ആദ്യമായി നായകവേഷം, പ്രതിഫലം പോലും വാങ്ങിക്കാതെ മാമുക്ക!!!

പ്രിയ താരം മാമുക്കോയയുടെ വേര്‍പാട് മലയാൡയ്ക്ക് എന്നും നോവോര്‍മ്മയാണ്. എത്ര പറഞ്ഞാലും പ്രിയപ്പെട്ടവര്‍ക്ക് മാമുക്കയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് തീരുന്നില്ല. അത്രമാത്രം പ്രിയപ്പെട്ടൊരാളാണ് മണ്‍മറഞ്ഞത്. അനശ്വരമായി ആ നിറഞ്ഞ ചിരി ഇനി സ്‌ക്രീനില്‍ മാത്രം തെളിയും.…

പ്രിയ താരം മാമുക്കോയയുടെ വേര്‍പാട് മലയാൡയ്ക്ക് എന്നും നോവോര്‍മ്മയാണ്. എത്ര പറഞ്ഞാലും പ്രിയപ്പെട്ടവര്‍ക്ക് മാമുക്കയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് തീരുന്നില്ല. അത്രമാത്രം പ്രിയപ്പെട്ടൊരാളാണ് മണ്‍മറഞ്ഞത്. അനശ്വരമായി ആ നിറഞ്ഞ ചിരി ഇനി സ്‌ക്രീനില്‍ മാത്രം തെളിയും.

ഇപ്പോഴിതാ, സംവിധായകന്‍ അനീഷ് വര്‍മയും മാമുക്കയെ കുറിച്ചുള്ള ഹൃദ്യമായ ഓര്‍മ്മ പങ്കുവച്ചിരിക്കുകയാണ്. മാമുക്കോയ ആദ്യമായി നായകനായി എത്തിയ നിയോഗം സിനിമയുടെ സംവിധായകനാണ് അനീഷ് വര്‍മ. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ട മാമുക്കോയ പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും അനീഷ് വര്‍മ പറഞ്ഞു. ചിത്രത്തിന്റെ എഡിറ്റിങ് പൂര്‍ത്തിയായ സമയം വേഗം ഡബ്ബ് ചെയ്തു തീര്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രോഗബാധിതനായി ശബ്ദത്തിനു ചെറിയ പ്രശ്‌നം വന്നതുകൊണ്ടാണെന്ന് അങ്ങനെ പറഞ്ഞതെന്ന് അറിഞ്ഞിരുന്നില്ലെന്ന് അനീഷ് പറയുന്നു.

മറ്റൊരു ചിത്രത്തിന്റെ കാര്യം സംസാരിക്കാന്‍ രണ്ടാഴ്ച മുന്‍പും മാമുക്കോയയെ കണ്ടിരുന്നു. കുറെ നേരം വര്‍ത്തമാനം പറഞ്ഞ ശേഷമാണ് അന്ന് പിരിഞ്ഞത്. ഉരു എന്ന സിനിമയുടെ പ്രമോഷന് പോകാന്‍ തയാറെടുക്കുകയായിരുന്നു അദ്ദേഹം. രണ്ടുദിവസം മുന്‍പ് രോഗം മൂര്‍ച്ഛിച്ചെങ്കിലും തന്റെ നായകന്‍ ഇത്ര പെട്ടെന്ന് ലോകത്തോട് വിടപറയും എന്ന് കരുതിയിരുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു.

തിളക്കം എന്ന സിനിമ മുതല്‍ മാമുക്കയെ പരിചയമുണ്ട്. നായകനാക്കി ഒരു സിനിമ ചെയ്യണമെന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു. നിയോഗത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. എപ്പോഴാണ് ഡേറ്റ് വേണ്ടത് എന്നാണ് അദ്ദേഹം ചോദിച്ചത്. കട്ടപ്പന, കല്‍പ്പറ്റ, പാലക്കാട് ഒക്കെയായിരുന്നു ഷൂട്ട് ചെയ്തിരുന്നത്.

കഥാപാത്രത്തെ അത്രയ്ക്ക് ഇഷ്ടപ്പെട്ടതുകൊണ്ടാണ് അദ്ദേഹം ഈ സിനിമ ചെയ്തത്. പതിനഞ്ച് ദിവസമേ ഷൂട്ടിങ് ഉണ്ടായിരുന്നുള്ളൂ. അതിന് അദ്ദേഹം വണ്ടിക്കൂലി മാത്രമായിരുന്നു വാങ്ങിയത്. മറ്റൊരു പ്രതിഫലമൊന്നും വാങ്ങിയിരുന്നില്ലെന്നും അനീഷ് പറഞ്ഞു.

പ്രിയന്‍ സര്‍, ജയരാജ് സര്‍, സത്യന്‍ അന്തിക്കാട് സര്‍ തുടങ്ങിയ പ്രതിഭാധന്മാരായ സംവിധായകരുമായി വര്‍ക്ക് ചെയ്തിട്ടുള്ള മാമുക്ക എന്റെ കഥ കേട്ട് എന്റെ സിനിമയില്‍ അഭിനയിച്ചത് എന്റെ ഭാഗ്യം തന്നെയാണ്. എന്റെ സിനിമയില്‍ അഭിനയിക്കുമ്പോഴും ആരോഗ്യപരമായി ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടാണ് എഡിറ്റിങ് കഴിഞ്ഞപ്പോള്‍ നമുക്ക് വേഗം തന്നെ ഡബ്ബ് ചെയ്യാം എന്നും അദ്ദേഹം പറഞ്ഞതെന്ന് പിന്നീടാണ് മനസിലായത്. പടം കണ്ടിട്ട് വളരെ നന്നായിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. നിയോഗത്തില്‍ അഭിനയിച്ച കുട്ടിക്ക് കേരള വിഷന്റെയും ജെ.സി. ഡാനിയല്‍ ഫൗണ്ടേഷന്റെയും അവാര്‍ഡും ലഭിച്ചിരുന്നു. അദ്ദേഹത്തിനും അവാര്‍ഡ് ലഭിക്കും എന്ന് കരുതിയിരുന്നു. നിയോഗം തിയറ്ററില്‍ റിലീസ് ചെയ്യണം എന്നാണ് ആഗ്രഹം. അത് പറ്റിയില്ലെങ്കില്‍ ഒടിടിയില്‍ എങ്കിലും റിലീസ് ചെയ്യണമെന്നും അനീഷ് വര്‍മ പറഞ്ഞു.