അവർ ഇട്ടാൽ ബർമുഡ,ഞങ്ങൾ ഇട്ടാൽ വള്ളിനിക്കർ,നിർമ്മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ നിലപാടിന് പരിഹസിച്ചു എൻ കെ പ്രേമചന്ദ്രൻ

കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിലെ മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് എൻ.കെ പ്രേമചന്ദ്രൻ എം പി,ഭിന്ന രാഷ്ട്രീയക്കാർ കണ്ടാൽ രാഷ്ട്രീയം ഉരുകിപ്പോകില്ലെന്ന നിലപാടിനെ താൻ പുച്ഛത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അവർ ഇട്ടാൽ ബർമുഡയും, ഞങ്ങൾ ഇട്ടാൽ വള്ളിനിക്കറും, എന്നതാണ് ഇതിന്റെ നാടൻ പ്രയോഗമെന്നും പ്രേമചന്ദ്രൻ പരിഹസിച്ചു. അദ്ദേഹത്തിന്റെ ഈ പരിഹാസം- കഴിഞ്ഞ ഫെബ്രുവരിയിൽ മറ്റ് ചില എംപിമാർക്കൊപ്പം എൻ.കെ പ്രേമചന്ദ്രൻ എംപി പാർലമെന്റ് ക്യാന്റീനിൽ പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിച്ചപ്പോൾ ഇടത് നേതാക്കൾ ഉയർത്തിയ രൂക്ഷ വിമർശനം മുൻനിർത്തിയായിരുന്നു.

പ്രധാനമന്ത്രിക്കൊപ്പം അന്ന് ഉച്ചഭക്ഷണം കഴിച്ച തന്നെ അപമാനിച്ചവരാണ് സിപിഎം നേതാക്കൾ, അന്ന് പല രീതിയിൽ തന്നെ തേജോവധം ചെയ്തുവെന്നും പ്രേമചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ ഇതൊരു പ്രചാരണ വിഷയമാക്കി. അതുണ്ടാക്കിയ മാനസിക ആഘാതം തനിക്ക് ചെറുതായിരുന്നില്ല. രാഷ്ട്രീയ സ്വത്വം തന്നെ ചോദ്യം ചെയ്തു. മുന്നണിയിലും പാർട്ടിയിലുമുള്ളവർ പോലും തന്നെ സംശയിച്ചു. താൻ ബിജെപിയിലേക്ക് പോകുമോ എന്ന സംശയം ഉണ്ടാക്കി. അത് മാറ്റിയെടുക്കാൻ താൻ പെട്ട പാട് വിവരിക്കാനാവില്ലെന്നും, അദ്ദേഹം പറഞ്ഞു.അതേ ആളുകൾ ഇപ്പോൾ ഭിന്ന രാഷ്ട്രീയക്കാർ പരസ്പരം കണ്ടാൽ രാഷ്ട്രീയം ഉരുകിപ്പോകില്ലെന്ന് പറയുന്നത് പരിഹാസ്യമാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.