സുചിത്രയെക്കുറിച്ച് അന്ന് രജനീകാന്ത് പറഞ്ഞത് ഇങ്ങനെ! ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോൾ ഉണ്ടായ അനുഭവ൦ പങ്കുവെച്ചു മോഹൻലാൽ

ഇന്നലെ നടൻ രജനി കാന്തിന്റെ എഴുപത്തിമൂന്നാം പിറന്നാൾ ആയിരുന്നു. ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പ്രിയ സൂപ്പർസ്റ്റാറിന് ആശംസകൾ നേർന്ന് എത്തിയിരുന്നു. മലയാളത്തിൽ നിന്നും മോഹൻലാലും മമ്മൂട്ടിയും മുതലുള്ളവർ ആശംസകൾ സോഷ്യൽ മീഡിയ വഴി…

ഇന്നലെ നടൻ രജനി കാന്തിന്റെ എഴുപത്തിമൂന്നാം പിറന്നാൾ ആയിരുന്നു. ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പ്രിയ സൂപ്പർസ്റ്റാറിന് ആശംസകൾ നേർന്ന് എത്തിയിരുന്നു. മലയാളത്തിൽ നിന്നും മോഹൻലാലും മമ്മൂട്ടിയും മുതലുള്ളവർ ആശംസകൾ സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. രജിനികാന്തിന്റെ ഏറ്റവും ലേറ്റസ്റ്റ് ഹിറ്റായ ജയിലറിൽ കാമിയോ റോളിൽ എത്തി മോഹൻലാൽ തകർത്തിരുന്നു. സിനിമയിലേക്ക് ചുവടു വെക്കും മുമ്പ് തന്നെ രജിനികാന്ത് എന്ന താരത്തോട് അതിയായ ആരാധന മോഹൻലാലിനുണ്ടായിരുന്നു. മോഹൻലാലിന്റെ ഭാര്യ സുചിത്രയുടെ കുടുംബ സുഹൃത്ത് കൂടിയാണ് രജിനികാന്ത്. അതേസമയം തന്നെ ആദ്യമായി രജിനികാന്തിനെ നേരിൽ കണ്ടപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. സിനിമയിൽ എത്തി വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ രജിനികാന്തിനെ നേരിട്ട് ആദ്യമായി കണ്ടത്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഗുരുമുഖങ്ങള്‍ എന്ന പുസ്തകത്തിലാണ് രജിനികാന്തുമായുള്ള സൗഹൃദത്തെ കുറിച്ച് മോഹൻലാൽ വിവരിച്ചിരിക്കുന്നത്.

