‘ആ സുമുഖനായ താടിക്കാരന്‍ വയസ്സാകാതിരുന്നിരുന്നെങ്കില്‍..’!!! മുരളി ഗോപി

നടന്‍ നെടുമുടി വേണു ഈ ലോകത്തുനിന്നും വിടപറഞ്ഞിട്ട് ഒരു വര്‍ഷമായിരിക്കുകയാണ്. മലയാള സിനിമയുടെ കാരണവര്‍ സ്ഥാനത്തുനിന്നും അപ്രതീക്ഷിതമായിട്ടാണ് വേണുവിനെ വിധി കവര്‍ന്നത്. ഇന്നും ആ ഇടത്ത് പകരം വയ്ക്കാന്‍ മറ്റാരും ഇല്ല. നെടുമുടി വേണുവിന്റെ…

നടന്‍ നെടുമുടി വേണു ഈ ലോകത്തുനിന്നും വിടപറഞ്ഞിട്ട് ഒരു വര്‍ഷമായിരിക്കുകയാണ്. മലയാള സിനിമയുടെ കാരണവര്‍ സ്ഥാനത്തുനിന്നും അപ്രതീക്ഷിതമായിട്ടാണ് വേണുവിനെ വിധി കവര്‍ന്നത്. ഇന്നും ആ ഇടത്ത് പകരം വയ്ക്കാന്‍ മറ്റാരും ഇല്ല. നെടുമുടി വേണുവിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ നടനും തിരക്കഥാകൃത്തും ഗായകനുമായ മുരളി ഗോപി പങ്കുവെച്ച ഓര്‍മ്മ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

ഓര്‍മയുടെ നടനവിന്യാസം എന്ന തലക്കെട്ടോടെയാണ് മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. നെടുമുടിക്കും കൊടിയേറ്റം ഗോപിക്കുമൊപ്പമുള്ള ചിത്രവും മുരളി ഗോപി പങ്കുവെച്ചിട്ടുണ്ട്.

നെടുമുടി വേണുവിനെ പരിചയപ്പെട്ട നിമിഷമാണ് മുരളി ഗോപി ഹൃദ്യമായ വാക്കുകളിലൂടെ പറയുന്നത്. യഥാര്‍ത്ഥ നടന്മാര്‍ അവര്‍ക്കായി അരങ്ങേറ്റാത്ത നാടകങ്ങളും കാണും. വേദിക്കപ്പുറവും നാടകവും നടന്മാരും ഉണ്ടെന്ന് തിരിച്ചറിയും. മടലിനെ ഖഡ്ഗമായും മുറത്തെ പരിചയായും മാവിനെ മഹാറാണിയും പേരയെ സര്‍വ്വസൈന്യാധിപനുമായും കണ്ട ഒരു പാവം കുഞ്ഞിനെ ഒപ്പമുള്ള ഒരുവനായി കാണുകയും കൂട്ടുകയും ചെയ്യും! അന്ന് ഞാന്‍ അച്ഛനോടൊപ്പം കണ്ട ആ മെലിഞ്ഞ താടിക്കാരന്‍ ‘നെടുമുടി വേണു’വായിരുന്നു. മുരളി ഗോപി പറയുന്നു.

അന്ന് ഞാന്‍ അച്ഛനോടൊപ്പം കണ്ട ആ മെലിഞ്ഞ താടിക്കാരന്‍ ‘നെടുമുടി വേണു’വായിരുന്നു. പിന്നീട്, പല തവണ ഞാന്‍ അദ്ദേഹത്തെ കണ്ടു. നടനായി, കഥാപാത്രമായി, അച്ഛന്റെ സുഹൃത്തായി.., പ്രാസംഗികനായി, ശ്രോതാവായി, മധ്യവയസ്‌കനായി, വയസ്സനായി…അങ്ങനെ പല പല വേഷങ്ങളില്‍. പല പല വേദികളില്‍. (അഭ്രത്തില്‍.)

ഉറുമ്പുകളുടെ പരിചയം പുതുക്കല്‍ പോലുള്ള സാംഗത്യവശാലുള്ള കൂടികാഴ്ചകളായിരുന്നു പലതും. അപ്പോഴെല്ലാം, അദ്ദേഹം ഒരു സുഹൃത്തിനോടെന്ന പോലെ തോളില്‍ പിടിച്ചു നിന്ന് സംസാരിക്കും. ‘ആ സുമുഖനായ താടിക്കാരന്‍ വയസ്സാകാതിരുന്നിരുന്നെങ്കില്‍..’ എന്ന മൂഢമായ് ചിന്തിച്ചുകൊണ്ട് ഞാനും ആ കരസ്പര്‍ശമേറ്റ് പുഞ്ചിരിച്ച് നില്‍ക്കുമെന്നും അദ്ദേഹം പറയുന്നു.

സംഗീതമാണ് ഒരു മഹാനടന്റെ അംഗവസ്ത്രമെങ്കില്‍ താളമാണ് അവന്റെ ഉടവാള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതൊരു സത്യമാണെന്ന് തെളിയിക്കുന്ന ഉണ്മയുള്ള നടനായിരുന്നു വേണു അങ്കിള്‍ എന്ന് ഞാന്‍ പറയാതെ തന്നെ ഏവര്‍ക്കും അറിയാം. എന്നിരുന്നാലും, സംഗീതവും താളവും എങ്ങനെ പ്രകൃതിയില്‍ നിന്ന് നേരിട്ട് ഒഴുകി ഒരു നടന്റെ സ്വത്വത്തില്‍ വിളയിക്കുന്നു എന്ന് ശൈശവദിശയില്‍ തന്നെ കണ്ണാല്‍ കാണാന്‍ ഭാഗ്യം സിദ്ധിച്ച ഒരാളായി ഞാന്‍ എന്നെ കരുതുന്നു. അതിനു കാരണഭൂതര്‍ മേല്‍പ്പറഞ്ഞ രണ്ടാളുമാണ്. അച്ഛനും വേണു അങ്കിളുമാണെന്നും മുരളി കുറിച്ചു.

വേണു അങ്കിള്‍ മരിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ അവിടെ പോയില്ല. ഒരു വലിയ നടന്റെ മൃതദേഹം കാണുക എന്നത് തികഞ്ഞ വിഷമം ഉണ്ടാക്കും. ചലനമായിരിക്കണം എനിക്ക് ഇഷ്ടനടന്മാര്‍ അവശേഷിപ്പിച്ചു പോകുന്ന ഓര്‍മ്മ. അതൊരു ശാഠ്യമാണ്. ഓര്‍മ്മയിലെന്നും ആ താടിക്കാരന്‍ മതി. കേള്‍വിയിലെന്നും ആ മൃദംഗ വായ്ത്താരിയും. മനസ്സിന്റെ അഭൗമ വേദികളില്‍ ആ രംഗപുഷ്പം യൗവ്വനമാര്‍ന്നു തന്നെ എന്നും നിലകൊള്ളട്ടെ. ഇതും ഒരു ശാഠ്യമാണ് എന്നുപറഞ്ഞുകൊണ്ടാണ് മുരളി ഗോപി മഹാനടനെ കുറിച്ചുള്ള
ഓര്‍മക്കുറിപ്പ് അവസാനിപ്പിക്കുന്നത്.