പിതാവിന്റെ കേസ് ഡയറി വെള്ളിത്തിരയിലെത്തിക്കാന്‍ എംഎ നിഷാദ്!!

നായകനായും സംവിധായകനായും മലയാള സിനിമയില്‍ തന്റേതായ ഇടം പിടിച്ച താരമാണ് എംഎ നിഷാദ്. പ്രഥ്വിരാജിനെ നായകനാക്കിയൊരുക്കിയ പകല്‍ എന്ന ചിത്രത്തിലൂടെയാണ് നിഷാദ് സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നഗരം, മമ്മൂട്ടിയെ നായകനാക്കി ബസ്റ്റ്…

നായകനായും സംവിധായകനായും മലയാള സിനിമയില്‍ തന്റേതായ ഇടം പിടിച്ച താരമാണ് എംഎ നിഷാദ്. പ്രഥ്വിരാജിനെ നായകനാക്കിയൊരുക്കിയ പകല്‍ എന്ന ചിത്രത്തിലൂടെയാണ് നിഷാദ് സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നഗരം, മമ്മൂട്ടിയെ നായകനാക്കി ബസ്റ്റ് ഓഫ് ലക്ക്, സുരേഷ് ഗോപി നായകനായ ആയുധം, ജയസൂര്യയുടെ വൈരം, 66 മധുരബസ്, കിണര്‍, തെളിവ്, ഭാരത് സര്‍ക്കസ്, അയ്യര്‍ ഇന്‍ അറേബ്യ എന്നിങ്ങനെ പത്തു ചിത്രങ്ങള്‍ നിഷാദിന്റെ സംവിധാനത്തില്‍ പിറന്നിട്ടുണ്ട്.

ടുമെന്‍ എന്ന ചിത്രത്തിലൂടെ നായകനായും താരം സിനിമാ ലോകത്ത് ഇടംപിടിച്ചു. ഇപ്പോഴിതാ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ഇത്തവണ തന്റെ പിതാവിന്റെ കേസ് ഡയറിയാണ് താരം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എം. കുഞ്ഞിമൊയ്തീന്റെ കേസ് ഡയറിയില്‍ നിന്നുമാണ് പുതിയ ചിത്രമൊരുങ്ങുന്നത്.

ദീര്‍ഘകാലം ക്രൈംബ്രാഞ്ച് എസ്.പി.യായും, പിന്നീട് ഇടുക്കി എസ്.പി.യായും, പ്രവര്‍ത്തിച്ചു പോന്ന കുഞ്ഞി മെയ്തീന്‍ മധ്യമേഖല ഡി.ഐ.ജിയായും, ക്രൈംബ്രാഞ്ച് ഡി. ഐ.ജിയായും പ്രവര്‍ത്തിച്ചാണ് സര്‍വ്വീസ്സില്‍ നിന്നും വിരമിച്ചത്. വിശിഷ്ട സേവനത്തിന് രണ്ടു പ്രാവശ്യം പ്രസിഡന്റിന്റെ സ്വര്‍ണ്ണ മെഡലും കരസ്ഥമാക്കിയിട്ടുണ്ട്.

സര്‍വ്വീസ്സിലെ അദ്ദേഹത്തിന്റെ കേസ് അന്വേഷണങ്ങള്‍ ഏറെ പ്രശസ്തമാണ്. പ്രമാദമായ പല കേസുകളുടേയും ചുരുളുകള്‍ നിവര്‍ത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ കേസ് ഡയറിയിലെ ഒരു കേസാണ് മകന്‍ നിഷാദിലൂടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. നിഷാദ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ ശ്രദ്ധേയമായൊരു വേഷനും നിഷാദ് ചെയ്യുന്നുണ്ട്.

പൂര്‍ണ്ണമായും ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കും ചിത്രം. മലയാളത്തിലെ ശ്രദ്ധേയമായ താരങ്ങള്‍ ചിത്രത്തിലണിനിരക്കും. ഏപ്രില്‍ പന്ത്രണ്ടിനാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച്. താരങ്ങളുടെ വിവരങ്ങളും അപ്പോള്‍ പുറത്തുവിടും. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസ്സറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഏപ്രില്‍ ഇരുപത്തി രണ്ടിന് കോട്ടയത്താണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.