Wednesday, December 7, 2022
HomeFilm Newsഅവന്റെ കാഴ്ചപ്പാടുകൾ തികച്ചും വ്യത്യസ്തമാണ്, എപ്പോഴും ഞാൻ അവനെ കൗതുകത്തോടെയാണ് നോക്കി കാണുന്നത്!! മകനെ പറ്റി...

അവന്റെ കാഴ്ചപ്പാടുകൾ തികച്ചും വ്യത്യസ്തമാണ്, എപ്പോഴും ഞാൻ അവനെ കൗതുകത്തോടെയാണ് നോക്കി കാണുന്നത്!! മകനെ പറ്റി ലാലേട്ടൻ

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച വിസ്മയമാണ് മോഹൻലാൽ, മലയാള സിനിമയുടെ നടനവിസ്മയത്തെ കുറിച്ച് പറയാൻ വാക്കുകൾ ഒന്നും പോരാ, ഇപ്പോൾ മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ ചിത്രീകരണം പുരോഗമിക്കുകയാണ്, അച്ഛന്റെ പാതയിലൂടെ മകന്‍ പ്രണവും യാത്ര തുടങ്ങിയിരിക്കുകയാണ്. മകള്‍ വിസ്‌മയ തിരഞ്ഞെടുത്തത് എഴുത്തിന്റെ ലോകവും. ഇപ്പോഴിതാ തന്റെ മക്കളെ കുറിച്ച്‌ മോഹന്‍ലാല്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

‘എന്റെ മക്കളായ പ്രണവും വിസ്മയയും തമ്മില്‍ മൂന്നരവയസ്സിന്റെ വ്യത്യാസമുണ്ട്. ഇരുവരും പഠിച്ചത് ഊട്ടിയിലെ ഹെബ്രോണ്‍ സ്‌കൂളിലാണ് (ഹീബ്രു ഭാഷയില്‍ വേരുകളുള്ള ഹെബ്രോണ്‍ എന്ന പദത്തിന് സുഹൃത്ത്, ഒന്നിച്ചുചേരുക എന്നീ വിവിധങ്ങളായ അര്‍ഥങ്ങളുണ്ട്). പ്രണവ് അവിടത്തെ പഠനം കഴിഞ്ഞ് തത്ത്വചിന്ത പഠിക്കാനായി ഓസ്‌ട്രേലിയയിലേക്ക് പോയി; വിസ്മയ തിയേറ്റര്‍ പഠിക്കാനായി പ്രാഗ്, ലണ്ടന്‍, യുഎസ്. എന്നിവിടങ്ങളിലേക്കും. മക്കള്‍ എന്നതിലുപരി അവരിപ്പോള്‍ എന്റെ നല്ല സുഹൃത്തുക്കളാണ്. പലപ്പോഴും അവരെന്നെ പലതും പഠിപ്പിക്കുന്നു.

mohanlal with pranav

പ്രണവിനെ ഞാന്‍ അപ്പു എന്ന് വിളിക്കുന്നു; വിസ്മയയെ മായ എന്നും. അപ്പു ഇപ്പോള്‍ രണ്ടു സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. ഞാന്‍ എപ്പോഴും സ്‌നേഹത്തോടൊപ്പം കൗതുകത്തോടെയും ആണ് അപ്പുവിനെ നോക്കിക്കണ്ടിട്ടുള്ളത്. വളര്‍ന്നതുമുതല്‍ അവന് ഏറ്റവും പ്രിയപ്പെട്ട രണ്ടു കാര്യങ്ങള്‍ വായനയും യാത്രയുമായിരുന്നു; ഇപ്പോഴും ആണ്. അവന്റെ ലൈബ്രറിയിലെ പുസ്തകങ്ങളുടെ വ്യത്യസ്തതയ്ക്കുമുന്നില്‍ ആദരവോടെയും അല്പം അസൂയയോടെയുമാണ് ഞാന്‍ നില്‍ക്കാറുള്ളത്. അതില്‍ ജിദ്ദു കൃഷ്ണമൂര്‍ത്തിയും യു.ജി. കൃഷ്ണമൂര്‍ത്തിയുമുണ്ട്; ബ്രൂസ് ചാറ്റ്വിനും പീറ്റര്‍ മാത്തിസനുമുണ്ട്; രമണമഹര്‍ഷിയും സവര്‍ക്കറുമുണ്ട്; അഘോരികളുടെ ജീവിതമുണ്ട്… അവന്റെ യാത്രകള്‍ വിദൂരങ്ങളും പലപ്പോഴും ദുര്‍ഘടങ്ങളുമാണ്.

