‘മഹാനടി’യിൽ ആദ്യം നായികയായി പരി​ഗണിച്ചത് നിത്യ മേനോനെ’ ; നാ​ഗ് അശ്വിന്റെ വാക്കുകൾ 

മുൻനിര നായിക നടിമാരിൽ നിന്നും പല കാര്യങ്ങളിലും വ്യത്യസ്തയാണ് നടി നിത്യ മേനോൻ. അഭിനയിച്ച സിനിമകളിലെല്ലാം ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ച വെച്ചത്.  സ്ക്രീൻ സ്പേസിനപ്പുറം സ്ക്രീൻ പ്രസൻസ് കൊണ്ട് പേക്ഷകരെ പിടിച്ചിരുത്താൻ കഴിവുള്ള…

മുൻനിര നായിക നടിമാരിൽ നിന്നും പല കാര്യങ്ങളിലും വ്യത്യസ്തയാണ് നടി നിത്യ മേനോൻ. അഭിനയിച്ച സിനിമകളിലെല്ലാം ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ച വെച്ചത്.  സ്ക്രീൻ സ്പേസിനപ്പുറം സ്ക്രീൻ പ്രസൻസ് കൊണ്ട് പേക്ഷകരെ പിടിച്ചിരുത്താൻ കഴിവുള്ള നടി കൂടിയാണ് നിത്യ. തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ നിത്യ മേനോൻ താൽപര്യപെടുന്നില്ല. ഒരുപിടി സിനിമകൾ ചെയ്ത ശേഷം കുറച്ച് നാൾ മാറിനിന്ന് വീണ്ടും തിരിച്ചെത്തുന്നതാണ് നിത്യ മേനോന്റെ അഭിനയ രീതി. ഇടവേളകൾ തന്നെ സംബന്ധിച്ച് പ്രധാനമാണെന്നാണ് നിത്യ മേനോൻ പറയുന്നത്. സിനിമയുടെ കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ സൂപ്പർ താര സാന്നിധ്യമോ മറ്റ് മാർക്കറ്റിം​ഗ് ഘടകങ്ങളോ നോക്കി സിനിമകൾ ചെയ്യാൻ നിത്യ താൽപര്യപ്പെടാറുമില്ല. അതേസമയം നിത്യ മേനോന് നഷ്ടപ്പെട്ട കരിയറിലെ ഏറ്റവും വലിയ സിനിമകളിലൊന്നാണ് 2019 ൽ പുറത്തിറങ്ങിയ മഹാനടി. വിഖ്യാത തെലുങ്ക് നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടിയിൽ ആദ്യം നായികയായി പരി​ഗണിച്ചത് നിത്യ മേനോനെയാണ്.
എന്നാൽ പിന്നീട് ചിത്രത്തിൽ നായികയായത് കീർത്തി സുരേഷാണ്. കീർത്തി സുരേഷിന്റെ കരിയറിൽ എക്കാലത്തും അടയാളപ്പെടുത്താവുന്ന സിനിമയായി മഹാന‌ടി മാറി. അവിസ്മരണീയ പ്രകടനമാണ് ചിത്രത്തിൽ കീർത്തി സുരേഷ് കാഴ്ച വെച്ചത്. എങ്കിലും നിത്യ മേനോൻ ഈ റോൾ ചെയ്തിരുന്നെങ്കിൽ എങ്ങനെയായേനെ എന്ന കൗതുകം ആരാധകർക്കുണ്ട്.

