‘കഴിഞ്ഞ ദിവസമാണ് ആ വാർത്ത അറിഞ്ഞത്, വല്ലാതെ വേദനിപ്പിച്ചു; പൈസ മുടക്കിയിട്ട്…’, വെളിപ്പെടുത്തലുമായി നി‌ർമ്മാതാവ്

‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ സ്പിൻ ഓഫ് ചിത്രം ചെയ്യുന്നത് തന്നെ അറിയിച്ചിട്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി നിർമാതാവ് സന്തോഷ് ടി. കുരുവിള. ‘ന്നാ താൻ കേസ് കൊട്’ സിനിമയിലെ കഥാപാത്രങ്ങളെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണ…

‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ സ്പിൻ ഓഫ് ചിത്രം ചെയ്യുന്നത് തന്നെ അറിയിച്ചിട്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി നിർമാതാവ് സന്തോഷ് ടി. കുരുവിള. ‘ന്നാ താൻ കേസ് കൊട്’ സിനിമയിലെ കഥാപാത്രങ്ങളെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’. ‘ന്നാ താൻ കേസ് കൊട്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ നിർമ്മാതാവ് സന്തോഷ് ടി. കുരുവിളയായിരുന്നു. ഇപ്പോൾ ആ ചിത്രത്തിന്റെ സ്പിൻ ഓഫ് വരുമ്പോൾ തന്നെ അറിയിച്ചിട്ടില്ലെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്. അത് വ്യക്തിപരമായി വേദനയുണ്ടാക്കിയെന്നും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

സന്തോഷ് ടി. കുരുവിളയുടെ വാക്കുകൾ

“സിനിമയിൽ എനിക്ക് 99 ശതമാനവും നല്ല ഓർമകളാണുള്ളത്. പറയാനാണെങ്കിൽ ഇപ്പോൾ ഒരു ചീത്ത ഓർമ നിലവിലുണ്ട്. ചിലപ്പോളത് ചീത്ത ഓർമയൊന്നും ആയിരിക്കുകയുമില്ല. ഞാൻ നിർമിച്ച ‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ സ്പിൻ ഓഫ് എന്ന പേരിൽ മറ്റൊരു സിനിമയുടെ ഷൂട്ടിം​ഗ് ഇപ്പോൾ നടക്കുന്നുണ്ട്. രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് അതിന്റെയും സംവിധായകൻ. പക്ഷേ എന്നോടിതുവരെ അതിനെ പറ്റിയൊരു വാക്ക് പോലും ആരും ചോദിച്ചിട്ടില്ല. ആ സിനിമ എടുത്തോട്ടെ എന്ന് ആരും ചോദിച്ചിട്ടില്ല.

എനിക്ക് വേദനയുണ്ടെന്ന് വച്ച് അവർക്ക് സിനിമ ചെയ്യാതിരിക്കാൻ പറ്റിലല്ലോ. എന്നോട് ഒരുപാട് ആളുകൾ അതിനെതിരെ കേസ് കൊടുക്കാൻ പറഞ്ഞു. കേസിന് പോയാൽ തീർച്ചയായും വിജയിക്കുമെന്ന് ഉറപ്പുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതി കൊടുക്കാനും വക്കീലിനെ വയ്ക്കാനുമൊക്കെ ഒരുപാട് ആളുകൾ പറഞ്ഞു. പക്ഷേ ആ ചിത്രത്തിന്റെ നിർമാതാവിന്റെ പണവും അണിയറ പ്രവർത്തകരുടെ അധ്വാനവുമെല്ലാം ആ സിനിമയിലുമുണ്ട്“

ഞാൻ പൈസ മുടക്കി എഴുതിപ്പിച്ച് അദ്ദേഹത്തിന് പൈസ കൊടുത്ത സിനിമയിൽ നിന്നും സ്പിൻ ഓഫ് ചെയ്യുമ്പോൾ ആ ചിത്രത്തിനെ പറ്റി ഒരു സൂചന പോലും തന്നില്ല. അവർ സിനിമയെടുത്തോട്ടെ, താരങ്ങൾ അഭിനയിച്ചോട്ടെ, അതിലൊന്നും പ്രശനമില്ല. കഴിഞ്ഞ ദിവസമാണ് ഈ വാർത്ത ഞാനറിഞ്ഞത്. സത്യം പറഞ്ഞാൽ അതെനിക്ക് വേദനയുണ്ടാക്കി“