പൂക്കളത്തിലെ മഹാലക്ഷ്മി; കണ്ണൂരിലെ ഓണം ആചാരങ്ങൾ

ഓണം മലയാളികൾക്ക് എന്നും ഒരു വികാരം തന്നെയാണ്. ലോകത്തിന്‍റെ ഏതു ഭാഗത്താണെങ്കിലും നാട്ടിലെത്താൻ ഓരോ മലയാളിയും ആഗ്രഹിക്കുന്ന സമയം. പ്രിയപ്പെട്ടവർക്കൊപ്പം പൂക്കളമിട്ടും ഓണസദ്യയൊരുക്കിയും നാട്ടിലെ ആഘോഷങ്ങളിലും മത്സരങ്ങളിലും പങ്കെടുത്തും ചെലവഴിക്കാനും എല്ലാവരെയും കാണാനും വിശേഷങ്ങൾ…

ഓണം മലയാളികൾക്ക് എന്നും ഒരു വികാരം തന്നെയാണ്. ലോകത്തിന്‍റെ ഏതു ഭാഗത്താണെങ്കിലും നാട്ടിലെത്താൻ ഓരോ മലയാളിയും ആഗ്രഹിക്കുന്ന സമയം. പ്രിയപ്പെട്ടവർക്കൊപ്പം പൂക്കളമിട്ടും ഓണസദ്യയൊരുക്കിയും നാട്ടിലെ ആഘോഷങ്ങളിലും മത്സരങ്ങളിലും പങ്കെടുത്തും ചെലവഴിക്കാനും എല്ലാവരെയും കാണാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും ഓണത്തേക്കാൾ മികച്ച സമയമില്ല.മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷമാണ് ഓണം. മലയാളികൾ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം ഓണം കെങ്കേമമായി ആഘോഷിക്കും. അസുരചക്രവർത്തി മഹാബലിയുമായിടെ ഭരണത്തിന്‍റെയും അദ്ദേഹം വർഷത്തിലൊരിക്കൽ ഭൂമിയിലേക്ക തന്റെ പ്രജകളെ കാണാൻ മടങ്ങി വരുന്നതിന്റെയും ഓർമ്മയിലാണ് ഓണം ആഘോഷിക്കുന്നത് എന്നാണ് പറയുന്നത്. . കണ്ണൂരിൽ ഓണം ചടങ്ങുകൾ ഓണം ആഘോഷങ്ങളുടെ മാത്രമല്ല, അപൂർവ്വങ്ങളായ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും സമയം കൂടിയാണ്. പൂക്കളവും സദ്യയും മാറ്റിനിർത്തിയാൽ ഓണത്തിന് ഓരോ നാടും വ്യത്യസ്തമാണ്. സദ്യയിലെ വിഭവങ്ങൾ മുതൽ ഓണക്കളികളിലും ചടങ്ങുകളിലും മാറ്റങ്ങള്‍ കാണാം. ഓണത്തെ കണ്ണൂർ ജില്ല എങ്ങനെ ഏതൊക്കെ ചടങ്ങുകളിലൂടെ സ്വീകരിക്കുന്നുവെന്നും ആഘോഷിക്കുന്നുവെന്നും നോക്കാം. പൂക്കളത്തിലെ മഹാലക്ഷ്മി കണ്ണൂരുകാരുടെ ഓണം ചടങ്ങുകളിൽ പൂക്കളത്തിനൊപ്പം ഒരു മഹാക്ഷ്മിയെയും കാണാം. ഓണത്തിന് വീട്ടിൽ ഐശ്വര്യം കൊണ്ടുവരാൻ മഹാലക്ഷ്മി സഹായിക്കും എന്നാണ് വിശ്വാസം. ഇതിനായി അത്തത്തിനു ശേഷം ചേതി പൂക്കൾ ഉപയോഗിച്ചാണ് ഇവിടെ പൂക്കളം തയ്യാറാക്കുക. ശീബോതിയമ്മയെ വീട്ടിൽ കൊണ്ടുവന്ന് കുടിയിരുത്തുക എന്നതാണ് ഈ ചടങ്ങിനു പിന്നിൽ.മഹാലക്ഷ്മിയുമായി ബന്ധപ്പെട്ടു വേറെയും ചടങ്ങുകൾ ഇവിടെയുണ്ട്. ഈ ചേതിപ്പൂവ് എന്നത് മഹാലക്ഷ്മിയുടെ കാൽവിരലുകളാണെന്നാണ് കരുതുന്നത്. അതിനാൽ ചേതിപ്പൂവ് ഉപയോഗിച്ച് പൂക്കളമിട്ടാൽ ദേവി ആ വീട്ടിൽ ഐശ്വര്യം നിറയ്ക്കുമത്രെ. ഇത് കൂടാതെ ആ വർഷം ആദ്യം കൊയ്ത നെല്ല് മകം ദിവസത്തിൽ വീട്ടിലേക്ക് കൊണ്ടുവരുന്ന ഒരു ചടങ്ങും കണ്ണൂരിൽ പതിവുണ്ട്.


