ഇന്ത്യൻ കച്ചവടസിനിമയ്ക്ക് സമാന്തരമായി കലാമൂല്യങ്ങൾക്ക് പ്രാധാന്യം നൽകിയ മനുഷ്യൻ !!

ഇന്ത്യൻ കച്ചവടസിനിമയ്ക്ക് സമാന്തരമായി കലാമൂല്യങ്ങൾക്ക് പ്രാധാന്യം നൽകിയ “നവസിനിമ” അതിന്റെ അസ്തിത്വം ഉറപ്പിക്കുന്നത് സത്യജിത് റായ്, ഋത്വിക് ഘട്ടക്ക്, മൃണാൾ സെൻ എന്നീ ബംഗാളിത്രയങ്ങളിലൂടെയായിരുന്നു.ഇവരിൽ മൃണാള്‍ സെൻ എല്ലായ്‌പ്പോഴും പരീക്ഷണങ്ങളുടെ വക്താവായിരുന്നു. സാഹിത്യധാരകളുമായ ബന്ധവും നാടകപ്രവർത്തന പരിചയവും അദ്ദേഹത്തിന്റെ സിനിമകൾക്ക് തെളിഞ്ഞ രാഷ്ട്രീയമുഖവും കലാത്മകമായ ആഴവും നല്കി. കാമ്പുള്ള ഉള്ളടക്കവും സമീപനങ്ങളിലെ യാഥാർത്ഥ്യബോധവും സാമൂഹിക-രാഷ്ട്രീയ പ്രതിബദ്ധതയുമാണ് മൃണാൾ സെൻ ചിത്രങ്ങളെ വ്യത്യസ്തമായ കലാനുഭവമാക്കി മാറ്റിയത്.
സിനിമയോടുളള താല്‍പര്യം കൊല്‍ക്കത്തയിലെ സിനിമാ സ്റ്റുഡിയോയില്‍ ഓഡിയോ ടെക്‌നീഷ്യനായി ജോലി ചെയ്യുന്നതിലേക്ക് സെന്നിനെ എത്തിച്ചു. ബംഗാളിലെ കടുത്ത ക്ഷാമം ഉള്‍പ്പെടെയുളള വിഷയങ്ങള്‍ സെന്നിനെ പിടിച്ചുലച്ചിരുന്നു. ആദ്യ സിനിമയായ രാത്ത് ബോറെ 1955ല്‍ പുറത്തിറങ്ങി. വലിയ ശ്രദ്ധേ നേടിയില്ല ആദ്യ ചിത്രം. രണ്ടാം ചിത്രമായ നീല ആകാശര്‍ നീചേയാണ് സംവിധായകന്‍ എന്ന നിലയ്ക്ക് മൃണാള്‍ സെന്നിനെ അടയാളപ്പെടുത്തിയത്.

1960ൽ പുറത്തിറങ്ങിയ ബയ്ഷേ ശ്രാവണയായിരുന്നു സെന്നിനെ ശ്രദ്ധേയനാക്കിയ ആദ്യ ചിത്രം. ഒരു ഗ്രാമീണ ബംഗാളി കുടുംബത്തെ മുൻനിർത്തി 1943ലെ ബംഗാൾ ക്ഷാമത്തിന്റെ ക്രൂരതകൾ വെളിവാക്കുന്ന ചിത്രം. 1969ൽ പുറത്തിറങ്ങിയ ഭുവൻഷോം, വേട്ടയ്ക്കിറങ്ങിപ്പുറപ്പെട്ട ഉദ്യോഗസ്ഥനെ അതിജീവനത്തിനുള്ള കഴിവുകൾ പഠിപ്പിച്ചു കൊടുക്കുന്ന ഗ്രാമീണയുവതിയുടെ കഥ ആക്ഷേപഹാസ്യത്തിലൂടെ പറയുന്നതായിരുന്നു. ഈ ചിത്രമായിരുന്നു സെന്നിന് ആദ്യമായി വാണിജ്യവിജയം നേടിക്കൊടുത്തത്. 1971ലെ കൽക്കട്ട 71, ഇന്റർവ്യൂ, പതാദിക്, 1973ലെ പതാദിക് ബംഗാളിലെ നക്സൽ പ്രസ്ഥാനത്തെ ആസ്പദമാക്കിയുള്ളവയായിരുന്നു. 1976ലെ മൃഗയയിൽ അദ്ദേഹം പറഞ്ഞത് ഗ്രാമങ്ങളിൽ ഭൂവുടമകൾ ആദിവാസികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചായിരുന്നു.പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ ഒരു യുവതിക്കും അവളുടെ അസുഖബാധിതയായ അമ്മയ്ക്കും നേരിടേണ്ടി വരുന്ന ഒറ്റപ്പെടലായിരുന്നു 1984ൽ പുറത്തിറങ്ങിയ ഖാണ്ടഹാറിന്റെ പ്രമേയം. സംഘര്‍ഷഭരിതവും പ്രക്ഷുബ്‍ധവുമായ കല്‍ക്കത്തയുടെ മനസ്സ് വെളിപ്പെടുന്നവയാണ് സെന്നിന്റെ ആദ്യകാലപടങ്ങള്‍. അവയില്‍തന്നെ കല്‍ക്കത്ത 71, കോറസ്സ്, പഥാദിക്ക് എന്നിവ വേറിട്ടു നില്‍ക്കുന്നവയാണ്.സെന്നിൻ്റെ സിനിമകളിൽ ഇറ്റാലിയൻ നിയോ റീലിസത്തിന്റെയും ഫ്രഞ്ച് നവതരംഗ സിനിമയുടെയും സ്വാധീനം വേണ്ടുവോളം ഉണ്ടായിരുന്നു.

 

മലയാളത്തിലും ഒരു സിനിമ സാക്ഷാത്ക്കരിക്കേണ്ടതായിരുന്നു. കയ്യൂരിന്റെകഥ എന്നപടത്തിന്റെ ചര്‍ച്ചകള്‍ക്കായി മൃണാള്‍ സെന്‍ കേരളത്തിലെത്തിയിരുന്നെങ്കിലും ആ പ്രോജക്ട് നടന്നില്ല. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സെന്‍ അഞ്ച് തവണ നേടിയിട്ടുണ്ട്. മൃണാള്‍ സെന്നിന്റെ ഭുവന്‍ഷോം വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ലയണ്‍ നേടിയതോടെയാണ് അദ്ദേഹം ലോകസിനിമാരംഗത്ത് ശ്രദ്ധേയനായത്. പിന്നീട് കാന്‍,ബെര്‍ലിന്‍, കാര്‍ലോവിവാരി തുടങ്ങിയ മേളകളിലെ പുരസ്‌കാരങ്ങളും സെന്നിനെ തേടിയെത്തി. കാന്‍, ബെര്‍ലിന്‍ തുടങ്ങിയ മേളകളില്‍ അദ്ദേഹം ജ്യൂറി അംഗവുമായിരുന്നു. തന്‍റെ നീണ്ട സിനിമാ ജീവിതത്തിൽ 27 ഫീച്ചർ ചിത്രങ്ങൾ, 14 ലഘുചിത്രങ്ങൾ, 5 ഡോക്യുമെന്‍ററികൾ സംവിധാനം ചെയ്തു.