ചിലപ്പോള്‍ ഋഷികേശില്‍, ജോഷിമഠില്‍, ഹരിദ്വാറില്‍, പൂക്കളുടെ താഴ്വരയില്‍; മറ്റുചിലപ്പോള്‍ ആംസ്റ്റര്‍ഡാമില്‍, പാരീസില്‍, നേപ്പാളിലെ പൊഖാറയില്‍; വേറെ ചിലപ്പോള്‍ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപിയില്‍. ഇവിടെയൊക്കെ എന്താണ് അവന്‍ അന്വേഷിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചിട്ടില്ല; അവന്‍ പറഞ്ഞിട്ടുമില്ല. ഒരുപക്ഷേ, ആ അന്വേഷണം പറഞ്ഞുമനസ്സിലാക്കാന്‍ സാധിക്കുന്നതായിരിക്കില്ല. അവനിപ്പോഴും യാത്ര തുടരുന്നു; വായനയും. ഞാന്‍ കണ്ടുനില്‍ക്കുന്നു.

അപ്പുവിലൂടെ, മായയിലൂടെ ഞാന്‍ ഏറ്റവും പുതിയ തലമുറയെ കാണുന്നു. അവരുടെ കാഴ്ചപ്പാടുകള്‍, സമീപനങ്ങള്‍, ജീവിതതീരുമാനങ്ങള്‍, രുചികള്‍, അഭിരുചികള്‍ എന്നിവയെല്ലാം തിരിച്ചറിയുന്നു. എന്റെ കാലവുമായി ഞാന്‍ അവയെ താരതമ്യപ്പെടുത്തിനോക്കുന്നു. അധികം ലഗേജുകള്‍ ഇല്ല എന്നതാണ് ഏറ്റവും പുതിയ തലമുറയുടെ വലിയ പ്രത്യേകത എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ലഗേജ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് ബാഗും ചുമക്കുന്ന വസ്തുവകകളും എന്നു മാത്രമല്ല. ഒരു സമീപനം കൂടിയാണ്. അവരുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണമല്ല;

pranav mohanlal

സങ്കീര്‍ണമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുമില്ല. സമ്ബാദിച്ച്‌ കൂട്ടിവെക്കുന്നതില്‍ താത്പര്യം കാണുന്നില്ല. വലിയ വിജയങ്ങള്‍ക്കുവേണ്ടി യാതനപ്പെട്ട് ചേസ് ചെയ്തുപോകുന്നതിലെ പൊരുള്‍ അവര്‍ക്ക് പിടികിട്ടുന്നുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട് (മോഹന്‍ലാലിന്റെ മക്കളല്ലേ, അവര്‍ക്കതിന്റെയൊന്നും ആവശ്യമില്ലല്ലോ… എന്ന പതിവ് വിമര്‍ശനം ഞാന്‍ കേള്‍ക്കുന്നുണ്ട്. പണം ഏറ്റവും ചുരുക്കി ചെലവാക്കുന്ന ഒരാളാണ് അപ്പു.

അവനിപ്പോഴും ബസിലും ട്രെയിനിലും യാത്രചെയ്യുന്നു; ഏറ്റവും വാടകകുറഞ്ഞ മുറികളില്‍ താമസിക്കുന്നു; ആവശ്യങ്ങള്‍ പരിമിതമാണ്; ആഡംബരങ്ങളില്‍ കമ്ബം കണ്ടിട്ടില്ല). തീര്‍ച്ചയായും അവരില്‍പ്പലരും പൂര്‍ണമായും വര്‍ത്തമാനകാലത്താണ് ജീവിക്കുന്നത്. അതിന് അവര്‍ക്ക് അതിന്റേതായ ന്യായീകരണങ്ങളുണ്ടാവാം’.- ഒരു പ്രമുഖ മാദ്ധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് മോഹന്‍ലാല്‍ മക്കളെ കുറിച്ച്‌ മനസു തുറന്നത്.

Related News