ആണുങ്ങളാണോ മേക്കപ്പ് ചെയ്യുന്നത് ? ; കരിയറിനെക്കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി എസ് 

കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് ഉണ്ണി പിഎസ്. നടി കാവ്യ മാധവൻ അടക്കമുള്ള മുൻനിര സിനിമാ താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് ഉണ്ണി. താരങ്ങളോടൊപ്പമുള്ള ചിത്രങ്ങളിലും വീഡിയോകളിലുമൊക്കെ ഉണ്ണി നിരന്തരം …

കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് ഉണ്ണി പിഎസ്. നടി കാവ്യ മാധവൻ അടക്കമുള്ള മുൻനിര സിനിമാ താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് ഉണ്ണി. താരങ്ങളോടൊപ്പമുള്ള ചിത്രങ്ങളിലും വീഡിയോകളിലുമൊക്കെ ഉണ്ണി നിരന്തരം   പ്രത്യക്ഷപ്പെടുന്നത് കൊണ്ട് തന്നെ ഉണ്ണിക്ക് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ഉണ്ണി പിഎസ്. ദിലീപിന്റെയും കാവ്യാ മാധവന്റെയുംവിവാഹ ശേഷമാണ് ഉണ്ണി ശ്രദ്ധിക്കപ്പെടുന്നത്. വിവാഹത്തിന് കാവ്യയെ അണിയിച്ചൊരുക്കിയത് ഉണ്ണി ആയിരുന്നു. എന്നാൽ അതിനും വർഷങ്ങൾക്ക് മുൻപേ താൻ ഈ മേഖലയിൽ സജീവമായിരുന്നു എന്ന് പറയുകയാണ് ഉണ്ണി ഇപ്പോൾ. നടി കല്പനയെ മേക്കപ്പ് ചെയ്ത ഉണ്ണിയുടെ കരിയറിൽ വലിയൊരു ബ്രേക്കാണ് കാവ്യയുടെ രണ്ടാം വിവാഹത്തിന് മേക്കപ്പ് ചെയ്ത ശേഷം ഉണ്ടായത്. ഇപ്പോഴിതാ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ ആഭിമുഖത്തിൽ തന്റെ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഉണ്ണി പിഎസ്. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ ആർട്ടുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രൊഫഷനിൽ ഞാൻ എത്തിപ്പെടുമെന്ന് എനിക്ക് അറിയാമായിരുന്നു. ആ സമയത്ത് ഞാൻ ഡാൻസ് ചെയ്യുമായിരുന്നു. പരിപാടികൾക്ക് സ്വന്തമായാണ് മേക്കപ്പ് ചെയ്തിരുന്നത്. അങ്ങനെയാണ് ഞാൻ ഈ ഒരു കരിയർ  തുടങ്ങുന്നത്. പിന്നീട് ഒരു സുഹൃത്ത് വഴി സിനിമാ ഇൻഡസ്ട്രിയിലേക്ക് മറ്റൊരാളുടെ അസിസ്റ്റന്റായി എത്തുകയായിരുന്നു. എന്നാൽ ഈ പ്രൊഫഷൻ തെരഞ്ഞെടുക്കുമ്പോൾ എന്നെ ആരും പിന്തുണച്ചിരുന്നില്ല, കാരണം ഇതൊരു പ്രൊഫഷനാണെന്ന് ആർക്കും അറിവില്ലായിരുന്നു എന്നതാണ് സത്യം. ഞാൻ തുടങ്ങുന്ന സമയത്ത് സമൂഹത്തിൽ നിന്നും ഇത്രയും പിന്തുണ ഉണ്ടായിരുന്നില്ല. ഞാൻ സാധാരണ കുടുംബത്തിൽ നിന്നാണ് വരുന്നത്. അച്ഛൻ ഡ്രൈവറും അമ്മയ്ക്ക് തയ്യലുമാണ്. ഇപ്പോൾ ഞാൻ നിൽക്കുന്ന ഈ ഒരു സ്റ്റേജ് ഞാൻ അന്നൊന്നും സ്വപ്നം പോലും കണ്ടിരുന്നതല്ല. ഒരു വീട് വേണം എന്നതായിരുന്നു എന്റെ ആകെയുള്ള സ്വപ്നം. ഇന്റീരിയർ ഡിസൈനിങ് പഠിച്ചിട്ടുള്ളത് കൊണ്ട് അത് നല്ല രീതിയിൽ ഡിസൈൻ ചെയ്യണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു.

