‘തലയെന്നൊക്കെ പറഞ്ഞ് എന്തിന് ആഘോഷിക്കുന്നു’ ; അജിത്തിനെ അധിക്ഷേപിച്ച് നിർമ്മാതാവ് 

വെള്ളിത്തിരയിൽ വ്യത്യസ്തയാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി നേടിയ നടനാണ് അജിത്ത് കുമാർ. തല എന്നാണ് ആരാധകർ അജിത്തിനെ വിശേഷിപ്പിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ അഭിനയിച്ച കാതല്‍ കോട്ടൈ, ധീന തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അജിത് കുമാര്‍ എന്ന നടനെ പ്രേക്ഷകര്‍ സ്വീകരിച്ചത്. സിക്‌സ് പാക്കോ ഞെട്ടിക്കുന്ന ഡയലോഗുകളോ ത്രസിപ്പിയ്ക്കുന്ന ആക്ഷന്‍ രംഗങ്ങളോ ഒന്നുമില്ലാഞ്ഞിട്ടും , നിഷ്‌കളങ്കമായ ചിരിയും തന്മയത്വത്തോടെയുള്ള അഭിനയവുമാണ് അജിത്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. നരകയറിയ തലയാണ് ഈ ‘തല’യുടെ മറ്റൊരു അടയാളം എന്നതാണ് ഏറെ ശ്രദ്ധേയം. ആരാധകര്‍ക്ക് തല വെറുമൊരു താരമല്ല, അവരിലൊരാളാണ്. ഒരു ഫേസ്ബുക്ക് പേജോ വെബ് സൈറ്റോ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും അജിത്ത് തരംഗമാണ്. അതേസമയം കുറച്ച് മാസങ്ങൾക്ക് മുമ്പ്  നടൻ അജിത്ത് കുമാറിനെതിരെ ​ഗുരുതര ആരോപണവുമായി നിർമാതാവ് മാണിക്കം നാരായണൻ രം​ഗത്ത് വന്നിരുന്നു.

ആ സംഭവം ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. അജിത്ത് തന്റെ കൈയിൽ നിന്നും ലക്ഷങ്ങൾ ക‌‌ടം വാങ്ങി കബളിപ്പിച്ചെന്നാണ് ഇദ്ദേഹം ആരോപിച്ചത്. പണത്തിന് പകരമായി ഒരു സിനിമ ചെയ്ത് തരാമെന്നാണ് അജിത്ത് വാക്ക് തന്നത്. എന്നാൽ വർഷങ്ങൾക്കിപ്പുറവും അജിത്ത് ഈ വാക്ക് പാലിച്ചില്ലെന്ന് മാണിക്കം നാരായണൻ ആരോപിച്ചു. അജിത്ത് ജീവിതത്തിലും അഭിനയിക്കുകയാണെന്നും മാണിക്കം തുറന്നടിച്ചു. പത്രക്കാരെ വിളിച്ച് പതിനായിരവും ഇരുപതിനായിരവും കൊടുത്ത് അജിത്തിനെ പോലെ നല്ലവൻ ലോകത്തിൽ വേറെയില്ലെന്നും അദ്ദേഹം ബിരിയാണി വെച്ചെന്നും എഴുതിക്കുന്നു. അജിത്ത് ബിരിയാണി വെച്ചത് വലിയ വാർത്തയായി കൊടുക്കുന്നതെന്തിനാണ്. ഈ വാർത്ത വായിക്കുന്ന മണ്ടൻമാർ അജിത്ത് ബിരിയാണി വെച്ചെന്ന് പറഞ്ഞ് ആഘോഷിക്കുന്നു. സ്വന്തം ജീവിതം ജീവിക്കൂ. തലയെന്നൊക്കെ പറഞ്ഞ് എന്തിന് ആഘോഷിക്കുന്നു. സിനിമ ഇറങ്ങിയാൽ പോയി കാണണം. ജീവിതം എന്തിന് അജിത്തിന്റെ പിറകെ നടന്ന് വെറുതെയാക്കുന്നു. പടം പോയി കാണുക. എല്ലാത്തിനും ഒരു പരിധി വെക്കുക. താരമാണെങ്കിൽ ആരാധിക്ക്. അത് കഴിഞ്ഞ് സ്വന്തം ഭാര്യയുടെയും മക്കളുടെയും കാര്യം നോക്കെന്നും മാണിക്കം നാരായണൻ ഉപദേശിച്ചു.


