‘7 വർഷത്തോളം പരിശ്രമച്ചു, മകൾക്ക് ഒരു കൂടപ്പിറപ്പിനെ കൊടുക്കാൻ കഴിയില്ലെന്നുള്ളത് വേദന’; തുറന്ന് പറഞ്ഞ് റാണി മുഖർജി

മകൾക്ക് ഒരു കൂടപ്പിറപ്പിനെ കൊടുക്കാൻ തനിക്കാവില്ലെന്ന യാഥാർത്ഥ്യം ഏറെ വേദനിപ്പിക്കുന്നുവെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം റാണി മുഖർജി. രണ്ടാമത്തെ കുഞ്ഞിന് വേണ്ടി ഏഴ് വർഷത്തോളം ശ്രമിച്ചു. മകൾക്ക് ഇപ്പോൾ എട്ട് വയസായി. അവൾക്ക്…

മകൾക്ക് ഒരു കൂടപ്പിറപ്പിനെ കൊടുക്കാൻ തനിക്കാവില്ലെന്ന യാഥാർത്ഥ്യം ഏറെ വേദനിപ്പിക്കുന്നുവെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം റാണി മുഖർജി. രണ്ടാമത്തെ കുഞ്ഞിന് വേണ്ടി ഏഴ് വർഷത്തോളം ശ്രമിച്ചു. മകൾക്ക് ഇപ്പോൾ എട്ട് വയസായി. അവൾക്ക് ഒന്നര വയസുള്ളപ്പോൾ മുതൽ രണ്ടാമത്തെ കുഞ്ഞിനായി ശ്രമിച്ചതാണ്. ഒടുവിൽ ​ഗർഭിണിയായെങ്കിലും കുഞ്ഞിനെ എനിക്ക് നഷ്ടപ്പെട്ടുവെന്ന് റാണി പറഞ്ഞു.

‘ഇനിയെനിക്ക് 46 വയസാകാൻ പോവുകയാണ്. ഒരു കുഞ്ഞുണ്ടാകാൻ അനുയോജ്യമായ പ്രായമല്ല അതെന്ന് എനിക്കറിയാം. എന്നിരുന്നാലും എന്റെ മകൾക്ക് ഒരു കൂടപ്പിറപ്പിനെ കൊടുക്കാൻ എനിക്ക് കഴിയില്ലെന്ന് ഓർക്കുമ്പോൾ വലിയ വേദനയുണ്ട്. നമുക്ക് എന്തെല്ലാം ലഭിച്ചുവെന്നതിൽ എപ്പോഴും നാം നന്ദിയുള്ളവരായിരിക്കണം എന്നെനിക്കറിയാം. ‘അദിര’ എന്റെ മിറാക്കിൾ ചൈൽഡാണ്.

എനിക്കായി അവളുണ്ടെന്നതിൽ ഒരുപാട് സന്തോഷമുണ്ട്. അവൾ മാത്രം മതി എന്ന് മനസിനെ പറഞ്ഞുപഠിപ്പിക്കാൻ ശ്രമിക്കുകയാണ്.’- താരം കൂട്ടിച്ചേർത്തു. അതേസമയം, രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ട് വെറും 10 ദിവസം ആകുമ്പോഴാണ് മിസിസ് ചാറ്റർജീ vs നോർവേയുടെ കഥയുമായി സംവിധായകൻ എത്തുന്നതെന്നും സിനിമയിലെ കഥാപാത്രത്തിന് തന്റെ ജീവിതസാഹചര്യങ്ങൾ വലിയ പങ്കുവച്ചിട്ടുണ്ടെന്നും റാണി മുഖർജി പറഞ്ഞു.