കമോണ്‍ഡ്രാ മഹേഷേ, ഈ നിമിഷത്തിന് വേണ്ടിയാണ് കാത്തിരുന്നത്!!! ബാലയെയും ആറാട്ടണ്ണനെയും വിനായകനെയും അനുകരിച്ച് മഹേഷിന്റെ തിരിച്ചുവരവ്

വാഹനാപകടത്തിനെ അതിജീവിച്ച് ഇടവേളയ്ക്ക് ശേഷം അതിഗംഭീരമായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മിമിക്രി താരം മഹേഷ് കുഞ്ഞുമോന്‍. രജനീകാന്ത് ചിത്രം ജയിലര്‍ സിനിമയിലെ താരങ്ങളുടെ ശബ്ദം കൃത്യമായി അനുകരിച്ചാണ് മഹേഷ് തന്റെ ശക്തമായ തിരിച്ചുവരവ് അറിയിച്ചിരിക്കുന്നത്. തന്റെ…

വാഹനാപകടത്തിനെ അതിജീവിച്ച് ഇടവേളയ്ക്ക് ശേഷം അതിഗംഭീരമായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മിമിക്രി താരം മഹേഷ് കുഞ്ഞുമോന്‍. രജനീകാന്ത് ചിത്രം ജയിലര്‍ സിനിമയിലെ താരങ്ങളുടെ ശബ്ദം കൃത്യമായി അനുകരിച്ചാണ് മഹേഷ് തന്റെ ശക്തമായ തിരിച്ചുവരവ് അറിയിച്ചിരിക്കുന്നത്.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച സ്പൂഫ് വിഡിയോ മിനിറ്റുകള്‍ക്കകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. വിനായകനും ആറാട്ടണ്ണനും ബാലയും തമ്മിലുള്ള പോരാണ് വീഡിയോയുടെ ആശയം.

രണ്ടു മാസമായി വീട്ടില്‍ തന്നെയാണെന്നും പഴയ ഐറ്റങ്ങളെല്ലാം വെറുതെ ചെയ്ത് നോക്കാറുണ്ടായിരുന്നു. കുറേ നാളുകള്‍ക്ക് ശേഷമാണ് വീഡിയോയുമായി വരുന്നതെന്നും മഹേഷ് യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. പതുക്കെ ആരോഗ്യം തിരിച്ചെടുക്കുകയാണെന്ന സന്തോഷവും മഹേഷ് വീഡിയോയില്‍ പങ്കുവച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഇനിയും ഓപ്പറേഷനുകള്‍ ബാക്കിയുണ്ടെന്നും മഹേഷ് പറയുന്നുണ്ട്. പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

‘ഈ കഴിവ് ഒരു അപകടത്തിനും കൊണ്ടുപോകാന്‍ കഴിയില്ല, കമോണ്‍ഡ്രാ മഹേഷേ, ഈയൊരു നിമിഷത്തിന് വേണ്ടി എത്ര പ്രാര്‍ഥനയോടെയും ആകാംക്ഷയോടെയുമാണ് കാത്തിരുന്നതെന്ന് പറഞ്ഞറിയിക്കാനാകില്ല, ഈ ഓണത്തിന് ഏറ്റവും സന്തോഷം കിട്ടിയതും മനസ്സ് നിറഞ്ഞതുമായ വിഡിയോ.മിമിക്രിയില്‍ എതിരാളികള്‍ ഇല്ലാത്ത രാജാവേ, നിങ്ങളില്ലാതെ എന്ത് ഓണം മലയാളികള്‍ക്ക്, മിമിക്രിയെക്കാളും മഹേഷിനെ പഴയതു പോലെ കണ്ടപ്പോള്‍ സന്തോഷം, എല്ലാം പഴയതിനേക്കാള്‍ അടിപൊളി ആവും, കഴിവൊന്നും എവിടെയും പോയിട്ടില്ല’, എന്നിങ്ങനെയാണ് ആരാധകര്‍ സ്‌നേഹം അറിയിക്കുന്നത്.

ജൂണ്‍ അഞ്ചിന് തൃശ്ശൂരില്‍ വച്ചാണ് കൊല്ലം സുധിയുടെ മരണത്തിന് കാരണമായ അപകടം നടന്നത്. വടകരയില്‍ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ കൊല്ലം സുധിയെ രക്ഷിക്കാനായില്ല. അപകടത്തില്‍ നടന്‍ ബിനു അടിമാലിയ്ക്കും പരിക്കേറ്റിരുന്നു. താരവും ആരോഗ്യപ്രശ്‌നങ്ങളെ അതിജീവിച്ച് വരികയാണ്.