
രാജ്യം കണ്ട എക്കാലത്തെയും അതികായനായ വ്യവസായി രത്തൻ നവൽ ടാറ്റ ഓർമയായിരിക്കുകയാണ്. മുംബൈയിലെ ബ്രീച് കാൻഡി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയില്‍ 4 ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്ന ഇദ്ദേഹം. വ്യാഴാഴ്ചയായിരുന്നു ആന്തരിച്ചത്. 86 വയസായിരുന്നു .
അതേസമയം സമ്പത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും രത്തന്‍ ടാറ്റ ആഡംബരങ്ങളിലും അംഗീകാരങ്ങളിലും അഭിരമിച്ചിരുന്നില്ല. ടാറ്റാ ട്രസ്റ്റിലൂടെ സമ്പത്തിന്റെ പകുതിയിലേറെ അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചു. അതുകൊണ്ടൊക്കെ തന്നെ രാജ്യത്തെ ഏറ്റവും പ്രിയങ്കരനായ വ്യവസായിയായി രത്തന്‍ ടാറ്റ മാറുകയായിരുന്നു.
അദാനിയും അംബാനിയും ഒക്കെ അരങ്ങു വാഴുന്ന ശതകോടീശ്വരന്മാരുടെ ലോകത്ത് എന്നും വ്യത്യസ്തൻ തന്നെയായിരുന്നു രത്തന്‍ ടാറ്റ. ആ വ്യത്യസ്തത രത്തന്‍ ടാറ്റയ്ക്ക് ആര്‍ജിക്കാന്‍ കഴിയുന്നത് അദ്ദേഹം ലോകത്തേയും തന്റെ ചുറ്റുമുള്ളവരേയും നോക്കി കാണുന്ന രീതി കൊണ്ട് കൂടി ആയിരുന്നു. 28കാരൻ ആയ ശന്തനു നായിഡു ആകട്ടെ അതിന് ഏറ്റവും വലിയ ഉദാഹരണവുമായിരുന്നു.
രണ്ടു വർഷങ്ങൾക്ക് മുൻപ് 26ആം വയസിൽ 84 കാരനായ രത്തന്‍ ടാറ്റയുടെ വിശ്വസ്തനും ഉറ്റ സുഹൃത്തുമായി മാറുകയായിരുന്നു ശന്തനു നായിഡു. രത്തൻ ടാറ്റയുടെ ജന്മദിനം ആഘോഷിക്കുന്ന ഒരു വീഡിയോയിലൂടെയാണ് ശന്തനു നായിഡു ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. തികച്ചും അപ്രതീക്ഷിതമായി സംഭവിച്ചതായിരുന്നു ഇരുവരുടെയും സൗഹൃദം.
നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജരായി സേവനമനുഷ്ഠിക്കുന്ന ശാന്തനുവിന്റെ രത്തന്‍ ടാറ്റയുമായുള്ള സൗഹൃദം ആരംഭിക്കുന്നത് ഒരു മുത്തശ്ശിക്കഥ പോലെ വിചിത്രമാണ്.

നായകളോടുള്ള സ്നേഹവും സഹാനുഭൂതിയുമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിന് കാരണമായത് . വിദ്യാഭ്യാസത്തിനു ശേഷം, പൂനെയിലെ ടാറ്റ എൽക്സിയിൽ ഓട്ടോമൊബൈൽ ഡിസൈൻ എൻജിനീയറായിട്ടാണ് ശന്തനു നായിഡു കരിയർ ആരംഭിക്കുന്നത്. ഈ കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് ശന്തനുവിന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്ന സംഭവം ഉണ്ടാകുന്നത്. ഒരിക്കല്‍ ജോലി കഴിഞ്ഞു രാത്രി വൈകി വീട്ടിലേക്ക് തന്റെ ബൈക്കില്‍ മടങ്ങുകയായിരുന്നു ശന്തനു. പെട്ടെന്ന് കാറിടിച്ച് റോഡില്‍ ചത്ത് കിടക്കുന്ന ഒരു നായയുടെ മൃതദേഹം ശന്തനു കാണാനിടയായി. വേഗം തന്റെ വണ്ടി നിര്‍ത്തി ആ നായയുടെ ജഡം റോഡില്‍ നിന്ന് മാറ്റിയിടാന്‍ ശന്തനു ശ്രമിക്കുമ്പോഴേക്കും മറ്റൊരു വാഹനം നായയുടെ ജഡത്തിലൂടെ കയറിയിറങ്ങി പോയി. ഈ സംഭവം ശന്തനുവിന്റെ മനസിന് വലിയ ആഘാതമായി. മനസില്‍ അദ്ദേഹം റോഡിലൂടെ അശ്രദ്ധമായി വാഹനമോടിച്ച് പോയവരെ ശപിച്ചു. പക്ഷെ അത് മാത്രം പോരായിരുന്നു ശന്തനുവിന്.
ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരിഹാരം കാണണമായിരുന്നു. അതിനായി റോഡില്‍ സ്ട്രീറ്റ് ലൈറ്റ് ഇല്ലെങ്കിലും രാത്രി നായകളെ കാണുന്നതിനായി ഒരു റിഫ്ളക്ടര് ഘടിപ്പിച്ച് ഒരു കോളര്‍ ശന്തനുവും സുഹൃത്തും നിര്‍മിച്ച് പ്രദേശത്തെ ചില നായകളുടെ കഴുത്തിലണിഞ്ഞു. ഇത് ഫലം കണ്ട് തുടങ്ങിയതോടെ ഈ കോളറിനായി നിരവധി പേര് സമീപിച്ചു. എന്നാല്‍ ഇത് ഒരു സംരംഭമാക്കാനുള്ള സാമ്പത്തിക ശേഷി ശന്തനുവില്ലായിരുന്നു. അങ്ങനെ പിതാവിന്റെ നിര്‍ദേശപ്രകാരം ശന്തനു രത്തന്‍ ടാറ്റക്ക് ഒരു കത്തെഴുതി. രണ്ട് മാസം കഴിഞ്ഞപ്പോള്‍, രത്തന്‍ ടാറ്റയുടെ മറുപടി കത്ത് ശന്തനുവിന് ലഭിച്ചു. ഇതിനോട് രത്തൻ ടാറ്റ എന്ന മഹാനായ ബിസിനസുകാരൻ പോസിറ്റീവായി പ്രതികരിച്ചു, എന്നു മാത്രമല്ല തന്നെ നേരില്‍ വന്ന് കാണണം എന്നായിരുന്നു ഈയൊരു കത്തിന്റെ മറുപടി.
അങ്ങനെ അവര്‍ മുംബൈയിലെ ഓഫീസില്‍ വച്ച് ആദ്യമായി കണ്ടുമുട്ടി. ശന്തനു ചെയ്ത ആ മഹത് പ്രവൃത്തി തന്നെ ആകര്‍ഷിച്ചുവെന്നും തുടർന്ന് അതിനായി താന്‍ എന്ത് ചെയ്യണമെന്നും രത്തന്‍ ടാറ്റ ശന്തനുവിനോട് ചോദിച്ചു. അങ്ങനെ ശന്തനുവിന്റെ സ്റ്റാര്‍ട്ട് അപ്പിന് ടാറ്റ ഗ്രൂപ്പിന്റെ ധനസഹായവും ലഭിച്ചു. തെരുവ് മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കോളറുകള്‍ നിര്‍മ്മിക്കുന്ന ‘മോട്ടോപാവ്സ്’ എന്ന പേരില്‍ ശാന്തനു ഒരു സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചു. അങ്ങനെ ആ സംരംഭം വളർന്നതിനൊപ്പം ഇരുവരുടെയും ആ സൗഹൃദം വളര്‍ന്നു വന്നു.

ഇതിനിടയില്‍ ശന്തനു വിദേശത്ത് പോയി എംബിഎ ബിരുദം നേടി.പൂനെയിലാണ് ശന്തനു നായിഡു ജനിച്ചതും, വളർന്നതും. സാവിത്രിഭായി ഫൂലെ പൂനെ സർവ്വകലാശാലയിൽ നിന്ന് 2014ൽ എൻജിനീയറിങ് ബിരുദം നേടി. പിന്നീട് 2016ൽ Cornell Johnson Graduate School of Management സ്കൂളിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തന്റെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കണം എന്ന് ശന്തനു രത്തന്‍ ടാറ്റയോട് അഭ്യര്‍ത്ഥിച്ചിരുന്നു . അദ്ദേഹം പങ്കെടുക്കാം എന്ന് ഉറപ്പും നല്കി.
