എഴുപതിൽപ്പരം സിനിമകൾക്ക് തിരക്കഥയെഴുതിയ ഒരു മുഖ്യ മന്ത്രി..

എഴുപതിൽപ്പരം സിനിമകൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട് തമിഴ്നാടിന്റെ ഈ മുൻ മുഖ്യമന്ത്രി എന്ന് പറയുമ്പോൾ ചിലർക്കെങ്കിലും വിശ്വസിക്കാൻ പ്രയാസമുണ്ടാകും. പക്ഷെ സത്യമാണ്.. എം കരുണാനിധി.. എൺപത്തിയെട്ട് വയസുവരെ അദ്ദേഹം സിനിമാലോകത്ത് നിന്നു. 2011ൽ പുറത്തുവന്ന ‘പൊന്നർശങ്കർ’ വരെ…

എഴുപതിൽപ്പരം സിനിമകൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട് തമിഴ്നാടിന്റെ ഈ മുൻ മുഖ്യമന്ത്രി എന്ന് പറയുമ്പോൾ ചിലർക്കെങ്കിലും വിശ്വസിക്കാൻ പ്രയാസമുണ്ടാകും. പക്ഷെ സത്യമാണ്.. എം കരുണാനിധി.. എൺപത്തിയെട്ട് വയസുവരെ അദ്ദേഹം സിനിമാലോകത്ത് നിന്നു. 2011ൽ പുറത്തുവന്ന ‘പൊന്നർശങ്കർ’ വരെ ഏതാണ്ട് അറുപതുവർഷത്തോളം നീണ്ടുനിന്ന ചലച്ചിത്രജീവിതം. ശിവാജിഗണേശന്റെ ആദ്യചിത്രമായ ‘പരാശക്തി’യായിരുന്നു കരുണാനിധിയെ തമിഴ് തിരക്കഥാകാരന്മാരിൽ പ്രധാനിയാക്കിയത്.സാമൂഹികമാറ്റത്തിനായി വാദിക്കുന്ന തീപാറുന്ന സംഭാഷണങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനകളുടെ സവിശേഷത.

സിനിമയിലൂടെ തന്റെ ആത്മസുഹൃത്തായി മാറിയ ജനപ്രിയനടൻ എം.ജി രാമചന്ദ്രനുമായി പിൽക്കാലത്തുണ്ടായ അധികാരത്തർക്കം തമിഴ്രാഷ്ട്രീയത്തിന്റെ ഭാവിയെത്തന്നെ മാറ്റിയ ഡിഎംകെയുടെ പിളർപ്പിനും അണ്ണാഡിഎംകെയുടെ ഉദയത്തിനും കാരണമായത് ചരിത്രം.. എംജിആറിന് വെല്ലുവിളിയായി തന്റെ മകൻ എം.കെ മുത്തുവിനെ നായകനാക്കി ഉയർത്തിക്കൊണ്ടുവരാനുള്ള കരുണാനിധിയുടെ ശ്രമങ്ങൾ പക്ഷെ പരാജയപ്പെട്ടു..
തിരക്കഥാരചന കൂടാതെ ഏതാനും ചിത്രങ്ങൾക്ക് ഗാനങ്ങൾ രചിക്കാനും അദ്ദേഹം സമയം കണ്ടെത്തി. തിരക്കഥകൾ കൂടാതെ നൂറിലേറെ പുസ്തകങ്ങളും കരുണാനിധി രചിച്ചു. ഈ തിരക്കുകൾക്കിടയിൽ എങ്ങനെ ഇത്രയും ബൃഹത്തായ ഒരു രചനാജീവിതം ഇദ്ദേഹത്തിന് സാധ്യമായി എന്നത് ഒരു അത്ഭുതമായി അവശേഷിക്കുന്നു…