മമ്മൂക്കയ്ക്കും ടര്‍ബോയ്ക്കും വേണ്ടി ശത്രുസംഹാര പുഷ്പാഞ്ജലി നടത്തി ആരാധകന്‍!!

ആരാധകലോകം പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂക്കയുടെ മാസ് ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. പ്രതീക്ഷകള്‍ നിലനിര്‍ത്തിയിട്ടുണ്ട് ജോസേട്ടായിയെന്നാണ് പ്രതികരണങ്ങള്‍ നിറയുന്നത്. ജോസേട്ടായിയെ വരവേല്‍ക്കാന്‍് ആരാധകലോകം വലിയ ഒരുക്കങ്ങളാണ് നടത്തിയത്.

ചിത്രത്തിന്റെ റിലീസിന് മുന്‍പ് മമ്മൂട്ടിയുടെ പേരില്‍ ശത്രുസംഹാര വഴിപാട് നടത്തിയിരിക്കുകയാണ് ആരാധകന്‍. വഴിപാടെഴുതിയ ശീട്ടിന്റെ ചിത്രമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ടര്‍ബോയുടെ വിജയത്തിനും ശത്രുക്കളില്‍ നിന്നും മമ്മൂക്കയ്ക്ക് രക്ഷയ്ക്കും വേണ്ടിയാണ് ആരാധകന്‍ വഴിപാട് നടത്തിയിരിക്കുന്നത്.

‘മമ്മൂട്ടി, വിശാഖം നക്ഷത്രം. ശത്രുസംഹാര പുഷ്പാഞ്ജലി. മമ്മൂക്കയുടെ ടര്‍ബോ എന്ന സിനിമ ഇന്ന് റിലീസാകുകയാണ്. ലോകമെമ്പോടും.. എഴുപതോളം രാജ്യങ്ങളില്‍ റിലീസ് ചെയ്യുകയാണ്. മമ്മൂക്കയെ പലരും തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആ ശ്രമമൊക്കെ പോട്ടെ. അതിനായി ശത്രുസംഹാര പുഷ്പാഞ്ജലി. ഈ സിനിമ വമ്പന്‍ വിജയമായി തീരണം’, എന്നാണ് ആരാധകന്‍ പറയുന്നത്.

വഴിപാട് നടത്തുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. തൃശ്ശൂര്‍ ജില്ലയിലെ ഒളരിക്കര ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിലാണ് ആരാധകന്‍ വഴിപാട് നടത്തിയിരിക്കുന്നത്.