അതില്‍ നിന്ന് പുറത്ത് വരാന്‍ എനിക്ക് വര്‍ഷങ്ങളുടെ പ്രയത്‌നം വേണ്ടി വന്നു , പാര്‍വതി തിരുവോത്ത്

ശക്തമായ നിലപാടുകളിലൂടെ എന്നും വിവാദങ്ങളുടെ തോഴിയാണ് പാര്‍വതി തിരുവോത്ത്. എന്ത് കാര്യമുണ്ടെങ്കിലും അത് ആരുടേയും മുഖത്ത് നോക്കി കൂസാതെ പറയാനുള്ള തന്റേടം പാര്‍വതി എപ്പോഴും കാണിക്കാറുണ്ട്. ഇപ്പോഴിതാ, താന്‍ ബുളീമിയ എന്ന രോഗത്തിന്റെ പിടിയിലായിരുന്നുവെന്നും അതിനെ ജീവിച്ചത് എങ്ങനെയെന്നുമൊക്കെ പാര്‍വതി തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി മനസ് തുറന്നത്.

പാര്‍വതിയുടെ വാക്കുകള്‍ –
വര്‍ഷങ്ങളോളം ഞാന്‍ എന്റെ ചിരി അടക്കിപ്പിടിച്ചിട്ടുണ്ട്. ഞാന്‍ ചിരിക്കുമ്പോള്‍ എന്റെ കവിളുകള്‍ വലുതാവുന്നതിനെ കുറിച്ച് എന്റെ കൂടെ ജോലി ചെയ്തിരുന്ന പലരും പറയുമായിരുന്നു. മാത്രമല്ല എന്റേത് നല്ല ആകൃതിയിലുള്ള, ഭംഗിയുള്ള താടിയല്ലെന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്. അതോടെ ഞാന്‍ ചിരിക്കുന്നത് നിര്‍ത്തി. ചില സമയങ്ങളില്‍ മാത്രം മുഖം വിടര്‍ത്താതെ പതുക്കെ ചിരിച്ചുകൊണ്ടിരുന്നു.
പുറത്ത് ഏതെങ്കിലും പരിപാടികള്‍ക്ക് പോവുമ്പോഴും ജോലി സ്ഥലത്തും ഞാന്‍ തനിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഞാന്‍ എടുക്കുന്ന ഭക്ഷണത്തിന്റെ അളവിനെ കുറിച്ച് പലപ്പോഴും ആളുകള്‍ കമന്റ് ചെയ്യുമെന്നതായിരുന്നു അതിന്റെ കാരണം.

നീ ഭക്ഷണം കൂടുതലായി കഴിക്കുന്നുണ്ടെന്ന് ഞാന്‍ നിന്റെ ഡയറ്റീഷനോട് പറയും. മാരിയാന്‍ സിനിമയിലെപ്പോലെ നിനക്ക് തടി കുറച്ചൂടെ! ഇങ്ങനെ തുടങ്ങി തങ്ങള്‍ പറയുന്നതെല്ലാം നല്ലതിന് വേണ്ടിയാണെന്നും അതെല്ലാം തമാശമായി മാത്രം എടുത്തുകൂടെ എന്നുള്ള കമന്റുകളൊന്നും എന്റെ ശരീരം കേട്ടിരുന്നില്ല. ആളുകള്‍ പറയുന്നതെല്ലാം തന്നെ ഞാന്‍ എന്റെ മനസിലേക്ക് എടുക്കുകയും ഞാന്‍ തന്നെ സ്വയം അത്തരം കമന്റുകള്‍ എന്നോട് പറയാനും തുടങ്ങി

വൈകാതെ തന്നെ ബുളീമിയ എന്ന തീവ്രമായ അവസ്ഥയിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നു. അതില്‍ നിന്നും പുറത്തുവരാന്‍ എനിക്ക് വര്‍ഷങ്ങളുടെ പ്രയത്നം വേണ്ടിവന്നു.