ആശ്ചര്യം തോന്നിയ നടി മഞ്ജു വാര്യർ ; മനസ്സു തുറന്ന് നടി നിത്യ രവീന്ദർ

മലയാളവും കടന്ന് തമിഴ് സിനിമാ രം​ഗത്തും മഞ്ജു വാര്യർ ശ്രദ്ധേയ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. തുനിവ്, അസുരൻ എന്നീ സിനിമകളുടെ വിജയത്തിന് ശേഷം മഞ്ജുവിനെ തേടി തമിഴിൽ നിന്നും തുടരെ അവസരങ്ങളെത്തുകയാണ് താരത്തിന്. ചുരുങ്ങിയ നാളുകൾക്കുള്ളിൽ…

മലയാളവും കടന്ന് തമിഴ് സിനിമാ രം​ഗത്തും മഞ്ജു വാര്യർ ശ്രദ്ധേയ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. തുനിവ്, അസുരൻ എന്നീ സിനിമകളുടെ വിജയത്തിന് ശേഷം മഞ്ജുവിനെ തേടി തമിഴിൽ നിന്നും തുടരെ അവസരങ്ങളെത്തുകയാണ് താരത്തിന്. ചുരുങ്ങിയ നാളുകൾക്കുള്ളിൽ തമിഴകത്ത് മഞ്ജു നേടിയ ജനപ്രീതി എടുത്ത് പറയേണ്ടതാണ്. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാരിയരെക്കുറിച്ച് നടി നിത്യ രവീന്ദർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അതേസമയം മഞ്ജുവിനെക്കുറിച്ച് നിത്യ പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട് ഇപ്പോൾ. മഞ്ജുവിന്റെ ജീവിതം ഏവർക്കും പ്രചോദനമാണെന്ന് നിത്യ രവീന്ദർ പറയുന്നു. ന‌ടി മീര ജാസ്മിന്റെ പെർഫോമൻസ് വളരെ ഇഷ്ടമാണ്. എന്നാൽ എനിക്ക് കണ്ട് ആശ്ചര്യം തോന്നിയ നടി മഞ്ജു വാര്യരാണ്. ജീവിതത്തിൽ എല്ലാവരും ഇങ്ങനെയായിരിക്കണം എന്ന് കരുതുന്നു. അവരിൽ നിന്നും ഞാൻ പഠിച്ച പാഠം ജീവിതത്തിൽ നടക്കുന്ന ഒരു കാര്യവും നമ്മുടെ മുന്നേറ്റത്തിന് പ്രതിബന്ധമാകരുത് എന്നാണ്. ജീവിതത്തിൽ ആയിരം പ്രശ്നങ്ങൾ വരും, പോകും. പക്ഷെ നമുക്ക് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുക. ഇവരൊക്കെയാണ് പ്രചോദനം. ഇൻസ്പിരേഷൻ എന്ന് വെറുതെ പറയുന്നതിലല്ല കാര്യം. ഒരു ചെറിയ വിഷമം വന്നാൽ തലയിൽ കെെ വെച്ച് ദുഖിച്ചിരിക്കുകയല്ല വേണ്ടത്. പോയത് പോയി. അതിലിപ്പോൾ എന്താണ്. പകരം വന്നതെന്താണെന്ന് നോക്കൂ. ഇക്കാര്യത്തിൽ എനിക്ക് മഞ്ജു വാര്യരെ വളരെ ഇഷ്ടമാണെന്നും നിത്യ വ്യക്തമാക്കി. അണിയറയിൽ ഒരുങ്ങുന്ന പുതിയ രജിനികാന്ത് ചിത്രത്തിലും മഞ്ജു ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. തമിഴകത്ത് നാൾക്ക് നാൾ മഞ്ജുവിന്റെ ജനപ്രീതി വർധിച്ചു വരികയാണ്. മലയാള സിനിമകളിൽ അഭിനയിച്ചതിന്റെ അനുഭവങ്ങളും നിത്യ രവീന്ദർ പങ്കുവെച്ചു. നെടുമുടി വേണു, സുകുമാരൻ, മോഹൻലാൽ തുടങ്ങിയവർക്കൊപ്പമെല്ലാം അഭിനയിച്ചി‌ട്ടുണ്ട്. നെടുമുടി വേണു സാറിനെ മറക്കാൻ പറ്റില്ല.