‘കോളജ് പഠനകാലത്ത് രജിനികാന്തിന്റെ നിരവധി സിനിമകള്‍ ഞാനും ആവേശത്തോടെ കണ്ടിട്ടുണ്ട്. അപൂര്‍വരാഗങ്ങളും പതിനാറ് വയതിനിലേയുമെല്ലാം എന്റെ ഫേവറിറ്റുകളാണ്.’ ‘എന്റെ ആദ്യ ചിത്രമായ തിരനോട്ടം ചിത്രീകരിക്കുന്ന കാലത്ത് രജിനികാന്ത് തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന സ്റ്റാറായി നിറഞ്ഞുനില്‍ക്കുകയായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കുന്നതിനായുള്ള ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ തമിഴില്‍ രജിനികാന്ത് സൃഷ്ടിച്ച രീതിയിലുള്ള ഒരു സ്‌റ്റൈലൈസ്ഡ് രീതിയാണ് നരേന്ദ്രന് വേണ്ടതെന്ന് ജഡ്ജസ് എന്നോട് പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.’ അതുപോലെ എനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു. എന്റേതായ രീതിയില്‍ ഞാന്‍ നരേന്ദ്രനെ അവതരിപ്പിച്ച് കാണിച്ചു. അതവര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇന്റര്‍വ്യു ചെയ്യുന്നവര്‍ പോലും രജിനികാന്തിന്റെ സ്‌റ്റൈലിനെക്കുറിച്ച് സൂചിപ്പിച്ച ആ സംഭവം അക്കാലം മുതലുള്ള അദ്ദേഹത്തിന്റെ നടന മഹത്വത്തെയാണ് ഓര്‍മിപ്പിക്കുന്നത്. ആരാധനയല്ല നിറഞ്ഞ സ്നേഹമാണ് എനിക്ക് ആ വലിയ മനുഷ്യനോടുള്ളത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കഴിഞ്ഞ് പല ചിത്രങ്ങളുടെയും ഷൂട്ടിങ്ങിനായി ഞാന്‍ തമിഴ്നാട്ടിലെത്തിയിരുന്നെങ്കിലും രജിനികാന്തിനെ നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ വിവാഹ നിശ്ചയത്തിനു ശേഷമാണ് അദ്ദേഹത്തിനെ നേരില്‍ കാണുന്നതിനും പരിചയപ്പെടുന്നതിനും അവസരമുണ്ടായത്. ചെന്നൈയിലെ വീനസ് സ്റ്റുഡിയോയില്‍ മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ആ സമയത്ത് മറ്റൊരു പടത്തിന്റെ ഷൂട്ടിങ്ങിനായി രജിനികാന്തും അവിടെയെത്തി. പരസ്പരം അറിയാമായിരുന്നെങ്കിലും തമ്മില്‍ ആദ്യമായി കണ്ട ആ നിമിഷം മറക്കാനാകില്ല. സുചിത്രയുടെ അച്ഛന്‍ ബാലാജിയുമായി രജിനികാന്തിന് വലിയ സൗഹൃദമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സുചിത്രയെ വിവാഹം കഴിക്കാന്‍ പോകുന്ന ആളെന്ന നിലയില്‍ എന്നോട് വളരെ അടുപ്പത്തോടെയാണ് അദ്ദേഹം പെരുമാറിയത്. പരിചയപ്പെട്ടതിന് ശേഷം രജിനികാന്ത് എന്നോട് പറഞ്ഞു… സുചിത്ര എനിക്ക് മകളെപ്പോലെയല്ല മകള്‍ തന്നെയാണ്.

എനിക്കിപ്പോഴും അവളൊരു ചെറിയ കുട്ടിയാണ്. ശരിക്കും തൊട്ടിലില്‍ കിടക്കുന്ന ഒരു കുട്ടി. തൊട്ടിലില്‍ നിന്നാണ് നിങ്ങളവളെ എടുത്തു കൊണ്ടു പോകുന്നത്. എനിക്കൊരുപാടൊരുപാട് സന്തോഷമുണ്ട്. എന്റെയും സുചിത്രയുടെയും വിവാഹ ശേഷമാണ് രജിനികാന്തിനെ അടുത്തറിയാന്‍ അവസരങ്ങളുണ്ടായത്. സുചിത്രയുടെ അച്ഛന്റെ മുത്തുക്കാട്ടെ ബീച്ച്ഹൗസില്‍ എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും രജിനികാന്ത് എത്തും. ഒരു കുടുംബസംഗമം… ആ സമാഗമത്തില്‍ പല തവണ ഞാനും പങ്കാളിയായി. അപ്പോഴെല്ലാം അദ്ദേഹം പ്രസരിപ്പിച്ച പോസിറ്റീവ് എനര്‍ജി എനിക്ക് അദ്ദേഹത്തോടുള്ള ആദരവ് വര്‍ധിപ്പിച്ചു. അതുപോലെ തന്നെ ഒരിക്കല്‍ ശാരീരികമായി ചില വേദനകളുണ്ടായ സമയത്ത് ആയുര്‍വേദ ചികിത്സയാണ് ഉത്തമമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു.’ ‘ഒരു മടിയും കൂടാതെ അതിന് അദ്ദേഹം തയ്യാറായി. പെരിങ്ങോട് ആയുര്‍വേദ ചികിത്സാലയത്തില്‍ ഞാന്‍ അദ്ദേഹത്തിനുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി. ചികിത്സ കഴിഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെ മടങ്ങവെ അദ്ദേഹം കൈമാറിയ നന്ദിസന്ദേശം എന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നു’, എന്നാണ് രജിനികാന്തുമായുള്ള സൗഹൃദത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞത്.