വമ്പൻ ഹിറ്റ് ലക്ഷ്യമിട്ട് മോഹൻലാല്‍; ‘നേരി’ന്റെ അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ കണക്കുകള്‍ പുറത്ത്

ദൃശ്യം ഫ്രാഞ്ചൈസിയുടെ വിജയത്തിനപ്പുറം മോഹൻലാൽ-ജീത്തു ജോസഫ്  കൂട്ടുകെട്ടിലെ സിനിമകൾക്കുമേൽ പ്രേക്ഷകർ പ്രതീക്ഷയുടെ ഭാരമർപ്പിക്കുക എന്നത്  പതിവാണ്. ഡിസംബർ 21ന് ‘നേര്’ റിലീസിനെത്തുമ്പോഴും വ്യത്യസ്തമല്ല പ്രേക്ഷക പ്രതികരണങ്ങൾ.  കേരളത്തില്‍ മോഹൻലാലിന്റെ നേര് 584 ഷോകളില്‍ നിന്നായി…

ദൃശ്യം ഫ്രാഞ്ചൈസിയുടെ വിജയത്തിനപ്പുറം മോഹൻലാൽ-ജീത്തു ജോസഫ്  കൂട്ടുകെട്ടിലെ സിനിമകൾക്കുമേൽ പ്രേക്ഷകർ പ്രതീക്ഷയുടെ ഭാരമർപ്പിക്കുക എന്നത്  പതിവാണ്. ഡിസംബർ 21ന് ‘നേര്’ റിലീസിനെത്തുമ്പോഴും വ്യത്യസ്തമല്ല പ്രേക്ഷക പ്രതികരണങ്ങൾ.  കേരളത്തില്‍ മോഹൻലാലിന്റെ നേര് 584 ഷോകളില്‍ നിന്നായി 33.84 ലക്ഷം രൂപ നേടിയിരിക്കുന്നു എന്നത് മികച്ച സൂചനയാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. വൻ ഹൈപ്പില്ലാതെ പൂര്‍ത്തിയായ മോഹൻലാല്‍ ചിത്രം നേര് അടുത്തിടെയാണ് ചര്‍ച്ചകളില്‍ നിറയാൻ തുടങ്ങിയത്. അതിനാല്‍ നിലവിലെ സൂചനയനുസരിച്ച് റിലീസ് കളക്ഷനില്‍ നേരിന് മികച്ച നേട്ടമുണ്ടാക്കാൻ കഴിയും എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതും.  റിയലിസ്റ്റിക് സമീപനമാണ് മോഹനലാലിന്റെ നേരിന് സംവിധായകൻ ജീത്തു ജോസഫ് നല്‍കിയിരിക്കുന്നത്.  ജീത്തു ജോസഫ് 70 ശതമാനം  റിയലിസ്റ്റിക്കായി കഥ അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത് എന്നും മോഹൻലാലും വ്യക്തമാക്കിയിരുന്നു. ഒരുപാട് ലോജിക് നോക്കി ചെയ്ത സിനിമയാണ് നേര് അതുകൊണ്ട് ഇതിനൊരു സെറ്റ് ഇടുകയും എങ്ങനെയൊക്കെ ഷൂട്ട് ചെയ്യണമെന്നും നേരത്ത തീരുമാനിച്ചിരുന്നെന്നും മോഹൻലാൽ പറഞ്ഞിരുന്നു .

വളരെയധികം സൂക്ഷ്മമായിട്ടാണ് ഈ സിനിമ ചെയ്തിരിക്കുന്നത് എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. പത്ത് വർഷമായി ഈ കഥ മനസിൽ കൊണ്ടു നടക്കുകയായിരുന്നെന്ന് പറയുന്ന സംവിധായകൻ ജീത്തു ജോസഫ്  നേരിന്റെ ബോക്സ് ഓഫീസിലെ വിധി പ്രവചിക്കാനാകില്ലെന്നും പറഞ്ഞു. കുടുംബ പ്രേക്ഷകർ നേര് ആസ്വദിക്കുമെന്ന ഉറപ്പുണ്ട്. മോഹൻലാലിനൊപ്പം ചെയ്ത മുൻ ചിത്രങ്ങൾ പോലെ വലിയ ട്വിസ്റ്റുകളും സസ്പെൻസുകളും പ്രതീക്ഷിക്കരുത്. മാസ് ഡയലോഗുകളും സിനിമയിലില്ല. തിയേറ്ററുകളിൽ പ്രേക്ഷകർക്ക് നല്ലൊരു മോഹൻലാൽ ചിത്രം പ്രതീക്ഷിക്കാം എന്നും സംവിധായകൻ ഉറപ്പ് പറഞ്ഞു.  നേരിൽ ഓരോ കഥാപാത്രങ്ങൾക്കും അവരുടെതായ വൈകാരിക യാത്രയുണ്ട്. മോഹൻലാൽ കഥാപാത്രം വിജയമോഹൻ കേസിൽ ജയിക്കുമോ തോൽക്കുമോ എന്ന് പ്രേക്ഷകർക്ക് ഒരിക്കലും പ്രവചിക്കാൻ കഴിയില്ല.

അത്തരത്തിൽ ജിജ്ഞാസയോടെയെ സിനിമ കണ്ടിരിക്കാനാകൂ എന്നും സംവിധായകൻ കുട്ടിച്ചേർത്തു. യഥാര്‍ഥ ജീവിതത്തില്‍ അഭിഭാഷകയാണ് നേരിന്റെ തിരക്കഥാകൃത്ത് ശാന്തി മായാദേവി. നേര് ഒരു സത്യാന്വേഷണമാണ് എന്നും കഥാപാത്രത്തെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ നടൻ എന്ന നിലയില്‍ സഹായിച്ചത് നേരിന്റെ തിരക്കഥാകൃത്തായ ശാന്താ മായാദേവിയുടെ നിര്‍ദ്ദേശങ്ങളാണെന്നും മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു.അനശ്വര രാജനും പ്രിയാമണിയുമൊക്കെ നേര് എന്ന ചിത്രത്തില്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത് എന്നും മോഹൻലാല്‍ അഭിപ്രായപ്പെട്ടിരുന്നു. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്തിനെത്താൻ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രാഹണം സതീഷ് കുറുപ്പ്. സംഗീതം വിഷ്‍ണു ശ്യാമും നിര്‍വഹിക്കുന്നു. നേരിന്റെ സെൻസറിംഗിന്റെ അപ്‍ഡേറ്റും പുറത്തു വന്നിരുന്നു. നേര് ലഭിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റ് യുഎയും ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 32 മിനിറ്റുമാണ് എന്നാണ് റിപ്പോര്‍ട്ട്.  നേരില്‍ മോഹൻലാല്‍ തിളങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ആരാധകര്‍ കേരളത്തിനു പുറമേ റിയാദിലും ജിദ്ദയിലുമൊക്കെ ഫാൻസ് ഷോ ചാര്‍ട്ട് ചെയ്‍തിട്ടുണ്ട്. കോർട്ട് റൂം ഡ്രാമ ഴോണറിലുള്ള നേര് മോഹൻലാലുമായുള്ള ജീത്തുവിന്റെ അഞ്ചാമത്തെ സിനിമയാണ്. നേരിന് മുമ്പ് മോഹൻലാലിനെ നായകനാക്കി ചിത്രീകരണം ആരംഭിച്ച ‘റാം’ പൂർത്തിയാക്കിയിട്ടില്ല.