രാജുവിന് ഇത്തിരി ക്ഷമ കുറവാണ്… ഇന്ദ്രന് കൂടുതലും, ഒരുപാട് തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്: മല്ലിക സുകുമാരന്‍

താര കുടുംബമായ പൃഥ്വിരാജിന്റെ വീട്ട് വിശേഷങ്ങള്‍ എന്നും വാര്‍ത്താ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. പൊതുവെ താന്തോന്നിയെന്നും തന്റേടിയെന്നുമൊക്കെ ഒരു കാലത്ത് സിനമയ്ക്ക് അകത്തും പുറത്തും ഉള്ളവര്‍ പൃഥ്വി രാജിനെ പരിഹസിച്ചിരുന്നു. ഇന്ന് ആ പരിഹാസങ്ങളെ എല്ലാം കാറ്റില്‍ പറത്തി, വിമര്‍ശകരെകൊണ്ട് നല്ലത് പറയിച്ച് മലയാളം സിനിമാ ഇന്‍ഡസ്ട്രിയുടെ തന്നെ ഭാവി ആയിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്. അതിനിടെ പൃഥ്വിയേയും സിനിമയോടുള്ള മകന്റെ അടങ്ങാത്ത ആവേശത്തെയും കുറിച്ചൊക്കെ പങ്കുവയ്ക്കുകയാണ് നടിയും പൃഥ്വിയുടെ അമ്മയുമായ മല്ലിക സുകുമാരന്‍.

മകന്‍ പൃഥ്വിരാജിനെ താന്‍ ഒരുപാട് തിരുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലികയുടെ പ്രതികരണം.

‘തിരുത്താന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. എന്നുവച്ചാല്‍ അവരുടെ അഭിപ്രായ സ്വാതന്ത്യ്രത്തില്‍ ഇടപെട്ട് സംസാരിക്കുന്നതല്ല. രാജുവിന് അച്ഛന്റെ കൂട്ട് ഇത്തിരി ക്ഷമ കുറവാണ്. ഇന്ദ്രന് ഇത്തിരി കൂടിയും പോയി. ഇതൊക്കെ തുടക്കകാലത്തെ പ്രശ്‌നങ്ങളായിരുന്നു. രാജുവിനോട് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്, നീ ഒരു ക്യാമറയുടെയോ ലെന്‍സിന്റെയോ കാര്യം ചോദിക്കുമ്പോള്‍ പലര്‍ക്കും തോന്നും ഇന്നലെ വന്നവന് ക്യാമറയുടെ ലെന്‍സ് അറിയണമെന്ന്.

നീ ഇതൊക്കെ വായിച്ച് കുറച്ച് അറിയാവുന്ന കുട്ടിയാണെന്ന് അമ്മയ്ക്കും വീട്ടിലുമൊക്കെ അറിയാം. പക്ഷേ പുറത്തുള്ളവര്‍ക്ക് അറിയില്ല. അവരെ സംബന്ധിച്ച് നീ ഇന്നലെ വന്ന പുതുമുഖ നടനാണ്. അങ്ങനെയുള്ളരാള്‍ ചോദിക്കുമ്പോള്‍ വല്ലായ്മ തോന്നുന്ന സംവിധായകരും ക്യാമറാമാന്മാരും പ്രൊഡ്യൂസര്‍മാരുമൊക്കെയുണ്ടാകും. അതുകൊണ്ട് കുറച്ചുകൂടി പോട്ടെ. നിനക്കിതെല്ലാം ആധികാരികമായി പറയാന്‍ പറ്റുന്ന അവസരം ദൈവം കൊണ്ടുതരും’- മല്ലിക സുകുമാരന്റെ പറഞ്ഞു.

അതേസമയം, തന്റെ പുതിയ സിനിമ ആയ ആടു ജീവിതത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് പൃഥ്വിരാജ്. നോവലിസ്റ്റ് ബെന്യാമിന്റെ സൃഷ്ടിയില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ ആടു ജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. നോവലിലെ നജീബ് എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സഹാറ മരുഭൂമിയില്‍ പുരോഗമിക്കുകയാണ്.

നോവലിലെ കഥാപാത്രം വലിയ ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ട്. താന്‍ നേരിടുന്ന പ്രതിസന്ധി മനസ്സിന് മാത്രമല്ല, പ്രധാന കഥാപാത്രത്തിന്റെ ശരീരത്തെയും ബാധിക്കുന്നുണ്ട്. വായനക്കാരനെ പിടിച്ചിരുത്തുന്നതില്‍ നോവലിലെ കഥാപാത്രത്തിന്റെ ഈ മാറ്റം വളരെ പ്രധാന്യം അര്‍ഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആടുജീവിതത്തിനായി പൃഥ്വിരാജ് എന്ത് മെയ്ക്ക് ഓവര്‍ ആവും ചെയ്യുക എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. മുമ്പ് ചിത്രത്തിന്റേത് എന്ന രീതിയില്‍ ചില സ്റ്റില്ലുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അവയൊന്നും ചിത്രത്തിലേത് ആയിരുന്നില്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

Previous articleദുബായില്‍ വെച്ച് സന്തോഷവാര്‍ത്ത പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍..!! ആശംസകള്‍ നേര്‍ന്ന് ആരാധകര്‍..!!
Next articleസ്വന്തം അമ്മയുടെ അഭിനയം കണ്ട് പൃഥ്വിരാജിന്റെ കമന്റ്..!!