ബോംബ് ഭീഷണിയും നിയന്ത്രണങ്ങളും അനുമതിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും മറികടന്ന് ഇൻഡോറിൽ സംഗീതനിശ അവതരിപ്പിച്ച് പഞ്ചാബി ഗായകൻ ദിൽജിത് ദൊസാഞ്ജ്. പരിപാടി തടയാൻ ശ്രമിച്ചവർക്കെതിരെ പ്രശസ്ത ഉർദു കവി റാഹത്ത് ഇൻഡോറിയുടെ വരികൾ ഉദ്ധരിച്ചായിരുന്നു ഗായകന്റെ പ്രതികരണം. ഞായറാഴ്ച നടന്ന പരിപാടിക്ക് ‘ജയ് ശ്രീ മഹാകാൽ’ വിളികളോടെയാണ് ദിൽജിത് തുടക്കമിട്ടത്. ആരാധകർക്ക് നൽകിയ വാക്ക് പാലിക്കുന്നതിൽനിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, മഹാകാലിന്റെ മണ്ണിൽ പരിപാടി നടത്തുന്നതിൽനിന്ന് തന്നെ തടയാൻ ആർക്കും കഴിയില്ലെന്നും പറഞ്ഞു.
“ഇത് മഹാകാലിന്റെ മണ്ണാണ്. ഇവിടേക്ക് വരുന്നതിൽനിന്ന് ഞങ്ങളെ തടയാൻ ആർക്കും കഴിയില്ല. മുൻപും ഒന്നിനെയും ഭയപ്പെട്ടിരുന്നില്ല, ഇപ്പോഴും ഭയമില്ല. നിങ്ങളാണ് ഞങ്ങളെ ഇന്ന് ഇവിടെ എത്തിച്ചത്,” ദിൽജിത് സദസിനോട് പറഞ്ഞു. തന്നെ ഇൻഡോറിൽ എത്താതിരിക്കാൻ ചിലർ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ആരാധകർക്കുവേണ്ടിയാണ് ഇവിടെയെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് അന്തരിച്ച കവി റാഹത്ത് ഇൻഡോറിയുടെ പ്രസിദ്ധമായ ഗസലിലെ വരികൾ ആലപിച്ചുകൊണ്ടാണ് വിമർശകർക്ക് മറുപടി നൽകിയത്.
‘എതിർക്കുന്നവർ എതിർക്കട്ടെ, ജീവനൊന്നും പോകില്ലല്ലോ… ഇവിടുത്തെ മണ്ണിൽ എല്ലാവരുടെയും ചോര കലർന്നിട്ടുണ്ട്. ഹിന്ദുസ്ഥാൻ ആരുടെയും പിതാവിന്റെ സ്വത്തല്ല’ എന്ന അർഥം വരുന്ന വരികളാണ് അദ്ദേഹം വേദിയിൽ അവതരിപ്പിച്ചത്. ദിൽജിത്തിന്റെ പരിപാടിക്ക് മുന്നോടിയായി ഇൻഡോർ മേയറുടെ ഓഫീസിലേക്കും മൂന്ന് ബാങ്കുകളിലേക്കും സ്വകാര്യ സ്കൂളുകളിലേക്കും ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഭീഷണി പ്രഥമദൃഷ്ട്യാ വ്യാജമാണെന്ന് കണ്ടെത്തി.
പരിപാടിക്ക് മണിക്കൂറുകൾക്ക് മുമ്പാണ് അധികൃതരിൽനിന്ന് അനുമതി ലഭിച്ചത്. വനിതാ-ശിശു വികസന വകുപ്പിന്റെ എതിർപ്പും ഹൈക്കോടതി നിർദേശവും പരിഗണിച്ച് നാല് ഗാനങ്ങൾ ഒഴിവാക്കാനും നിർദേശമുണ്ടായിരുന്നു. കുട്ടികളിൽ മോശം സ്വാധീനം ചെലുത്തുമെന്ന വിലയിരുത്തലിനെ തുടർന്ന് ‘പട്യാല പെഗ്’, ‘ഫൈവ് താര’, ‘കേസ്’, ‘ജട്ട് ഉത്തെ ഫയർ കർദാ’ എന്നീ ഗാനങ്ങൾ അവതരിപ്പിക്കരുതെന്ന് പോലീസ് നിർദേശിച്ചു. ദിലൈറ്റ് ദസ്തൂർ ഗ്രൗണ്ടിൽ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് സംഗീതനിശ നടന്നത്. മുന്നൂറിലധികം പോലീസുകാരെയും ആയിരത്തിലധികം വോളന്റിയർമാരെയും വിന്യസിച്ചിരുന്നു. ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും പ്രത്യേക സുരക്ഷാ സേനയും സ്ഥലത്ത് നിലയുറപ്പിച്ചു.
ദിൽജിത്തിന്റെ ‘ഓറ ഇന്ത്യ ടൂർ 2026’-ന്റെ ഭാഗമായാണ് ഇൻഡോറിൽ സംഗീതനിശ സംഘടിപ്പിച്ചത്. ഒക്ടോബർ 30ന് ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ടൂറിലെ ആദ്യ പരിപാടിക്കും തുടക്കത്തിൽ പോലീസ് അനുമതി നിഷേധിച്ചിരുന്നു.ഡിസംബർ 20 വരെ ഇന്ത്യയിൽ തുടരുമെന്നും ടൂറിന്റെ ഭാഗമായി നിശ്ചയിച്ചിരിക്കുന്ന എല്ലാ പരിപാടികളും പൂർത്തിയാക്കിയ ശേഷമേ രാജ്യം വിടുകയുള്ളൂവെന്നും ദിൽജിത് ആരാധകർക്ക് ഉറപ്പുനൽകി.
