50-ാം വയസ്സിൽ അച്ഛനായതിൽ സന്തോഷമുണ്ടെന്ന് പ്രഭുദേവ

ഒരുമാസം പ്രായമായ കുഞ്ഞുമായി തിരുപ്പതി ക്ഷേത്ര ദർശനം നടത്തി തെന്നിന്ത്യൻ താരം പ്രഭുദേവ. ഭാര്യ ഹിമാനിക്കൊപ്പമാണ് പ്രഭുദേവ ദര്‍ശനത്തിനെത്തിയത്. തിരുപ്പതിയിലെ വിഐപി ക്യൂവില്‍ നില്‍ക്കുന്ന പ്രഭുദേവയുടെയും കുടുംബത്തിന്റെയും വീഡിയോകളും ഫോട്ടോകളും വൈറലാണ്. കുഞ്ഞിന്‍റെ മുഖം ക്യാമറകളില്‍ കാണാത്ത വിധം തുണിയില്‍ മൂടിയാണ് പ്രഭുദേവയുടെ ഭാര്യ ഹിമാനി കുട്ടിയെ എടുത്തിരുന്നത്. അമ്പതാം വയസില്‍ ഒരു കുഞ്ഞിന്റെ അച്ഛനായതില്‍ സന്തോഷ പ്രഭുദേവ മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു.

ഈ പ്രായത്തില്‍ ഞാന്‍ വീണ്ടുമൊരു അച്ഛന്‍ ആയിരിക്കുന്നു. ഏറെ സന്തോഷവും പൂര്‍ണ്ണതയും തോന്നുന്നു എന്നായിരുന്നു പ്രഭുദേവ പ്രതികരിച്ചത്.കുടുംബത്തിനും മകള്‍ക്കുമൊപ്പം ഇനി കൂടുതല്‍ സമയം ചെലവഴിക്കണം എന്നും പ്രഭുദേവ പറഞ്ഞിരുന്നു.2020 സെപ്റ്റംബറില്‍ ആയിരുന്നു ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപിസ്റ്റ് ഹിമാനിയുമായുള്ള പ്രഭുദേവയുടെ വിവാഹം. പ്രഭുദേവയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. പ്രഭുദേവയുടെ ആദ്യ ഭാര്യ റംലത്ത് ആണ് . 1995ലാണ് ഇരുവരും വിവാഹിതരായത്. 2008ല്‍ ഈ ബന്ധത്തിലെ മൂന്നു മക്കളില്‍ മൂത്ത മകന്‍ കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടിരുന്നു.