ഇത് ആരാധകര്‍ കാത്തിരുന്ന നിമിഷം!! നിത്യാ ദാസിന്റെ തിരിച്ചു വരവ്..

ഓര്‍ത്തുവെയ്ക്കാന്‍ ഒരുപാട് വേഷങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് നല്‍കിയാണ് നടി നിത്യാദാസ് കല്യാണ ശേഷം മലയാള സിനിമയില്‍ നിന്ന് വിട്ടുനിന്നത്. പിന്നീട് താരത്തിനെ കുറിച്ച് ഒരു വിവരവും ആരാധകര്‍ അറിഞ്ഞില്ല. അത്‌കൊണ്ട് തന്നെ പെട്ടെന്ന് മിനിസ്‌ക്രീനിലേക്കുള്ള…

ഓര്‍ത്തുവെയ്ക്കാന്‍ ഒരുപാട് വേഷങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് നല്‍കിയാണ് നടി നിത്യാദാസ് കല്യാണ ശേഷം മലയാള സിനിമയില്‍ നിന്ന് വിട്ടുനിന്നത്. പിന്നീട് താരത്തിനെ കുറിച്ച് ഒരു വിവരവും ആരാധകര്‍ അറിഞ്ഞില്ല. അത്‌കൊണ്ട് തന്നെ പെട്ടെന്ന് മിനിസ്‌ക്രീനിലേക്കുള്ള താരത്തിന്റെ തിരിച്ചു വരവ് ആരാധകരെ ഞെട്ടിച്ചു. തിരിച്ചു വരവിലുപരി നിത്യയുടെ മേക്കോവറായിരുന്നു ആരാധരെ അമ്പരപ്പിച്ചത്. ഇത് ഞങ്ങളുടെ പഴയ ബാസന്തി തന്നെയാണോ എന്ന് ആരാധകര്‍ പരസ്പരം ചോദിച്ചു. ടിക്ടോക്കിലൂടെയും ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയും മകളോടൊപ്പമായിരുന്നു താരം വീണ്ടും പ്രത്യക്ഷപ്പെട്ടത്. പിന്നീട് ചില റിയാലിറ്റി ഷോകളിലും മറ്റും അതിഥിയായും നിത്യ എത്തി. ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്ന ആ സന്തോഷ വാര്‍ത്തയും എത്തിയിരിക്കുകയാണ്. നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിത്യ വീണ്ടും സിനിമയില്‍ സജീവമാകാന്‍ പോകുന്നത്.

ശ്വേത മേനോന്‍, നിത്യ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രദ്ധേയ കലാസംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന ‘പള്ളിമണി’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് വീണ്ടും വരുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധേയ സിനിമാ താരങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ശ്വേത മേനോന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ‘പള്ളിമണി’. നായിക പദവിയിലേക്കുള്ള നിത്യ ദാസിന്റെ തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രം. 2007-ല്‍ പുറത്തിറങ്ങിയ സൂര്യ കിരീടം എന്ന സിനിമയിലാണ് താരം ഒടുവിലായി അഭിനയിച്ചത്. ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ രണ്ടു ചെറിയ കുട്ടികളുടെയും അതിജീവനത്തിന്റെ കഥയാണ് ‘പള്ളിമണി’ എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. എല്‍.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം അനിയന്‍ ചിത്രശാല നിര്‍വ്വഹിക്കുന്നു.കഥ തിരക്കഥ സംഭാഷണം കെ.വി അനില്‍ ആണ് എഴുതിയിരിക്കുന്നത്.