സിനിമാ രം​ഗത്ത് നിന്നും ഈ വിഷയത്തിൽ തനിക്കൊരു സഹായവും ലഭിച്ചില്ലെന്നും മാണിക്കം നാരായണൻ പറയുന്നു. സിനിമാ രം​ഗത്ത് രണ്ട് വിഭാ​ഗമാണുള്ളത്. എന്തുകൊണ്ട് ഞാൻ സഹായിക്കുന്നില്ല എന്ന് ചിന്തിക്കുന്നവരും എന്തിന് സഹായിക്കണം എന്ന് ചിന്തിക്കുന്നവരും. എല്ലാ മേഖലയിലും ഇങ്ങനെ തന്നെയാണെന്നും മാണിക്കം നാരായണൻ തുറന്നടിച്ചു. 1996 ലാണ് അജിത്ത് തന്നോട് പണം വാങ്ങിയതെന്നാണ് മാണിക്കം നാരായണൻ പറയുന്നത്. അന്ന് അജിത്ത് ഇത്രയും വലിയ താരമല്ല. അജിത്ത് സിനിമയ്ക്ക് ഡേറ്റ് തരുമെന്ന പ്രതീക്ഷയിൽ ഏറെക്കാലം പോയി. എന്നാൽ ഡേറ്റ് തന്നില്ലെന്ന് മാത്രമല്ല കൊടുത്ത പണം തിരികെ തന്നില്ലെന്നും മാണിക്കം നാരായണൻ ആരോപിക്കുന്നു. ​ഗുരുതരമായ ആരോപണം വന്നിട്ടും അജിത്ത് ഇതുവരെയും പ്രതികരിച്ചില്ലെന്നത് എടുത്ത് പറയേണ്ട‌താണ്. താരത്തിന്റെ അടുത്ത വൃത്തങ്ങളും പ്രതികരിച്ചിട്ടില്ല. മാണിക്കം നാരായണനെതിരെ ​രൂക്ഷ പ്രതികരണവുമായി അജിത്തിന്റെ ആരാധകർ രം​ഗത്ത് വരുന്നുണ്ട്. അജിത്ത് ഒരിക്കലും ഇത്തരമൊരു തെറ്റ് ചെയ്യില്ലെന്നാണ് ആരാധകരുടെ വാദം. സെവൻത് ചാനൽ കമ്മ്യൂണിക്കേഷൻ എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ഉടമയാണ് മാണിക്കം നാരായണൻ. വേട്ടയാട് വിളയാട് എന്ന സിനിമ നിർമ്മിച്ചത് മാണിക്കം നാരായണനാണ്. സംഭവം നടന്ന തിയതിയും മറ്റും ചൂണ്ടിക്കാണിച്ചാണ് അജിത്തിനെതിരെ ഇദ്ദേഹം സംസാരിക്കുന്നത്. അതിനാൽ തന്നെ ആരോപണത്തിൽ സത്യമുണ്ടെന്ന വാദം ശക്തമാണ്. അജിത്ത് വിഷയത്തിൽ മറുപടി പറയുമോ എന്നാണ് ഏവരുടെയും ചോദ്യം. പൊതുവെ സിനിമാ ഷൂട്ടിം​ഗ് കഴിഞ്ഞാൽ ലൈം ലൈറ്റിൽ നിന്നും പൂർണമായും മാറി നിൽക്കുന്ന ന‌ടനാണ് അജിത്ത്. പൊതുവേദികളിലൊന്നും അജിത്തിനെ കാണാറുമില്ല. തുനിവാണ് അജിത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമ മികച്ച വിജയം നേടിയിരുന്നു.