എന്നാല്‍ പക്ഷെ അദ്ദേഹത്തിന് അന്ന് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. പകരം അദ്ദേഹം ശന്തനുവിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു. കൂടാതെ ബിരുദദാന ചടങ്ങില്‍ ധരിക്കുന്ന ഗൗണ്‍ ധരിച്ച് ശന്തനുവിനൊപ്പം ഫോട്ടോയും എടുത്താണ് അദ്ദേഹം അവിടെ നിന്ന് മടങ്ങിയത്. ആ സൗഹൃദം കൂടുതൽ ദൃഢമായപ്പോൾ ഒടുവില്‍ ടാറ്റ ട്രസ്റ്റിന് വേണ്ടി തന്റെ ജീവിതം സമര്‍പ്പിക്കാന്‍ ശന്തനു തീരുമാനിച്ചു.
രത്തന്‍ ടാറ്റയുടെ നര്‍മ്മബോധം തനിക്ക് ഏറെ ഇഷ്ടമാണെന്ന് ശന്തനു മുൻപ് പറഞ്ഞിട്ടുണ്ട്. രത്തൻ ടാറ്റയെ പറ്റി പറയുമ്പോൾ ശന്തനു വാചാലനാകും. അദ്ദേഹത്തിന് അഗാധമായ ജ്ഞാനമുണ്ട്. ഈ പ്രായത്തിലും അദ്ദേഹം യൗവനത്താല്‍ ചുറ്റാന്‍ ഇഷ്ടപ്പെടുന്നു. പ്രൊഫഷണലായും വ്യക്തിപരമായും വളരെ അടുത്ത ബന്ധമാണുള്ളത് തങ്ങൾക്കിടയിൽ ഉള്ളത് എന്നും അത് തന്നെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവനാക്കി എന്നും ശന്തനു നായിഡു പറഞ്ഞിട്ടുണ്ട്. ജോലിയുടെ കാര്യത്തില്‍ ശരിയായ ഫലമല്ലാതെ മറ്റൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ വ്യക്തിപരമായ കാര്യങ്ങളില്‍ അദ്ദേഹം പൂര്‍ണ്ണമായും വ്യക്തിപരവും ആയിരിക്കും എന്നും ശന്തനു അന്ന് പറയുകയുണ്ടായി.
അതേസമയം ടാറ്റയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തമുള്ള സ്ഥാപനമായ ടാറ്റ ട്രസ്റ്റിലാണ് ശന്തനു നായിഡു പ്രവര്‍ത്തിക്കുന്നത്. ടാറ്റ ഗ്രൂപ്പിലെ തന്റെ പ്രവർത്തനങ്ങൾക്കിടെ സ്വന്തമായി ഒരു സ്റ്റാർട്ടപ്പും ശന്തനു നായിഡു ആരംഭിച്ചു. ഗുഡ്ഫെല്ലോസ് (Goodfellows) എന്ന പേരിൽ മുതിർന്ന പൗരന്മാരെ സഹായിക്കുന്ന ഒരു സംരംഭമായിരുന്നു അത്. 5 കോടി രൂപയാണ് ഈ സ്റ്റാർട്ടപ്പ് സമാഹരിച്ചത്. ശന്തനുവിന്റെ ശ്രമങ്ങൾക്ക് രത്തൻ ടാറ്റയും പിന്തുണ നൽകി. അദ്ദേഹവും ഈ സംരംഭത്തിൽ നിക്ഷേപം നടത്തി.
ശന്തനുവിന്റെ യാത്ര ജീവിതം ബിസിനസ് വിജയങ്ങൾക്കപ്പുറം മറ്റെന്തെല്ലാമോ ആണെന്ന് പറയാം. സഹജീവികളോടുള്ള സഹാനുഭൂതി ഒരു വ്യക്തിയുടെ ജീവിതത്തെ നാടകീയമായി മാറ്റി മറിക്കുന്നതിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് ശന്തനു നായിഡു എന്ന ചെറുപ്പക്കാരൻ. രത്തൻ ടാറ്റ എന്ന മനുഷ്യ സ്നേഹിയാണ് അതിന് നിദാനമാകുന്നതും. രത്തന്‍ ടാറ്റയെ സോഷ്യല്‍ മീഡിയയില്‍ സജീവമാക്കിയത് പോലും ശന്തനു നായിഡുവാണ്. രത്തൻ ടാറ്റയെ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളാണ് പിന്തുടരുന്നത്. 10.5 മില്യണിലധികം ആളുകളാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം രത്തൻ ടാറ്റയെ ഫോളോ ചെയ്യുന്നത്.











