ലിയോ അവര്‍ക്കുള്ള എന്റെ ആദരമാണ്!! ഒടുവില്‍ വെളിപ്പെടുത്തി ലോകേഷ് കനകരാജ്

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ. കാത്തിരിപ്പിനൊടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകലോകം നല്‍കിയത്. ബോക്‌സോഫീസില്‍ ചിത്രം മികച്ച കലക്ഷനും നേടിയിട്ടുണ്ട്.…

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ. കാത്തിരിപ്പിനൊടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകലോകം നല്‍കിയത്. ബോക്‌സോഫീസില്‍ ചിത്രം മികച്ച കലക്ഷനും നേടിയിട്ടുണ്ട്. ഇതിനോടകം തന്നെ ചിത്രം 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്.

ചിത്രം 2005ലിറങ്ങിയ ഹോളിവുഡ് ചിത്രം എ ഹിസ്റ്ററി ഓഫ് വയലന്‍സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഒന്നാണെന്ന് റിലീസിന് വളരെ മുന്‍പേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡിലും ഹിസ്റ്ററി ഓഫ് വയലന്‍സിന്റെയും സംവിധായകന്‍ ഡേവിഡ് ക്രോനെന്‍ബെര്‍ഗിന്റെയും പേര് ലോകേഷ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ലിയോ ക്രോനെന്‍ബെര്‍ഗിനുള്ള ആദരമായിരുന്നെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍. അമേരിക്കന്‍ മാധ്യമ സ്ഥാപനമായ വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം വ്യക്തമാക്കുന്നത്.

‘ലിയോ എഴുതാന്‍ എനിക്ക് പ്രചോദനമായത് എ ഹിസ്റ്ററി ഓഫ് വയലന്‍സ് ആണ്. ആ ചിത്രം എന്നില്‍ ഒരു മുദ്ര അവശേഷിപ്പിച്ചിരുന്നു. അതില്‍ നിന്നാണ് ലിയോ ജനിച്ചത്. ലിയോ എന്റെ ആദരമാണ്. ലിയോയുടെ വിജയം എനിക്ക് മാത്രമല്ല മുഴുവന്‍ അണിയറക്കാരെ സംബന്ധിച്ചും ഏറെ പ്രാധാന്യമുള്ള കാര്യമാണ്’, ലോകേഷ് പറയുന്നു.

ലോകേഷിന്റേതായി അണിയറയില്‍ അടുത്ത ഹിറ്റുകള്‍ ഒരുങ്ങുന്നുണ്ട്. കൈതി 2, വിക്രം 2, റോളക്‌സ് എന്നിവയാണ് എല്‍സിയുവില്‍ ഒരുങ്ങുന്നത്.