നീ തൂവൽ പോലേ കാറ്റിൽ വന്നെൻ നെഞ്ചിൽ തൊട്ടില്ലേ..! സന്തോഷം പങ്കുവെച്ച് ഷെയ്ൻ, ആരാധകർക്ക് ഒരു ചോദ്യം മാത്രം

ആർഡിഎക്സ് എന്ന് വമ്പൻ വിജയ ചിത്രത്തിലൂടെ ആരാധകരുടെ പ്രിയ താരജോഡികളായി ആയിരിക്കുകയാണ് ഷെയ്ൻ നി​ഗമും മഹിമ നമ്പ്യാരും. ഇപ്പോൾ, ഷെയ്ൻ നി​ഗത്തിന്റെ നായികയായി മഹിമ വീണ്ടും എത്തുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. ലിറ്റിൽ ഹാർട്സ് എന്ന…

ആർഡിഎക്സ് എന്ന് വമ്പൻ വിജയ ചിത്രത്തിലൂടെ ആരാധകരുടെ പ്രിയ താരജോഡികളായി ആയിരിക്കുകയാണ് ഷെയ്ൻ നി​ഗമും മഹിമ നമ്പ്യാരും. ഇപ്പോൾ, ഷെയ്ൻ നി​ഗത്തിന്റെ നായികയായി മഹിമ വീണ്ടും എത്തുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിലാണ് ഷെയ്നിന്റെ നായികയായി മഹിമ എത്തുക. ഷെയ്ൻ തന്നെ ഈ സന്തോഷ വാർത്ത പങ്കുവച്ചിട്ടുമുണ്ട്. “ആർഡിഎക്സിന് ശേഷം ഞാനും മഹിമയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിറ്റിൽ ഹാർട്സ്.

ആത്മബന്ധങ്ങളുടെ കഥ പറയുന്ന ഈ സിനിമ നിങ്ങൾ ഏവർക്കും പ്രിയപ്പെട്ടതായിതീരുമെന്ന് ഞാൻ കരുതുന്നു…”, എന്നാണ് ഷെയ്ൻ കുറിച്ചത്. പിന്നാലെ ആരാധകർ കമന്റുകളുമായി എത്തുകയും ചെയ്തു. ലിറ്റിൽ ഹാർട്സിൽ എങ്കിലും മിനിയും റോബർട്ടും ഒന്നിക്കുമോയെന്നാണ് ആരാധകരുടെ ചോദ്യം. ആർഡിഎക്സിൽ ഇരുവരും ചെയ്ത കഥാപാത്രങ്ങളുടെ പേരാണ് മിനിയും റോബർട്ടും. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിറ്റിൽ ഹാർട്സ്.

സാന്ദ്രാ തോമസ് പ്രൊഡക്ഷൻ ആണ് നിർമാണം. ഇവരുടെ രണ്ടാമത്തെ പ്രൊഡക്ഷൻ കൂടിയാണിത്. ഷെയ്ൻ നി​ഗം നായകനാകുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ധ്യാൻ ശ്രീനിവാസൻ, ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, അനഘ, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തും.