‘അറുപത്തിയൊന്നാം വയസിലും ഇത്രയും ചാരുതയോ?’; നീരജ് മാധവിന്റെ അമ്മയുടെ നൃത്തവീഡിയോ വൈറൽ

നടൻ നീരജ് മാധവിന്റെ അമ്മ ലതാ മാധവിന്റെ ഭരതനാട്യ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കോഴിക്കോട് തളി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് അവതരിപ്പിച്ച നൃത്തത്തിന്റെ വീഡിയോ നീരജ് മാധവ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അറുപത്തിയൊന്നാം വയസിലും അതിമനോഹരമായ ചുവടുകളോടെയും ചാരുതയോടെയും നൃത്തം ചെയ്യുന്ന ലതാ മാധവിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

കുട്ടിക്കാലം മുതൽ ശാസ്ത്രീയനൃത്തത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയാണ് അമ്മയെന്ന് വീഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ നീരജ് പറയുന്നു. സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ വിജയിയായിരുന്ന അമ്മ പിന്നീട് അധ്യാപനരംഗത്തേക്ക് കടക്കുകയായിരുന്നു. കരിയറും കുടുംബജീവിതവും ഉത്തരവാദിത്തങ്ങളുമായി മുന്നോട്ടുപോയപ്പോൾ നൃത്തം ജീവിതത്തിൽ പിന്നിലേക്ക് മാറിയെങ്കിലും ആ കലയോടുള്ള സ്നേഹം ഒരിക്കലും ഉപേക്ഷിച്ചിരുന്നില്ല.

അവസരം ലഭിക്കുമ്പോഴെല്ലാം അമ്മ നൃത്തം അഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അധ്യാപനജീവിതത്തിൽനിന്ന് വിരമിച്ച ശേഷം നൃത്തത്തിനായി കൂടുതൽ സമയം മാറ്റിവെച്ചിരിക്കുകയാണ് ലതാ മാധവ്. സ്കൂൾകാലത്തെ അതേ ആവേശത്തോടെയും ആത്മാർഥതയോടെയും മണിക്കൂറുകളോളം, ചിലപ്പോൾ അർധരാത്രി വരെയും അമ്മ പരിശീലനം നടത്താറുണ്ടെന്നും നീരജ് കുറിച്ചു. കലയോടുള്ള നിഷ്കളങ്കമായ പ്രണയമാണ് ഈ സമർപ്പണത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൃത്തഗുരു ദീപ്തി പരോളിന്റെ കീഴിലാണ് ലതാ മാധവ് ഇപ്പോൾ നൃത്തം അഭ്യസിക്കുന്നത്. വിവിധ വേദികളിൽ ഇതിനോടകം തന്നെ അവർ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ കോഴിക്കോട് തളി ക്ഷേത്രത്തിൽ നടന്ന നവരാത്രി ആഘോഷത്തിനിടെ അമ്മയുടെ ഭരതനാട്യപ്രകടനം നേരിട്ട് കാണാൻ നീരജിന് അവസരം ലഭിച്ചു. ആ അനുഭവം തന്നെ വൈകാരികമായി ഏറെ സ്പർശിച്ചെന്നും അമ്മയുടെ പ്രകടനം കണ്ട് കണ്ണുനിറഞ്ഞുപോയെന്നും താരം കുറിപ്പിൽ വെളിപ്പെടുത്തി.

തനിച്ചൊരു സമ്പൂർണ ഭരതനാട്യക്കച്ചേരി അവതരിപ്പിക്കുക എന്നതാണ് അമ്മയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നമെന്നും അത് സാക്ഷാത്കരിക്കാൻ കുടുംബം ഒപ്പമുണ്ടാകുമെന്നും നീരജ് ഉറപ്പുനൽകി.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ലതാ മാധവിന്റെ നൃത്തമികവിനെ പ്രശംസിച്ച് കമന്റുകളുമായി എത്തുന്നത്. അറുപത്തിയൊന്നാം വയസിലും ചുവടുകളിലെ കൃത്യതയും മുഖത്തെ പ്രസന്നതയും നൃത്തത്തിലെ മനോഹാരിതയും നിലനിർത്തുന്ന അമ്മയുടെ പ്രകടനം പ്രായം സ്വപ്നങ്ങൾക്കും കലാസ്നേഹത്തിനും ഒരിക്കലും തടസമല്ലെന്ന സന്ദേശം കൂടിയാണ് നൽകുന്നത്.