പുതുമുഖ നടനെയാണ് നജീബായിട്ട് മനസില്‍ കണ്ടത്!!! പ്രൊഡക്ഷന്‍ വര്‍ക്കുകളും തുടങ്ങി, ആടുജീവിതം ഉപേക്ഷിക്കാന്‍ കാരണം വ്യക്തമാക്കി ലാല്‍ ജോസ്

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസിയൊരുക്കിയ ആടുജീവിതം തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടുകയാണ്. മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡിട്ട് കുതിയ്ക്കുകയാണ് ആടുജീവിതം. നജീബായെത്തി പൃഥ്വിരാജ് സ്‌ക്രീനില്‍ ജീവിയ്ക്കുകയായിരുന്നു. ബെന്യാമിന്റെ ആടുജീവിതം നോവലാണ് ബ്ലെസി വെള്ളിത്തിരയിലേക്ക് എത്തിച്ചിരിക്കുന്നത്. ഇപ്പോഴിതാ…

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസിയൊരുക്കിയ ആടുജീവിതം തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടുകയാണ്. മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡിട്ട് കുതിയ്ക്കുകയാണ് ആടുജീവിതം. നജീബായെത്തി പൃഥ്വിരാജ് സ്‌ക്രീനില്‍ ജീവിയ്ക്കുകയായിരുന്നു. ബെന്യാമിന്റെ ആടുജീവിതം നോവലാണ് ബ്ലെസി വെള്ളിത്തിരയിലേക്ക് എത്തിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ബ്ലെസിയ്ക്ക് മുന്‍പേ ആടുജീവിതം സിനിമയാക്കാന്‍ ഒരുങ്ങിയിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ആടുജീവിതം നോവല്‍ സിനിമയാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് നോവലിസ്റ്റ് ബെന്യാമിനെ സമീപിച്ചിരുന്നെന്നും ലാല്‍ജോസ് പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് ലാല്‍ ജോസിന്റെ വെളിപ്പെടുത്തല്‍.

ഇപ്പോഴിതാ ആടുജീവിതം ചെയ്യുന്നില്ലെന്ന് തീരുമാനിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ആടുജീവിതം സിനിമയാക്കാന്‍ പ്രൊഡക്ഷന്‍ കമ്പനി വരെ തുടങ്ങിയിരുന്നെന്നും അദ്ദേഹം പറയുന്നു.’ആടുജീവിതം നോവല്‍ വായിച്ച് തീര്‍ത്ത സമയത്ത് തന്നെ ഇതില്‍ ഒരു സിനിമയ്ക്കുള്ള കഥയുണ്ടെന്ന് മനസിലായി. സിനിമയാക്കിയാല്‍ കൊള്ളാമെന്നും എനിക്ക് തോന്നി. അതിന് വേണ്ടി ബഹ്റൈനില്‍ പോയി ബെന്യാമിനുമായി സംസാരിക്കുകയും ചെയ്തിരുന്നു.’

ബെന്യാമിന് ആ സമയത്ത് ഓക്കെ പറഞ്ഞിരുന്നു. പിന്നീട് സിനിമ ആര് പ്രൊഡ്യൂസ് ചെയ്യുമെന്ന് ആലോചിച്ചു, അങ്ങനെ, സ്വന്തമായി തന്നെ പ്രൊഡക്ഷന്‍ കമ്പനിയും തുടങ്ങി. എല്‍.ജെ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു കമ്പനിയുടെ പേര്. ഒരു പുതുമുഖ നടനെയായിരുന്നു നജീബായിട്ട് മനസില്‍ കണ്ടിരുന്നത്. കാരണം ഈ സിനിമയിലെ ഫിസിക്കല്‍ ട്രാന്‍സ്ഫോര്‍മേഷന് വേണ്ടി ഒരുപാട് സമയം മാറ്റിവെക്കേണ്ടി വരും.

സൂപ്പര്‍ താരത്തിനെ കൊണ്ട് അത്ര വലിയ റിസ്‌ക് എടുപ്പിക്കാന്‍ താത്പര്യമില്ലായിരുന്നു. അതുപോലെ ഈ സിനിമയിലേക്ക് വിദേശത്ത് നിന്നുള്ള ഒരു പ്രൊഡക്ഷന്‍ കമ്പനിയെയും നോക്കിയിരുന്നു. പ്രീ പ്രൊഡക്ഷനും നാട്ടിലെ സീക്വന്‍സുകളും പോസ്റ്റ് പ്രൊഡക്ഷനുമെല്ലാം എല്‍.ജെ ഫിലിസും, വിദേശത്തെ ഷൂട്ടിന് വിദേശത്തെ പ്രൊഡക്ഷന്‍ കമ്പനിയും, അങ്ങനെയായിരുന്നു പ്ലാന്‍ എന്നാണ് ലാല്‍ ജോസ് പറയുന്നത്.

സിനിമയുടെ ബാക്കി പരിപാടികളുമായി മുന്നോട്ട് പോയ്ക്കൊണ്ടിരുന്നപ്പോളാണ് ബെന്യാമിന്‍ വിളിയ്ക്കുന്നത്. ബ്ലെസിയും നോവല്‍ സിനിമയാക്കാന്‍ വേണ്ടി സമീപിച്ചിട്ടുണ്ടന്നും സ്‌ക്രിപ്റ്റ് പകുതിയോളം എഴുതിയിട്ടുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് ബ്ലെസിയുമായി സംസാരിച്ചു, അദ്ദേഹത്തിന് പ്രൊജക്ടിലുള്ള വിശ്വാസവും കണ്ട് ഞാന്‍ പിന്മാറി. ഇത്രയും മികച്ചതായിട്ട് തന്നെ ബ്ലെസി ആടുജീവിതം ഒരുക്കുമെന്ന് അന്നേ മനസ്സിലായിരുന്നെന്നും ലാല്‍ ജോസ് പറഞ്ഞു.