ചിങ്ങത്തിലെ വെള്ളം അമൃത് വെള്ളം കണ്ണൂരിൽ തന്നെ പ്രചാരത്തിലുള്ള മറ്റൊരു വിശ്വാസമാണ് ചിങ്ങത്തിലെ വെള്ളം അമൃത് വെള്ളം എന്നത്. ഇന്നത്തെ തലമുറയ്ക്ക് തീർത്തും അപചരിചിതമാണ് ഈ ചടങ്ങും അത് സംബന്ധിച്ച വിശ്വാസങ്ങളും. ചിങ്ങമാസം മുഴുവനും വീട്ടുമുറ്റത്ത് പൂവിടുന്ന ഒരു ചടങ്ങ് ഇന്നും കണ്ണൂരിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്നു. ഇങ്ങനെ പൂവിടുമ്പോൾ പൂക്കളത്തിന് സമീപത്തായി ഒരു ചെറിയ പാത്രത്തിൽ അപ്പോൾ കോരിയെടുത്ത കിണറ്റിലെ വെള്ളവും വയ്ക്കും. തുടർന്ന് വൈകിട്ട് പൂക്കളം കളയുമ്പോൾ വെള്ളം തിരികെ കിണറ്റിലേക്ക് ഒഴിക്കുകയും ചെയ്യുന്നു. ഇങ്ങനെ കിണറ്റിലേക്ക് വെള്ളം തിരികെ ഒഴിക്കുമ്പോൾ ഏതെങ്കിലും ഒരു ദിവസം ആ വെള്ളം അമൃതാവും എന്നാണ് വിശ്വാസം. 30 ദിവസവും ഇങ്ങനെ ചെയ്യുന്നതിൽ ഏതെങ്കിലും ഒരു ദിവസമാണത്രെ വെള്ളത്തിൽ അമൃതുണ്ടാവുക. ഈ വിശ്വാസത്തിൽ നിന്നാണ് ചിങ്ങത്തിലെ വെള്ളം അമൃത് വെള്ളം എന്ന ചടങ്ങ് വന്നത്. പല വീടുകളിലും ഇന്നും ഈ ചടങ്ങ് തുടരുന്നു.ഓണത്തെയ്യം കണ്ണൂരിൽ പ്രചാരത്തിലുള്ള മറ്റൊരു ചടങ്ങാണ് ഓണത്തെയ്യം. ഓണത്തിനു മാത്രം വരുന്ന തെയ്യമായതിനാലാണ് ഇതിനെ ഓണത്തെയ്യം എന്നു പറയുന്നത്. മറ്റു തെയ്യങ്ങളെപ്പോലെ വലിയ അലങ്കാരങ്ങളോ മുഖത്തെഴുത്തോ ഇതിനില്ല. മുഖത്ത് തേപ്പും ചെറിയ മുടിയും വലതു കയ്യില്‍ ഒരു മണിയും ഇടതു കയ്യില്‍ ഓണവില്ലുമാണ് അവരുടെ രൂപം. വീടുകൾ തോറും കയറിയിറങ്ങി കൊട്ടിപ്പാടി വരുന്ന ഈ തെയ്യം ഓണത്താർ തെയ്യം എന്നും അറിയപ്പെടുന്നു. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം നാളുകളില്‍ ആണ് ഇവര്‌ എത്തുന്നത്.ഓണപ്പൊട്ടൻ കണ്ണൂരിലെ ഓണക്കാലത്തെ മറ്റൊരു ആചാരമാണ് ഓണപ്പൊട്ടൻ അഥവാ ഓണേശ്വരന്റെ വരവ്. ഓണത്തെയ്യത്തിന്റെ വായതുറക്കാത്ത അഥവാ സംസാരിക്കാത്ത രൂപമാണിത്. ഉത്രാടനാളിൽ എത്തുന്ന ഓണപ്പൊട്ടൻ വീടുകളിൽ ഐശ്വര്യം നിറയ്ക്കുന്നുവെന്നാണ് വിശ്വാസം. നിലത്തു കാലുറപ്പിച്ചു നിൽക്കുന്ന ഒരു പതിവ് ഓണപ്പൊട്ടനില്ല. പകരം നിലത്തുനിൽക്കാതെ ചാടിയും ഓടിയും തുള്ളിയും ഓണപ്പൊട്ടൻ സമയം ചെലവഴിക്കും.കൈതനാരു കൊണ്ടുമെടഞ്ഞ മുടിയും കുരുത്തോലക്കുടയും മുഖത്തു ചായവുമാണ് ഓണപ്പൊട്ടന്റെ രൂപം. കയ്യിലെ മണി കിലുക്കി വരുന്ന ഓണപ്പൊട്ടനെ അറിയുന്നത് ഈ മണികിലുക്കത്തിലൂടെയാണ്. ഓണപ്പൊട്ടനായി എത്തുന്നത് മഹാബലിയാണെന്ന വിശ്വാസത്തിൽ ആളുകൾ വീട്ടിൽവന്ന് മടങ്ങുന്ന ഓണപ്പൊട്ടന് കൈനിറയെ അരിയും മറ്റു സാധനങ്ങളും കൊടുത്താണ് യാത്രയാക്കുന്നത്. കണ്ണൂർ കൂടാതെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഈ തെയ്യം വരുന്ന പതിവുണ്ട്.