എത്ര വലിയ ആർട്ടിസ്റ്റാണ്. ഏത് കഥാപാത്രം കൊടുത്താലും അതിൽ അദ്ദേഹം ജീവിക്കും. മലയാളത്തിൽ തനിക്കേറെ ഇഷ്‌ടപ്പെട്ട നടൻ മോഹൻലാലാണ്. ഞാനും ഒരു ആർട്ടിസ്റ്റാണ്. പക്ഷെ കഥാപാത്രമെന്നത് മുഖത്ത് മാത്രം കൊടുക്കുന്ന എക്സ്പ്രഷൻ അല്ല. ശരീരഭാഷയും പ്രധാനമാണ്. ദൃശ്യത്തിൽ അദ്ദേഹം സൈക്കിളോടിക്കുന്ന രം​ഗമുണ്ട്. അത് കണ്ടാൽ ഈ മനുഷ്യൻ സൈക്കിളല്ലാതെ മറ്റൊന്നും ഓടിച്ചിട്ടില്ലെന്ന് തോന്നും. അദ്ദേഹം കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും നിത്യ ചൂണ്ടിക്കാട്ടി. മലയാളത്തിൽ സ്വാഭാവികമായി അഭിനയിച്ചാൽ മതി. തമിഴിൽ കുറേക്കൂടി അഭിനയിക്കണം. തെലുങ്കിൽ ഒരുപാട് ഭാവങ്ങൾ കൊടുത്താലേ പ്രേക്ഷകർക്ക് ഇഷ്ടപ്പെടൂ. ഓരോ ഭാഷയിൽ ഇത് മനസിലാക്കിയാണ് അഭിനയിച്ചതെന്നും നിത്യ വ്യക്തമാക്കി. തമിഴിൽ ഞാൻ കണ്ട് അത്ഭുതപ്പെട്ട നടി ശ്രീവിദ്യാമ്മയാണ്. എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങൾ അവർ ചെയ്തു. വ്യക്തിപരമായും അവരുമായി അ‌ടുപ്പമുണ്ടായിരുന്നു. സുജാതയും തനിക്ക് ഇഷ്ടപ്പെട്ട നടിയാണ്. ഇമോഷണൽ സീനുകൾ ചെയ്താൽ അതിൽ നിന്നും പുറത്ത് വരാൻ അവർ കുറച്ച് സമയമെടുക്കുമെന്നും നിത്യ രവീന്ദർ വ്യക്തമാക്കി. സിനിമയെക്കുറിച്ച് ആരെങ്കിലും കുറ്റം പറയുന്നത് എനിക്കിഷ്ടമല്ല. ഭർത്താവുമായി തർക്കിക്കുന്നത് പോലും  ഏതെങ്കിലും സിനിമ ശരിയായില്ലെന്ന് പറയുമ്പോൾ മാത്രമാണ്. ആരും അറിഞ്ഞ് കൊണ്ട് മോശം സിനിമ ചെയ്യുന്നില്ല. എല്ലാ ഫിലിം മേക്കേർസും നല്ല സിനിമ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും നിത്യ രവീന്ദർ ചൂണ്ടിക്കാട്ടി. ബാലതാരമായി അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന നിത്യ രവീന്ദർ ഇതുവരെ 75 സിനിമകളിലോളം അഭിനയിച്ചിട്ടുണ്ട്‌. സീരിയൽ രം​ഗത്തും നിത്യ രവീന്ദർ സജീവ സാന്നിധ്യമായി തുടരുകയാണ്.