അന്നത്തെ പത്താം ക്ലാസുകാരി, പരിചയപ്പെടലിൽ ആദ്യ കൂടിക്കാഴ്ച ഒതുങ്ങി; പിന്നീട്…, പി വി ജിയെ ഓർത്ത് മഞ്ജു വാര്യർ

ഒരു പത്താം ക്ലാസുകാരിയായി പി വി ​ഗം​ഗാധരനെ ആദ്യം കണ്ടതിന്റെ ഓർമ്മ പങ്കുവെച്ച് നടി മഞ്ജു വാര്യർ. എല്ലാവരുടെയും പി വി ജി തനിക്ക് പി വി ജി അങ്കിളായിരുവെന്നും മഞ്ജു പറഞ്ഞു. മാതൃഭൂമിയുടെ…

ഒരു പത്താം ക്ലാസുകാരിയായി പി വി ​ഗം​ഗാധരനെ ആദ്യം കണ്ടതിന്റെ ഓർമ്മ പങ്കുവെച്ച് നടി മഞ്ജു വാര്യർ. എല്ലാവരുടെയും പി വി ജി തനിക്ക് പി വി ജി അങ്കിളായിരുവെന്നും മഞ്ജു പറഞ്ഞു. മാതൃഭൂമിയുടെ കണ്ണൂർ യൂണിറ്റ് ഉദ്ഘാടന ചടങ്ങിലാണ് പി വി ജി അങ്കിളിനെ ആദ്യം കാണുന്നത്. എം പി വീരേന്ദ്രകുമാർ സാറും ഒപ്പമുണ്ടായിരുന്നു. അന്ന് പത്താം ക്ലാസിൽ പഠിക്കുകയാണ്. ഉദ്ഘാടകനായ മുഖ്യമന്ത്രി കെ കരുണാകരൻ സാറിന് ദീപം കൈമാറുകയായിരുന്നു എന്റെ ചുമതല. അന്ന് സിനിമയിലെത്തിയിട്ടില്ല. അതുകൊണ്ട് പി വി ജി അങ്കിളിനോട് ഒരുപാടൊന്നും സംസാരിച്ചില്ല. പരിചയപ്പെടലിൽ ആദ്യ കൂടിക്കാഴ്ച ഒതുങ്ങിയെന്നും മഞ്ജു വാര്യർ പറഞ്ഞു.

അതൊരു ആത്മബന്ധത്തിന്റെ തുടക്കമാകും എന്ന് അപ്പോൾ അറിഞ്ഞിരുന്നില്ല. സല്ലാപം കഴിഞ്ഞ് പിന്നീട് അഭിനയിച്ച തൂവൽ കൊട്ടാരം നിർമ്മിച്ചത് പി വി ജി അങ്കിളിന്റെ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസായിരുന്നു. കുട്ടിക്കാലം തൊട്ടേ കേട്ടുവളർന്ന ഗൃഹലക്ഷ്മി എന്ന പേര്. ആ പേരിനൊപ്പം സഹകരിക്കുന്നതിന്റെ സന്തോഷമായിരുന്നു മനസിൽ. സെറ്റിൽ കണ്ടപ്പോൾ സിനിമയെക്കുറിച്ച് പി വി ജി അങ്കിളുമായി ധാരാളം സംസാരിച്ചു. സല്ലാപത്തെക്കുറിച്ച് ഒരുപാട് നല്ലവാക്കുകൾ അദ്ദേഹം പറഞ്ഞു. ഒരു വടക്കൻ വീരഗാഥ പോലുള്ള ചിത്രങ്ങൾ നിർമിച്ചതിന്റെ അനുഭവവും പങ്കുവെച്ചു.

തൂവൽകൊട്ടാരത്തിന് ഫിലിം ഫെയർ അവാർഡ് കിട്ടിയപ്പോൾ പി വി ജി അങ്കിളിനൊപ്പമാണ് പോയത്. സത്യൻ അങ്കിളും ജയറാമേട്ടനും ഒപ്പമുണ്ടായിരുന്നു. അന്ന് ബാബാ സൈഗാൾ സദസ്സിലുള്ളവരോട് ഒപ്പം പാടാൻ പറഞ്ഞപ്പോൾ എല്ലാവരും മടിച്ചു. പക്ഷേ പി വി ജി അങ്കിൾ ഒരു മൈക്ക് വാങ്ങി ബാബാ സൈഗാളിനൊപ്പം പാടി. ഒരു കൊച്ചുകുട്ടിയുടെ ആവേശമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെന്നും മഞ്ജു ഓർമ്മിച്ചു.