു പെണ്‍കുട്ടിയുടെ കഥയാണ് ഈ സിനിമ പറയുന്നത്. ബാര്‍ബി ശര്‍മയാണ് പ്യാരിയുടെ വേഷത്തില്‍ എത്തുന്നത്. ജോര്‍ജ് ജേക്കബ് സിയ എന്ന പ്യാരിയുടെ സഹോദരന്റെ വേഷം ചെയ്യുന്നു. മാമുക്കോയ, ശ്രീനിവാസന്‍, സുജിത് ശങ്കര്‍ എന്നിവരും ഈ സിനിമയില്‍ വേഷമിടുന്നു…പ്യാലിയുടെ മുഖം സ്‌ക്രീനില്‍ കണ്ടപ്പോള്‍ മുന്‍പ് എവിടെയോ കണ്ടു മറന്ന രണ്ടു മുഖങ്ങള്‍ മനസ്സിലേക്ക് ഓടിവന്നു. അഫ്ഗാന്‍ പെണ്‍കുട്ടിയുടെ ചിത്രം എല്ലാവര്‍ക്കും സുപരിചിതമായിരിക്കും. ആ പെണ്‍കുട്ടിയെ പോലെ തന്നെ ദാരിദ്ര്യവും, അനാഥത്വവും, കുടിയേറ്റവും പ്യാരിയെയും വലയ്ക്കുന്നു. രൂപസാദൃശ്യം കൊണ്ട് പ്യാലിയുടെ മുഖം കുറച്ചു കൂടി ചേരുക ഇറാനിയന്‍ പെണ്‍കുട്ടി അനാഹിതയുമായിട്ടാണ്.
സിനിമകള്‍ ഒരുപാട് കാണുന്നതുകൊണ്ട് എവിടെയെങ്കിലും വെച്ചു പ്യാലിക്ക് ഒരു അപകടമോ മരണമോ സംഭവിക്കുമെന്ന് പേടിച്ചാണ് സിനിമ കണ്ടത്. ഭാഗ്യത്തിന് അങ്ങനെ ഒന്നും ഉണ്ടായില്ല… മനസ്സുനിറഞ്ഞു കരയാനും ചിരിക്കാനുമൊക്കെ വകയുള്ള കൊച്ചു സിനിമ… അധികം അര്‍പ്പുവിളികളും ആരവങ്ങളും പൊക്കലുകളും സ്വയം പൊങ്ങലുകളുമില്ലാതെ കണ്ടുമടങ്ങാവുന്ന ഒരു കൊച്ചു സിനിമ. ഈ സിനിമയുടെ തീം തന്നെ ഇന്റര്‍നാഷണല്‍ ആണ്… പട്ടിണി, കുടിയേറ്റം, അനാഥത്വം … ഇവ മൂന്നും ലോകത്തില്‍ എവിടെയാണെങ്കിലും ഒരുപോലെയാണ്… സിനിമ തീര്‍ന്നപ്പോള്‍ എന്റെ സഖി ചോദിച്ചത്… ഇതുപോലെയുള്ള ഇന്റര്‍നാഷണല്‍ ലെവല്‍ സിനിമകളൊക്കെ മലയാളത്തില്‍ ഇറങ്ങാറുണ്ടോ എന്നതാണ്… അവള്‍ക് ഫീല്‍ ഗുഡ് സിനിമകള്‍ ഒരുപാട് ഇഷ്ടമാണ്.
ആദ്യപകുതിയില്‍ ഇച്ചിരി ഇഴച്ചിലുണ്ട്. അതുമാറ്റിനിര്‍ത്തിയാല്‍ ഒന്നാന്തരം സിനിമയാണ്… കമര്‍ഷ്യല്‍ സിനിമകള്‍ ഏറെ ഇഷ്ടപെടുന്ന എനിക്ക് ഇത് ഇഷ്ടപെട്ടെങ്കില്‍ അത് ഇതിന്റെ മേക്കഴ്‌സിന്റെ ക്രെഡിറ്റ് മാത്രമാണ്… പിന്നെ തീമിന്റെ ഇന്റന്‍സിറ്റിയും… ചിറകുവെച്ചു പറക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പ്യാലിമാര്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമാവാന്‍ നമുക്ക് കഴിഞ്ഞാല്‍ അതുതന്നെ വലിയ കാര്യമാണ്.

കാഴ്ച എന്ന സിനിമ കണ്ടപ്പോഴും എനിക്ക് തോന്നിയ ഒരു കാര്യം ഈ സിനിമ കണ്ടപ്പോള്‍ വീണ്ടും ഓര്‍മ്മ വന്നു. പലപ്പോഴും നമ്മുടെ സര്‍ക്കാരും നിയമവ്യവസ്ഥയും ഉദ്യോഗസ്ഥരും അനാഥരെ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നു എന്നൊരു തോന്നല്‍. കാഴ്ചയുടെ ക്ലൈമാക്‌സ് ഇന്നും മനസ്സില്‍ ഒരു തീരാത്ത വിങ്ങലാണ്. നമ്മുടെ നാടിന്റെ വ്യവസ്ഥിതി എന്നുമാറും. ജയിലുകളെക്കാളും കഷ്ടമാണ് നമ്മുടെ നാട്ടിലെ ഷെല്‍ട്ടര്‍ ഹോമുകളും റെസ്‌ക്യൂ ഹോമുകളും. അവിടെയുള്ളവര്‍ കഞ്ഞിയും പയറും കുടിക്കുന്നു, ജയിലില്‍ ഉള്ളവര്‍ക്ക് സുഭിക്ഷമായ ഭക്ഷണവും പോലീസ് കാവലും. പലപ്പോഴും റെസ്‌ക്യൂ ഹോമില്‍ നിന്ന് ഓടി രക്ഷപ്പെട്ടു പോയവരുടെ കഥകള്‍ വരെ നമ്മള്‍ കേട്ടിട്ടുണ്ട്. കുറച്ചുകൂടി മനുഷ്യത്വപരമായ പെരുമാറ്റം ഇത്തരം ഷെല്‍ട്ടര്‍ ഹോമുകളില്‍ ഉണ്ടാവട്ടെ’യെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.