സാവിത്രിയായി നിത്യ മേനോനെ കാസ്റ്റ് ചെയ്യാത്തതിനെക്കുറിച്ച് മുമ്പൊരിക്കൽ മഹാനടിയുടെ സംവിധായകൻ നാ​ഗ് അശ്വിൻ പറഞ്ഞ വാക്കുകളാണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മഹാനടിയിൽ തീർച്ചയായും ആദ്യത്തെ ചോയ്സ് നിത്യ മേനോനായിരുന്നു. ഒപ്പം മറ്റ് നടിമാരെയും പരി​ഗണിച്ചിരുന്നു. അനുഷ്കയും വിദ്യ ബാലനെയുമെല്ലാം. വലിയൊരു കഥാപാത്രമായതിനാൽ സ്വാഭാവികമായും ആദ്യം ഇവരെ ചിന്തിക്കും. പക്ഷെ സാവിത്രി ​ഗാരു കീർത്തിയെ തെരഞ്ഞെടുത്തെന്നാണ് എനിക്ക് തോന്നുന്നത്. മാത്രമല്ല സിനിമയിൽ സാവിത്രയുടെ കൗമാരകാലം മുതൽ നാൽപതുകൾ വരെ കാണിക്കുന്നുണ്ട്. എല്ലാ അഭിനേതാക്കൾക്കും ആ ഏജ് റേഞ്ച് ചെയ്യാൻ പറ്റില്ല. കീർത്തി മാത്രമാണ് ആ കഥാപാത്രത്തിന് അനുയോജ്യയെന്ന് കരുതുന്നെന്നും നാ​ഗ് അശ്വിൻ അന്ന് വ്യക്തമാക്കി. സിനിമയിൽ താരതമ്യേനെ ചെറിയ വേഷം ചെയ്യാൻ തയ്യാറായ സമാന്തയെ സംവിധായകൻ അന്ന് അഭിനന്ദിക്കുകയും ചെയ്തു.

വലിയൊരു താരമായി‌ട്ടും ടൈറ്റിൽ റോൾ അല്ലാത്ത കഥാപാത്രം ചെയ്യാൻ സമാന്ത തയ്യാറായി. സിനിമാ രം​ഗത്ത് ഇത്തരം തീരുമാനങ്ങൾ ഒരുപാട് ​ഗുണം ചെയ്യുമെന്നും നാ​ഗ് അശ്വിൻ വ്യക്തമാക്കി. സമാനമായി മഹാനടിയിൽ അഭിനയിക്കാൻ തയ്യാറായ ദുൽഖർ സൽമാനെയും വിജയ് ​ദേവരകൊണ്ടയെയും നാ​ഗ് അശ്വിൻ പ്രശംസിച്ചു. തെലുങ്ക് സിനിമാ ലോകത്തിന് മറക്കാനാകാത്ത നടിയാണ് സാവിത്രി. സംഭവ ബഹുലമായ ജീവിതം നയിച്ച സാവിത്രിയുടെ ബയോപിക് വലിയ തോതിൽ ചർച്ചയായി മാറി. മഹാനടിയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കീർത്തി സുരേഷ് സ്വന്തമാക്കി. സാവിത്രിയായി മറ്റൊരു സിനിമയിൽ നിത്യ മേനോൻ അഭിനയിച്ചിട്ടുണ്ട്. ‘എൻ‌ടിആർ കഥാനായകുടു’ എന്ന സിനിമയിലാണ് സാവിത്രിയെ നിത്യ അവതരിപ്പിച്ചത്. അന്തരിച്ച എൻടിആറിന്റെ ബയോപിക്കായിരുന്നു ഈ സിനിമ. സിനിമകളുടെ തിരക്കിലാണ് കീർത്തി സുരേഷും നിത്യ മേനോനും ഇപ്പോൾ. സിനിമകൾ കൂടാതെ വെബ് സീരിസിലും നിത്യാ മേനോൻ ഇപ്പോൾ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. മാസ്റ്റർ പീസ് എന്ന മലയാളം  വെബ് സീരീസിലാണ് നിത്യ മേനോനെ അടുത്തിടെ പ്രേക്ഷകർ കണ്ടത്. ഷറഫുദ്ധീൻ , രഞ്ജി പണിക്കർ അശോകൻ, ശാന്തി കൃഷ്ണ, മാല പാർവതി എന്നിവരാണ് നിത്യ മേനോനൊപ്പം സീരിസിൽ അഭിനയിക്കുന്ന മറ്റു താരങ്ങൾ.