ഒരേ പന്തലില്‍ മകള്‍ക്കും ആദിവാസി യുവതിക്കും മംഗല്യം ; ഊരും നാടും സന്തോഷത്തിൽ 

മകളുടെ വിവാഹത്തിനൊപ്പം ഒരു ആദിവാസി യുവതിക്കു കൂടി മാംഗല്യം വേണമെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ തീരുമാനം യാഥാര്‍ഥ്യമായപ്പോള്‍ അത് ഊരിനും നാടിനും സന്തോഷ നിമിഷമായി മാറുകയായിരുന്നു.ചടങ്ങ് കഴിഞ്ഞപ്പോള്‍ റാന്നി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റാന്നി തെക്കേപ്പുറം കുഴിക്കാലായില്‍ പ്രകാശിന്റെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞു. ആര്‍ഭാടം ഒഴിവാക്കിയാണ്, ഒരേ പന്തലില്‍ മകള്‍ക്കും പ്ലാപ്പള്ളി ആദിവാസി ഊരിലെ സോമിനിക്കും പ്രകാശ്  കതിര്‍മണ്ഡപം ഒരുക്കിയത്. പ്ലാപ്പള്ളി ഊരിനു പുറത്ത് ഇത്രയധികം ആഘോഷത്തോടെ നടക്കുന്ന ആദ്യ വിവാഹം കൂടിയായി അത് മാറി.വൻജനാവലിയുടെ സാന്നിധ്യത്തില്‍ ഒരു മിന്നുകെട്ട്.50-ഓളം പേരാണ് ഊരുകളില്‍ നിന്ന് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്.റാന്നി മാമുക്ക് വളയനാട്ട് ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ചയായിരുന്നു ഇരു ദമ്പതികളുടെയും വിവാഹങ്ങള്‍ നടന്നത്. ആദ്യം പ്രകാശിന്റെയും ജയശ്രീയുടെയും മകള്‍ ആതിരയും അടൂര്‍ പറക്കോട് അനില്‍ മന്ദിരത്തില്‍ അനില്‍ കുമാറിന്റെയും ബിന്ദുവിന്റെ മകൻ അനന്തകൃഷ്ണനും വിവാഹിതരായി.തുടര്‍ന്നായിരുന്നു, പ്ലാപ്പള്ളി ആദിവാസി ഊരിലെ ഓമനയുടെ മകള്‍ സോമിനിയും മഞ്ഞത്തോട് ആദിവാസി ഊരിലെ മാധവന്റെ മകൻ സോനുമോനും തമ്മിലുള്ള വിവാഹം നടന്നത്.

ഊരുമൂപ്പൻ രാജുവും തന്ത്രി മധുദേവാനന്ദയും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. മാതാപിതാക്കള്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും വധൂവരന്മാര്‍ ദക്ഷിണ നല്‍കി. ആന്റോ ആന്റണി എം.പി. പ്രമോദ് നാരായണ്‍ എം.എല്‍.എ., മുൻ എം.എല്‍.എ. രാജു ഏബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരൻ, സി.പി.എം. ജില്ലാ സെക്രട്ടറി ഉദയഭാനു തുടങ്ങിയവര്‍ ആശംസകള്‍ നേരാൻ എത്തിയിരുന്നു. സഹോദരനും തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറിയുമായ പ്രസാദ് കുഴിക്കാലയുമായി ആലോചിച്ചാണ് ശബരിമല പൂങ്കാവനത്തിലെ ആദിവാസി യുവതിയുടെ കല്യണംകൂടി നടത്താൻ തീരുമാനിച്ചത്. പഞ്ചായത്തംഗത്തിനുള്ള ഓണറേറിയം മുഴുവനും പ്രകാശ് സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്. ഓണത്തിന് വാര്‍ഡിലെ എല്ലാ വീടുകളിലും പച്ചക്കറി, പലവ്യഞ്ജന കിറ്റുകളെത്തിക്കുന്ന പതിവും ഉണ്ട്.  പത്താം ക്ലാസ് വരെ പഠിച്ച സോമിനിക്ക് ഒരു ജോലി കൂടി തരപ്പെടുത്തി കൊടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പ്രകാശ് പറഞ്ഞു. സുമനസ്സുകളുടെ സഹായത്തോടെ അവരുടെ ഊരിലെ കുടുംബങ്ങള്‍ക്കെല്ലാം ചെറിയ വീടുകള്‍ നിര്‍മിച്ചു നല്‍കുവാനുള്ള പദ്ധതിയെക്കുറിച്ചും ആലോചിക്കുന്നതായി പ്രകാശും സഹോദരൻ പ്രസാദ് കുഴിക്കാലയും പറഞ്ഞു. ഇതേസമയം  ആശംസകളറിയിക്കാനെത്തിയ കലാകാരന്മാരായ ബിനു അടിമാലി, താജുദ്ദീൻ, രാജാ സാഹിബ്, പ്രശാന്ത് കാഞ്ഞിരമറ്റം, സുരേഷ് തമ്ബി തുടങ്ങിയവര്‍ വിവാഹശേഷം കലാപരിപാടിയും അവതരിപ്പിച്ചാണ് മടങ്ങിയത്.