എന്നാൽ ആ സ്വപ്നം ഞാൻ എങ്ങനെ സാക്ഷാത്കരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു’, ഉണ്ണി പറഞ്ഞു. കരിയറിന്റെ തുടക്കത്തിൽ ആണുങ്ങളാണോ മേക്കപ്പ് ചെയ്യുന്നത്, എന്ന ചോദ്യം ഒരുപാട് കേട്ടിരുന്നു. അത് സ്ത്രീകളുടെ മാത്രം പ്രൊഫഷനാണ് എന്ന് കരുതിയിരുന്ന കാലമായിരുന്നു അത്. പാർലറിൽ പോയി മേക്കപ്പ് ചെയ്ത് വരുന്നതായിരുന്നു ആളുകൾക്ക് അറിയുന്ന രീതി. ആ ഒരു സമയത്തേക്ക് ആണ് ഞാൻ ഈ ഫീൽഡിലേക്ക് എത്തുന്നത്. മേക്കപ്പ് എന്നത് വലിയ പ്രൊഫെഷനാണ് എന്നാണ് ഞാൻ പറയുന്നത്, അവിടെ ജെൻഡർ വ്യത്യാസം ഇല്ല. നിങ്ങൾ ടാലന്റഡ് ആണെങ്കിൽ, ഇതിനോട് പാഷൻ ഉണ്ടെങ്കിൽ ഉറപ്പായും തിളങ്ങാൻ കഴിയുന്ന ഫീൽഡാണ് ഇതെന്നും ഉണ്ണി പറയുന്നു. മുൻപും തന്റെ കരിയറിനെ കുറിച്ച് ഉണ്ണി സംസാരിച്ചിട്ടുണ്ട്. നടി കല്പനയ്ക്ക് മേക്കപ്പ് ചെയ്താണ് താൻ എസ്റ്റാബ്ലിഷ്ഡ് ആയതെന്നാണ് ഉണ്ണി ഒരിക്കൽ പറഞ്ഞത്. കുറേക്കാലം കഷ്ടപ്പെട്ടിട്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. ഒരുപാട് വിഷയങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, എന്നാൽ ഉണ്ടായ പ്രശ്നങ്ങളെയെല്ലാം അതിജീവിച്ചാണ് മുന്നോട്ട് വന്നതെന്ന് ഉണ്ണി പറയുകയുണ്ടായി. കാവ്യയുടെ ഫീച്ചേഴ്സ് അടിപൊളിയാണ്, അതുകൊണ്ടുതന്നെ കാവ്യ മാധവനെ മേക്കപ്പ് ചെയ്യാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും ഉണ്ണി ഒരിക്കൽ പറയുകയുണ്ടായി. വിവാഹത്തിന് മുൻപേ ഞങ്ങൾ കൂട്ടുകാരാണ്. കാവ്യക്ക് ആഗ്രഹമായിരുന്നു ഞാൻ തന്നെ വിവാഹത്തിന് മേക്കപ്പ് ചെയ്യണമെന്നത്. കാവ്യയുടെ വിവാഹം തന്നെയാണ് എനിക്ക് കരിയർ ബ്രേക്ക് ആയത്. ഇപ്പോഴും കാവ്യയുടെ വിവാഹത്തിന് മേക്കപ്പ് ചെയ്ത ആളെന്നാണ് അറിയപ്പെടുന്നത് എന്നും ഉണ്ണി പറയുന്നു.