42-ാം വയസില്‍ അമ്മയും 24-ാം വയസില്‍ മകനും ഒരുമിച്ച് സര്‍ക്കാര്‍ സര്‍വീസിലേക്ക്

42-ാം വയസില്‍ അമ്മയും 24-ാം വയസില്‍ മകനും ഒരുമിച്ച് സര്‍ക്കാര്‍ സര്‍വീസിലേക്ക്. സര്‍ക്കാര്‍ ജോലി ലക്ഷ്യമിടുന്ന യുവാക്കള്‍ക്കും പ്രായം കൂടുതലായെന്നു പറയുന്ന വീട്ടമ്മമാര്‍ക്കും പ്രചോദനമാണ് ഇരുവരും. അടുത്തിടെ പ്രസിദ്ധീകരിച്ച എല്‍ജിഎസ് പട്ടികയില്‍ 92ാം റാങ്കോടെ മലപ്പുറം അരീക്കോട് സ്വദേശി ബിന്ദുവും എല്‍.ഡി.സി മലപ്പുറം റാങ്ക് ലീസ്റ്റില്‍ 38ാം റാങ്കോടെ മകന്‍ വിവേകുമാണ് സര്‍ക്കാര്‍ ജോലിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷമായി അങ്കണവാടി ടീച്ചറായി ജോലി നോക്കുകയാണ് ബിന്ദു. മകന്‍ വിവേക് പത്താം ക്ലാസിലായ സമയത്താണ് ആദ്യമായി ബിന്ദു സര്‍ക്കാര്‍ പരീക്ഷയെഴുതിയത്. ഇത് വരെ അഞ്ച് തവണ ബിന്ദു പിഎസ്‌സി പരീക്ഷ എഴുതി. മകന്‍ ഡിഗ്രി പൂര്‍ത്തിയാക്കിയതും സര്‍ക്കാര്‍ സര്‍വീസ് ലക്ഷ്യമിട്ട് പരിശീലനം തുടങ്ങി. കൊവിഡ് സമയത്ത് പഠനം ഒരുമിച്ചായതായി വിവേക് പറയുന്നു. രണ്ട് പേരും പരസ്പരം പ്രചോദനം നല്‍കി.

വീട്ടുജോലികള്‍ക്കിടയിലും അങ്കണവാടിയിലെ ഇടവേളകളിലുമെല്ലാം പഠിച്ചു. ഞായറാഴ്ചകളില്‍ മാത്രമാണ് ബിന്ദു കോച്ചിംഗ് സെന്ററില്‍ പോയത്. എല്ലാ ദിവസവും പരിശീലനത്തിന് പോയ വിവേക് വീട്ടിലെത്തിയാല്‍ പഠിച്ചത് അമ്മയ്ക്ക് പറഞ്ഞുകൊടുക്കും. പരീക്ഷയ്ക്ക് നാല് മാസം മുന്‍പ് ബിന്ദു ലീവെടുത്ത് എല്ലാ ദിവസവും മകനൊപ്പം കോച്ചിംഗ് സെന്ററില്‍ പോയി. വീട്ടുജോലി കഴിഞ്ഞാല്‍ ഇരുവരും ഒരുമിച്ചിരുന്ന് പഠിക്കും. ഇത്രയും വര്‍ഷം തുടര്‍ച്ചയായി പരീക്ഷ എഴുതാത്തത് മറ്റാരും അനുകരിക്കരുതെന്നും അതേസമയം എത്ര സമയം പരാജയപ്പെട്ടാലും ഇനിയും ശ്രമിച്ചാല്‍ അതിന്റെ ഗുണം കിട്ടും എന്നതിന്റെ പ്രതീകമാണ് താനെന്നും ബിന്ദു പറഞ്ഞു.

Previous articleമദ്യം കൊടുത്താണ് സെക്‌സ് ചെയ്യിപ്പിക്കാറ്’ സച്ചിയുടേയും സിജിയുടേയും ജീവിതത്തെ കുറിച്ച് ഡ്രൈവര്‍
Next articleദിലീപിനൊപ്പം ജോജു ജോർജ്; ‘വോയ്സ് ഓഫ് സത്യനാഥൻ’ ഷൂട്ട് മുംബൈയിൽ പുനഃരാരംഭിച്ചു