സ്റ്റീഫന് വേണ്ടി തല്ലു കൂടാനാകില്ലേ?; എമ്പുരാനിലെ വേഷത്തെക്കുറിച്ച് പൃഥ്വിരാജ്

പുലിമുരുകന് ശേഷം വമ്പ   പരാജയങ്ങള്‍ നേരിട്ട  മോഹന്‍ലാലിന്റെ ശക്തമായ തിരിച്ച് വരവ് കണ്ട ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കളക്ഷന്‍ റെക്കോർഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് മുന്നേറി. തെലുങ്ക് ഉള്‍പ്പെടേയുള്ള മറ്റ് ഭാഷകളിലേക്കും…

പുലിമുരുകന് ശേഷം വമ്പ   പരാജയങ്ങള്‍ നേരിട്ട  മോഹന്‍ലാലിന്റെ ശക്തമായ തിരിച്ച് വരവ് കണ്ട ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കളക്ഷന്‍ റെക്കോർഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് മുന്നേറി. തെലുങ്ക് ഉള്‍പ്പെടേയുള്ള മറ്റ് ഭാഷകളിലേക്കും ചിത്രം മൊഴിമാറിയെത്തി. സംവിധായകനെന്ന നിലയില്‍ പൃഥ്വിരാജിന്റേതായിട്ടുള്ള പുതിയ ചിത്രം എമ്പുരാനാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. അടുത്തിടെ എമ്പുരാന്റെ ചിത്രീകരണം തുടങ്ങിയിരുന്നു. പൃഥ്വിരാജും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത്. മോഹൻലാലിന്റെ എമ്പുരാന്റെ ചിത്രീകരണത്തെ കുറിച്ച് താരം ഒരു അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ്. ആരാണ് ഖുറേഷി അബ്രഹാം, എന്താണ് ഖുറേഷി അബ്രഹാം എന്ന് അറിയാനാണ് പ്രേക്ഷകരുടെ കാത്തിരിപ്പ്. ലൂസിഫറില്‍ സയിദ് മസൂദ് എന്ന വേഷത്തില്‍ പൃഥ്വിരാജും എത്തിയിരുന്നു. ഇപ്പോഴിതാ ഒന്നാം ഭാഗത്തില്‍ കണ്ടത് പോലൊരു ഫൈറ്റ് രണ്ടാം ഭാഗത്തിലും ഉണ്ടാകുമോയെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കുകയാണ്.


നിലവിലെ സാഹചര്യത്തില്‍ തനിക്ക് വലിയ രീതിയിലുള്ള ഫൈറ്റുകള്‍ ചെയ്യാന്‍ സാധിക്കില്ലെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കുന്നത്. വിലായത്ത ബുദ്ധ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരുക്കേല്‍ക്കുകയും ശസ്‍ത്രക്രിയ നടത്തുകയും മൂന്ന് മാസം വിശ്രമിക്കേണ്ടിയും വന്നിരുന്നു. എന്നാല്‍ പരുക്ക് പൂര്‍ണമായും ഭേദമായിട്ടില്ലെന്നാണ് പൃഥ്വിരാജ്  വ്യക്തമാക്കുന്നത്. തനിക്ക് നിലവില്‍ വലിയ ആക്ഷൻ രംഗങ്ങള്‍ ചെയ്യാൻ സാധിക്കില്ല എന്നും ലൂസിഫറില്‍ സയിദ് മസൂദായി എത്തിയ പൃഥ്വിരാജ് പറയുന്നു. എമ്പുരാനിലും സയിദ് മസൂദായി എത്തുന്ന തനിക്ക് ആക്ഷൻ ചെയ്യണമെങ്കില്‍ 2024 ജൂണോടെ മാത്രമേ സാധിക്കുകയുള്ളൂ എന്നും അതിനാല്‍ താൻ ഉള്‍പ്പെടുന്ന അത്തരം രംഗങ്ങള്‍ അപ്പോള്‍ മാത്രമേ ചിത്രീകരിക്കുന്നുള്ളൂവെന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.  എന്തായാലും  ചിത്രീകരണം അല്‍പം വൈകിയാലും എമ്പുരാനിലും സയ്യിദ് മസൂദിന്റെ ഫൈറ്റ് സെക്യുൻസുകൾ   ഉണ്ടാകുമെന്ന ശുഭ സൂചന ലഭിച്ചതിന്റെ ത്രില്ലിലാണ് ആരാധകർ ഇപ്പോൾ. ലൂസിഫറി’ലെ സ്റ്റണ്ട് രംഗങ്ങള്‍  ചിത്രത്തിലെ വലിയ ആകര്‍ഷണമായിരുന്നു. ലൂസിഫറി’ന്റെ സ്റ്റണ്ട് കൊറിയോഗ്രാഫറായ സില്‍വ തന്നെയാണ് എമ്പുരാനിലുമുള്ളത്. ആശീർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും സംയുക്തമായാണ് എമ്പുരാന്‍ നിർമ്മിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, ബൈജു സന്തോഷ് തുടങ്ങി ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങള്‍ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുരളി ഗോപിയാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. ദീപക് ദേവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സുജിത് വാസുദേവാണ് ഛായാഗ്രഹണം.

പൃഥ്വിരാജിന്റേതായി സലാര്‍ എന്ന പുതിയ ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. പ്രഭാസ് നായകനാകുന്ന സലാറില്‍ പൃഥ്വിരാജിന്റെ കഥാപാത്രവും നിര്‍ണായകമാണ്. പ്രശാന്ത് നീലിനൊപ്പം പ്രഭാസും പൃഥ്വിരാജുമെത്തുന്നതിനാല്‍ ചിത്രത്തിനായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. പൃഥ്വിരാജിന് വര്‍ദ്ധരാജ് മാന്നാര്‍ എന്ന കഥാപാത്രമാണ് സലാറില്‍. ശ്രുതി ഹാസനാണ് നായിക. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സലാര്‍ നിര്‍മിക്കുന്നത് ഹൊംമ്പാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരങ്‍ന്ദുറാണ്. യാഷിനെ കെജിഎഫ് ഒരുക്കിയത് പോലെയാണ് സംവിധായകൻ പ്രശാന്ത് നീല്‍ സലാറും എത്തിക്കുന്നത്. രണ്ട് മണിക്കൂറും 55 മിനിറ്റും ദൈർഘ്യമുള്ള ചിത്രം ഒരു ആക്ഷൻ ചിത്രത്തേക്കാളുപരി രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദവും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പറയുന്നത്.  ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നിവയുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും. കേരളത്തിലടക്കം പ്രഭാസിന്റെ സലാറിന് ഫാൻസ് ഷോകള്‍ നിരവധി ചാര്‍ട്ട് ചെയ്‍തിട്ടുണ്ട്.       കേരളത്തില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സലാര്‍ തിയേറ്ററുകളില്‍ എത്തിക്കുന്നത്.