‘ഞാന്‍ വിവാഹം കഴിക്കുന്നില്ല, ഒരുക്കങ്ങള്‍ നടത്തിക്കോട്ടെയെന്ന് ചോദിച്ച് ഇനി ആരും വിളിക്കരുത്’; നിത്യ മേനോന്‍

  മലയാളികളുടെ പ്രിയതാരമാണ് നിത്യ മേനോന്‍. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെ മനസില്‍ ഇടം നേടാന്‍ താരത്തിനായി. ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും തത്സമയം ഒരു പെണ്‍കുട്ടി എന്ന…

 

മലയാളികളുടെ പ്രിയതാരമാണ് നിത്യ മേനോന്‍. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെ മനസില്‍ ഇടം നേടാന്‍ താരത്തിനായി. ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയാണ് നിത്യയെ മലയാളികള്‍ക്ക് സുപരിചിതയാക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിത്യ മേനോന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്നും മലയാളത്തിലെ ഒരു യുവനടനാണ് വരനെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

പ്രമുഖ മലയാള താരവുമായി വിവാഹിതയാവുന്നു എന്ന റിപോര്‍ട്ടുകളാണ് നിത്യയെ കുറിച്ച് വന്നിരുന്നത്. രണ്ട് അഭിനേതാക്കള്‍ക്കും സിനിമയില്‍ പ്രവേശിക്കുന്നതിന് മുമ്പ് പരസ്പരം അറിയാമായിരുന്നുവെന്നും ആ പഴയ ബന്ധം സൗഹൃദമായി മാറുകയും പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് നയിക്കുകയും ചെയ്തു എന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോഴിതാ ഈ വാര്‍ത്തയെക്കുറിച്ചും അതിന് പിന്നാലെയുണ്ടായ ഫോണ്‍ വിളികളെക്കുറിച്ചുമൊക്കെ ആദ്യമായി തുറന്ന് പറയുകയാണ് താരം.

വിവാഹ പ്ലാനുകളൊന്നുമില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ വെറുതെ സത്യാവസ്ഥ തിരക്കാതെ എഴുതിപ്പിടിപ്പിച്ചവയാണെന്നും ഇനി ഒരുക്കങ്ങള്‍ നടത്തിക്കോട്ടെ എന്ന് ചോദിച്ച് ഇനി ആരും തന്നെ വിളിക്കരുതെന്നുമാണ് നിത്യ പറഞ്ഞത്. സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്.

‘വിവാഹം കഴിക്കുന്നില്ല. വാര്‍ത്തയില്‍ പറയുന്നപോലൊരു വ്യക്തിയും ഇല്ല. ഞാന്‍ വിവാഹം കഴിക്കുന്നില്ലെന്ന് നേരിട്ട് പറയാന്‍ വേണ്ടിയാണ് ഈ അവസരം ഉപയോഗിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ആ വാര്‍ത്തയില്‍ സത്യമില്ല. ബോറടിച്ച ഒരാള്‍ എഴുതിയ വാര്‍ത്തമാത്രമാണത്. ഒരു നിര്‍മിത ലേഖനം’ എന്നാണ് വാര്‍ത്തയെക്കുറിച്ച് നിത്യ മേനോന്‍ പ്രതികരിച്ചത്.

തന്റെ കണങ്കാലിനേറ്റ പരിക്ക് സുഖം പ്രാപിച്ച് വരികയാണെന്നും കാലില്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും താരം പറഞ്ഞു. ഒപ്പം താന്‍ അഭിനയത്തില്‍ നിന്നും ഒരു ഇടവേളയെടുക്കാന്‍ പോവുകയാണെന്നും നിത്യ മേനോന്‍ വ്യക്തമാക്കി.

‘ഒരു യന്ത്രമനുഷ്യനെപ്പോലെ തുടര്‍ച്ചയായി അല്ലെങ്കില്‍ യാന്ത്രികമായി പ്രവര്‍ത്തിക്കാന്‍ എനിക്ക് ഒരിക്കലും കഴിയില്ല. എനിക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു വര്‍ഷമായിരുന്നു. ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ എല്ലാ ദിവസവും ജോലി ചെയ്തു. ലോക്ക്ഡൗണ്‍ കാരണം എല്ലാ വര്‍ക്കുകളും കുമിഞ്ഞുകൂടിയിരുന്നു. എന്റെ അഞ്ചോ ആറോ പ്രോജക്റ്റുകള്‍ കൂടി റിലീസ് ചെയ്യാനുണ്ട്.
എനിക്ക് ഒരു ഇടവേള ആവശ്യമാണ്’ നിത്യ മേനോന്‍ പറഞ്ഞു.

ഇനി അല്‍പ്പം യാത്ര ചെയ്യാമെന്ന തീരുമാനത്തിലാണെന്നും
പിന്നെ തിരിച്ച് വന്ന് അഭിനയിക്കാമെന്നും പറഞ്ഞ താരം തന്റെ വിവാഹ പരിപാടികള്‍ ക്രമീകരിക്കാന്‍ ഇനി കോളുകളുടെ ആവശ്യമില്ല എന്നും വ്യക്തമാക്കി.