മലയാളത്തില്‍ ഇടവേളയെടുക്കുന്നതിന് കാരണമുണ്ട്; തുറന്ന് പറഞ്ഞ് നസ്രിയ

മലയാളികളുടെ പ്രിയതാരമാണ് നസ്രിയ. നസ്രിയയുടെ ആ ക്യൂട്ട്‌നെസ് തന്നെയാണ് ആരാധകര്‍ക്കിത്രയും ഇഷ്ടം തോന്നാന്‍ പ്രധാന കാരണവും. മലയാളത്തിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട് നസ്രിയ. നടി എന്നതിലുപരി നിര്‍മാതാവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍…

മലയാളികളുടെ പ്രിയതാരമാണ് നസ്രിയ. നസ്രിയയുടെ ആ ക്യൂട്ട്‌നെസ് തന്നെയാണ് ആരാധകര്‍ക്കിത്രയും ഇഷ്ടം തോന്നാന്‍ പ്രധാന കാരണവും. മലയാളത്തിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട് നസ്രിയ. നടി എന്നതിലുപരി നിര്‍മാതാവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നീ റോളുകളിലെല്ലാം താരം തിളങ്ങി. നസ്രിയയുടേതായി നിരവധി അന്യഭാഷാ ചിത്രങ്ങള്‍ ഉണ്ടെങ്കിലും മലയാളത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം. എന്നാല്‍ ഇതിന് പിന്നിലെ സത്യാവസ്ഥ തുറന്ന് പറയുകയാണ് നസ്രിയ.

മലയാളത്തിലെ ഇടവേള മുന്‍കൂട്ടി തീരുമാനിച്ചെടുത്തതല്ലെന്നും ഇടവേള വന്നുപോയതാണെന്നുമാണ് താരം പറഞ്ഞത്. കഥകള്‍ ഇടയ്ക്കിടെ കേള്‍ക്കാറുണ്ടെന്നും ഇഷ്ടപ്പെടുന്നതിനോട് ഓക്കെ പറയാറുണ്ടെന്നും എന്നാല്‍ അത്തരത്തില്‍ ഇഷ്ടപ്പെടുന്ന കഥകളൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നുമാണ് താരം പറയുന്നത്. തനിക്ക് വ്യത്യസ്തത തോന്നിക്കാത്ത ഒന്നിനോടും ഓക്കെ പറയാറില്ലെന്നും നസ്രിയ പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു നസ്രിയ ഇക്കാര്യം വ്യക്തമാക്കിയത്.

‘ കഥകള്‍ കേള്‍ക്കുന്നുണ്ട്. ഇഷ്ടപ്പെടുന്ന കഥകളാണെങ്കില്‍ തീര്‍ച്ചയായും ഓക്കെ പറയും. പക്ഷേ ഇഷ്ടപ്പെട്ടത് കിട്ടിയില്ല എന്ന കാരണത്താല്‍ മാത്രമാണ് ഇടവേളകള്‍ വേണ്ടി വന്നത്. എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കാത്ത അല്ലെങ്കില്‍ വ്യത്യസ്തത തോന്നിപ്പിക്കാത്ത ഒന്നിനോടും ഓക്കെ പറയാറില്ല. അങ്ങനെയാണ് ഇടവേളകള്‍ ഉണ്ടാകുന്നത്,’ നസ്രിയ പറഞ്ഞു.

ഒരു സിനിമയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എന്തിനാണ് ഇത്രയും സമയം എന്ന് പലരും ചോദിക്കാറുണ്ടെന്നും എന്നാല്‍ വിജയം നേടാത്ത സിനിമയായാല്‍ പോലും തനിക്ക് വിശ്വാസം തോന്നിയവയില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെന്നും അത് അങ്ങനെ തന്നെ തുടരും എന്നുമായിരുന്നു താരം വ്യക്തമാക്കിയത്. റോള്‍ എന്തായാലും ചെയ്യുന്നത് മനോഹരമായി ചെയ്യുക എന്നതാണ് ആഗ്രഹമെന്നും കഥാപാത്രങ്ങളുടെ കാര്യത്തില്‍ താന്‍ കുറച്ച് സെല്‍ഫിഷാണെന്നും പറയുന്ന നസ്രിയ എല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഓം ശാന്തി ഓശാനയിലെപ്പോലെ കുറുമ്പുള്ള കഥാപാത്രം തേടി വന്നാല്‍ ഇനിയും ചെയ്യുമെന്നും പറഞ്ഞു.

നടി, നിര്‍മാതാവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ തുടങ്ങി താന്‍ ചെയ്യുന്ന ജോലികളെല്ലാം നന്നായി ആസ്വദിക്കുന്ന വ്യക്തിയാണ് താനെന്നും, എന്ത് റോള്‍ ചെയ്താലും അത് സിനിമയില്‍ തന്നെയാകണമെന്ന നിര്‍ബന്ധം തനിക്കുണ്ടെന്നും നസ്രിയപറഞ്ഞു. സംവിധാനമൊക്കെ ചിലപ്പോള്‍ ഉണ്ടാകുമായിരിക്കുമെന്നും അതെന്തായാലും അടുത്ത കാലത്തൊന്നും സംഭവിക്കില്ലെന്നും പറയുന്ന നസ്രിയ
സിനിമയ്ക്ക് പുറത്തുള്ള ഒരു റോള്‍ ആലോചിക്കുന്നില്ലെന്നും വ്യക്തമാക്കി.