ഒ.ടി.ടി. പ്ലാറ്റ്‌ഫോം ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ ശാപമാണെന്ന് പറയേണ്ടിവരുമെന്ന് സജി നന്ത്യാട്ട്

താരങ്ങള്‍ കോടികള്‍ പ്രതിഫലം വാങ്ങി ആഡംബര വാഹനങ്ങള്‍ വാങ്ങിയിടുമ്പോള്‍ ബെന്‍സ് കാറില്‍ വന്ന നിര്‍മാതാവ് ഇന്ന് ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്യുന്നതെന്ന് ഫിലിം ചേമ്പര്‍ സെക്രട്ടറി സജി നന്ത്യാട്ട്. താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.…

താരങ്ങള്‍ കോടികള്‍ പ്രതിഫലം വാങ്ങി ആഡംബര വാഹനങ്ങള്‍ വാങ്ങിയിടുമ്പോള്‍ ബെന്‍സ് കാറില്‍ വന്ന നിര്‍മാതാവ് ഇന്ന് ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്യുന്നതെന്ന് ഫിലിം ചേമ്പര്‍ സെക്രട്ടറി സജി നന്ത്യാട്ട്. താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു കോടി രൂപ മുടക്കുന്ന ഒരു സിനിമയ്ക്ക് ആറോ, ഏഴോ കോടി കളക്ഷന്‍ തിയേറ്ററില്‍ വന്നാലേ മുതലാകുകയുള്ളൂ. മലയാള സിനിമയ്ക്ക് ഗുണകരമാകുമെന്ന് കരുതിയ ഒ.ടി.ടിയില്‍ ആകെ പോകുന്നത് ബിഗ് ബജറ്റ് പടങ്ങള്‍ മാത്രമാണ്. ഒ.ടി.ടി. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ ശാപമാണെന്ന് പറയേണ്ടി വരും.

‘താരങ്ങള്‍ കോടാനു കോടി രൂപ സമ്പാദിക്കുകയാണ്. മുപ്പതും നാല്പതും കോടിയുടെ വാഹനങ്ങള്‍ വാങ്ങി വീട്ടിലിടുകയാണ്. നടന്നുവന്ന താരം ബെന്‍സില്‍ സഞ്ചരിക്കുന്നു. വിജയിക്കുന്നതനുസരിച്ച് നടന്മാര്‍ പണം വാങ്ങുന്ന രീതി മലയാള സിനിമയില്‍ പണ്ടേയില്ല. പ്രേംനസീറിനേപ്പോലെയുള്ള ആളുകള്‍ പടം പരാജയപ്പെട്ടാല്‍ ആ നിര്‍മാതാവിന് അടുത്ത സിനിമ ഫ്രീയായി ചെയ്തുകൊടുക്കും. അങ്ങനെയുള്ളവരെ ആരാധിച്ചുപോവും’.

കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ 76 സിനിമകളാണ് റിലീസ് ചെയ്തത്. അതില്‍ വെറും ആറ് സിനിമയാണ് മുതല്‍ മുടക്ക് തിരികെ പിടിച്ചത്. ഇത് പ്രേക്ഷകരുടെ കുഴപ്പമല്ല. നല്ല സിനിമയ്ക്ക് ആളില്ലെന്നതാണ് മലയാള സിനിമയുടെ പ്രതിസന്ധി. ഇപ്പോഴിറങ്ങിയ പടങ്ങളുടെ അവസ്ഥ നോക്കൂ. 30 ദിവസം കഴിയുമ്പോള്‍ സിനിമ ഒ.ടി.ടിയില്‍ കിട്ടും. ആവറേജ് സിനിമയ്ക്ക് ഒ.ടി.ടി. റൈറ്റ് ഇല്ലെന്നും സജി നന്ത്യാട്ട് പ്രമുഖ ചാനലിനോട് പ്രതികരിച്ചു.