ദൈവത്തോട് അനാദരവ് കാണിച്ചിട്ടില്ല; ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ച സംഭവത്തില്‍ ക്ഷമാപണവുമായി വിഘ്നേഷും നയന്‍താരയും

തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനിടെ ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് ചെരുപ്പ് ധരിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വിഘ്നേഷും നയന്‍താരയും. ക്ഷേത്ര അധികൃതര്‍ ഇരുവര്‍ക്കും ലീഗല്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചതിന് പിന്നാലൊണ് കത്തിലൂടെയായിരുന്നു താരദമ്പതികള്‍ ക്ഷമാപണം നടത്തിയത്. പത്താം തീയതിയായിരുന്നു വിഘ്‌നേഷ് ശിവനും നയന്‍താരയും തിരുപ്പതിയില്‍ ദര്‍ശനം നടത്തിയത്. ഇതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് നയന്‍താര ചെരുപ്പ് ധരിച്ച് നടക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാമായിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

തങ്ങള്‍ സ്നേഹിക്കുന്ന ദൈവത്തോട് അനാദരവ് കാണിക്കാന്‍ ഉദ്യേശിച്ചിരുന്നില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ഇരുവരും ക്ഷേത്ര അധികൃതര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ഫോട്ടോയെടുക്കാനായി ധൃതിയില്‍ ക്ഷേത്രത്തിലേക്ക് കയറുന്നതിനിടെ ചെരുപ്പ് ശ്രദ്ധിച്ചില്ലെന്നും കത്തില്‍ പറയുന്നു. വിവാഹത്തിന് മുമ്പുള്ള മുപ്പത് ദിവസത്തിനുള്ളില്‍ അഞ്ച് പ്രാവശ്യം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ക്ഷേത്ര പരിസരത്ത് ചെരുപ്പിട്ട് നടക്കാന്‍ പാടില്ലെന്ന് തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ നരസിംഹ കിഷോര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. നടി ചെരുപ്പിട്ട് നടക്കുന്നത് കണ്ടയുടനെ സുരക്ഷാ ജീവനക്കാര്‍ അത് വിലക്കിയിരുന്നുവെന്നും ക്ഷേത്രത്തിനകത്ത് ചിത്രങ്ങളെടുക്കുന്നതിനുള്‍പ്പെടെ വിലക്കുണ്ടായിരുന്നെന്നുമാണ് ക്ഷേത്ര അധികൃതര്‍ പറയുന്നത്.

Previous articleഫഹദ് ദക്ഷിണേന്ത്യയുടെ സ്വത്ത്! വിക്രമിലെ പ്രകടനത്തെ വാഴ്ത്തി കമല്‍ഹാസന്‍
Next articleപ്രേക്ഷകർക്ക് ബഹളം ഉണ്ടാക്കുന്നവരെ ആണോ ഇഷ്ട്ടം ? തല പുകഞ്ഞുകൊണ്ടു റോൺസൺ!!