‘ഈ കളി തീകളിയാകാന്‍ പോവുകയാണ്’ ; ടു മെന്‍ ടീസര്‍ ശ്രദ്ധേയമാകുന്നു

സംവിധായകന്‍ എംഎ നിഷാദ്, ഇര്‍ഷാദ് അലി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ടു മെന്നിന്റെ ടീസര്‍ പുറത്തിറങ്ങി. കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമ നിര്‍മ്മിക്കുന്നത് ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ്…

സംവിധായകന്‍ എംഎ നിഷാദ്, ഇര്‍ഷാദ് അലി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ടു മെന്നിന്റെ ടീസര്‍ പുറത്തിറങ്ങി. കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമ നിര്‍മ്മിക്കുന്നത് ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ ആണ്. മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. വിജനമായ മരുഭൂമിയുടെ പശ്ചാത്തലത്തില്‍ അപരിചിതരായ രണ്ടു പേര്‍ നടത്തുന്ന ഒരു യാത്രയും അതിലുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളം ത്രില്ലര്‍ റോഡ് മൂവിയായ ചിത്രം 90 ശതമാനവും യുഎഇയില്‍ ആണ് ചിത്രീകരിച്ചത്.
രഞ്ജി പണിക്കര്‍, ബിനു പപ്പു, ലെന, സോഹന്‍ സിനുലാല്‍, സാദിഖ്, സുധീര്‍ കരമന, മിഥുന്‍ രമേഷ്, അനുമോള്‍, ആര്യ, സുനില്‍ സുഖദ, ധന്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മുഹമ്മദ് വെമ്പായം തിരക്കഥയും സംഭാഷണവും രചിച്ച ‘ടു മെന്‍’ എന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് പ്രശസ്ത തെന്നിന്ത്യന്‍ സിനിമാട്ടോഗ്രാഫര്‍ സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കുന്നു. എഡിറ്റര്‍ വി സാജന്‍.