റോഷാക്കിന് ശേഷം മമ്മൂട്ടിയുടെ ഏജന്റ് എത്തുന്നു; റിലീസ് തീയതി പുറത്തുവിട്ടു

മമ്മൂട്ടി-നിസാം ബഷീര്‍ കൂട്ടുകെട്ടിലെത്തി മികച്ച വിജയം നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് റോഷാക്ക്. മൂന്നാം വാരത്തിലും ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ അടുത്ത ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. തെലുങ്ക് ചിത്രം…

മമ്മൂട്ടി-നിസാം ബഷീര്‍ കൂട്ടുകെട്ടിലെത്തി മികച്ച വിജയം നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് റോഷാക്ക്. മൂന്നാം വാരത്തിലും ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ അടുത്ത ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

തെലുങ്ക് ചിത്രം ഏജന്റാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്നത്. സൈറാ നരസിംഹ റെഡ്ഡി ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഏജന്റില്‍ മമ്മൂട്ടി നായക വേഷത്തിലല്ല എത്തുന്നത്. യുവതാരം അഖില്‍ അക്കിനേനി നായകനാവുന്ന ചിത്രത്തില്‍ ഒരു സുപ്രധാന റോളിലാണ് മമ്മൂട്ടി എത്തുക.

ഈ വര്‍ഷം ഒക്ടോബര്‍ 12 ന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രത്തിന്റെ റിലീസ് നീണ്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2023 സംക്രാന്തി റിലീസ് ആയി ചിത്രം എത്തുമെന്നാണ് നിര്‍മ്മാതാക്കളായ എ കെ എന്റര്‍ടെയ്ന്‍മെന്റ്‌സ് അറിയിച്ചിരിക്കുന്നത്. ജനുവരി 15 ന് ആണ് സംക്രാന്തി.

ഒരു പട്ടാള ഉദ്യോഗസ്ഥനാണ് മമ്മൂട്ടിയുടെ കഥാപാത്രം. മൂന്ന് വര്‍ഷത്തിനു മുന്‍പെത്തിയ യാത്രയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ഫിലിം സിരീസ് ആയ ‘ബോണി’ലെ കഥാപാത്രത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടതാവും അഖിലിന്റെ കഥാപാത്രമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുതുമുഖം സാക്ഷി വൈദ്യയാണ് നായിക. യാത്രയിലൂടെ നിരവധി ആരാധകരെ നേടിയ മമ്മൂട്ടി തെലുങ്കിലേക്ക് വീണ്ടും എത്തുന്നതിന്റെ ആഹ്‌ളാദത്തിലാണ് തെലുങ്ക് സിനിമാപ്രമികള്‍.