മലാല ഇനി അസീർ മാലിക്കിന് സ്വന്തം , പാക്കിസ്ഥാനിലേക്ക് തിരികെ പോകുമോ മലാല ?

നോബൽ സമ്മാന ജേതാവ് മലാല യൂസഫ്സായ് വിവാഹിതയായി. കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. പാകിസ്ഥാന്‍ ക്രിക്കറ്റ് ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണ് മലാലയുടെ വരന്‍. നവംബർ ഒൻപതിന് തന്റെ നിക്കാഹാണ് എന്നറിയിച്ചുകൊണ്ട് മലാല തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചത് ഇപ്രകാരമായിരുന്നു.‘ഇന്ന് എന്റെ ജീവിതത്തിലെ അമൂല്യമായി ദിവസമാണ്. ജീവിതത്തിലെ പങ്കാളികളാകാന്‍ അസീറും ഞാനും ഒന്നിച്ചു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തോടെ ബിര്‍മിംഗാമിലുള്ള വീട്ടില്‍ ലളിതമായ ചടങ്ങായിരുന്നു നിക്കാഹ്. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക. മുന്നോട്ടുള്ള ജീവിതയാത്രയില്‍ ഒരുമിച്ച് നടക്കാന്‍ ഞങ്ങള്‍ ആവേശത്തിലാണ്.’ പാക്കിസഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ശബ്ദമുയർത്തിയ മലാലയ്ക്ക് താലിബാനിൽ നിന്നും ആക്രമണം നേരിടേണ്ടി വന്നിരുന്നു.തുടർന്ന് നീണ്ട നാളത്തെ ചികിത്സയ്ക്ക് ഒടുവിലാണ് മലാല ജീവിതത്തിലേക്ക് തിരികെ വന്നത്. തുടർന്ന് 2014 ൽ തന്റെ പതിനേഴാം വയസിൽ മലാലയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയായിരുന്നു. ഇപ്പോൾ കുടുംബത്തിനൊപ്പം ബ്രിട്ടനിലാണ് മലാല താമസിക്കുന്നത്. വിവാഹത്തോടെ ഇനി പാക്കിസ്ഥാനിലേക്ക് തിരികെ പോകുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.