ആൾക്കൂട്ടം കണ്ടാൽ ലാൽ കൈപിടിക്കും; മമ്മൂട്ടിക്ക് വേണ്ടത് മറ്റൊന്ന്, മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും താരതമ്യത്തെ കുറിച്ച്, രഞ്ജിത്ത്

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കരിയർ ​ഗ്രാഫുകൾ തമ്മിലുളള താരതമ്യം സിനിമാ ലോകത്ത് ഇപ്പോൾ സജീവ ചർച്ചയാണ്. പുതുമുഖ  സംവിധായകരുടെ കൂടെ അല്ലെങ്കിൽ  തിരക്കഥാകൃത്തുകളുടെ  കൂടെ സിനിമകൾ ചെയ്യാൻ തയ്യാറാകുന്ന മമ്മൂട്ടി അടുത്ത കാലത്ത് നിരവധി ശ്രദ്ധേയ…

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കരിയർ ​ഗ്രാഫുകൾ തമ്മിലുളള താരതമ്യം സിനിമാ ലോകത്ത് ഇപ്പോൾ സജീവ ചർച്ചയാണ്. പുതുമുഖ  സംവിധായകരുടെ കൂടെ അല്ലെങ്കിൽ  തിരക്കഥാകൃത്തുകളുടെ  കൂടെ സിനിമകൾ ചെയ്യാൻ തയ്യാറാകുന്ന മമ്മൂട്ടി അടുത്ത കാലത്ത് നിരവധി ശ്രദ്ധേയ ചിത്രങ്ങൾ പ്രേക്ഷകർക്ക് മുമ്പിലെത്തിച്ചു. എന്നാൽ മോഹൻലാൽ കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് പോകുന്നതെന്ന് ആരാധകരും സമ്മതിക്കുന്നു. മോഹൻലാലിന്റേതായി അടുത്ത കാലത്തിറങ്ങിയ ഭൂരിഭാ​ഗം സിനിമകളും പരാജയപ്പെട്ടു. എന്നാണ് മോഹൻലാലയന്റെതായി അപ്കമിംഗ് ലൈനപ്പിലുള്ള പ്രൊജെക്ടുകൾ പ്രതീക്ഷയുള്ളവയാണ്. മോഹൻലാൽ നായകനായെത്തുന്ന ലിജോ ജോസ് പെല്ലിശേരിയുടെ മാലെെക്കോ‌ട്ടെ വാലിബൻ എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് മോഹൻലാലിന് സാധിക്കുമെന്നാണ് ആരാധകർ കരുതുന്നത്.
എന്ത് തന്നെ ആയാലും  കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമാപ്രേമികള്‍ ഏറ്റവുമധികം തവണ പരസ്പരം ചോദിച്ചിട്ടുള്ള ചോദ്യമാണ് മോഹന്‍ലാലോ മമ്മൂട്ടിയോ എന്നത്. അഭിനയത്തിന്‍റെയും സ്ക്രീന്‍ പ്രസന്‍സിന്‍റെയും സിനിമകളുടെ തെരഞ്ഞെടുപ്പിന്‍റെയുമൊക്കെ കാര്യത്തില്‍ ആ താരതമ്യം ഇപ്പോഴും തുടരുന്നു.

ഇപ്പോഴിതാ മമ്മൂട്ടിക്കും മോഹൻലാലിനുമുള്ള  മറ്റൊരു പ്രധാന വ്യത്യാസത്തെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ രഞ്ജിത്ത്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഈ താരതമ്യം നടത്തുന്നത്. മമ്മൂട്ടി പരീക്ഷണത്തിന് മുതിരുമ്പോള്‍ മോഹന്‍ലാല്‍ കംഫര്‍ട്ട് സോണില്‍ നില്‍ക്കുകയാണോ എന്ന ചോദ്യത്തിന് ആണ്  രഞ്ജിത്  മറുപടി നൽകിയത് . മമ്മൂ‌ട്ടി പരീക്ഷണങ്ങൾക്ക് തയ്യാറാകുന്നു. മോഹൻലാൽ കംഫർട്ട് സോണിൽ നിൽക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. ലാൽ ഒരു ദിവസം കൊണ്ട് തുടങ്ങിയതല്ല. അപരിചിതർ മാത്രമുള്ള ലൊക്കേഷനൊക്കെ ലാലിന് വലിയ പാടാണ്. പുതിയ സംവിധായകരും എഴുത്തുകാരുമൊക്കെ. മമ്മൂട്ടിക്ക് അത് പ്രശ്നമല്ല. അവന്റെ കൈയിൽ എന്തോ ഉണ്ട്, അവനെ വിളി എന്ന് പറയും. ലിജോ ജോസ് പെല്ലിശേരിയുടെ സിനിമകൾ കണ്ട് ലാലിന് ഇയാൾ കൊള്ളാം എന്ന് തോന്നിക്കാണും. അപ്പോഴും നിർമാതാവിന്റെ സ്ഥാനത്ത് അയാളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഷിബു ബേബി ജോണും ബേബി മറൈന്‍ ബാബുവും ഒക്കെയാണ് നിർമാതാക്കൾ .

അയാൾ അങ്ങനെയൊരു മനുഷ്യനാണെന്നും രഞ്ജിത്ത് ചൂണ്ടിക്കാട്ടി. ഇപ്പോഴും ക്യാമറയുടെ മുന്നിൽ നൂറ് പേരെ ഇടിക്കുന്ന ആൾ നല്ല ആൾക്കൂട്ടമുള്ള ലൊക്കേഷനിൽ കാറിൽ വന്നിറങ്ങിയാൽ ഞാനുണ്ടെങ്കിൽ നമ്മളുടെ കൈ പിടിക്കും. കൈ വിട് എന്ന് പറഞ്ഞാൽ കൈയവിടെ ഇരിക്കട്ടെ എന്ന് പറയും. ഈ ക‌ടമ്പ കടന്ന് പോകാൻ ഇപ്പോഴും പ്രശ്നമുള്ള ആളാണ്. മുറിക്കകത്ത് എത്തുമ്പോഴാണ് അയാൾക്ക് സമാധാനമാകുന്നത്. മമ്മൂട്ടിക്ക് ഈ പുരുഷാരം ഇല്ലെങ്കിലാണ് പ്രശ്നമെന്നും രഞ്ജിത്ത് ചൂണ്ടിക്കാട്ടി. ഷൂട്ടിംഗ് ലൊക്കേഷനിലോ മറ്റോ ആളില്ലെങ്കിൽ  ഇവിടെയൊന്നും ആരും ഇല്ലേ എന്ന്  മമ്മൂട്ടി ചോദിക്കും. എന്നാൽ ഇവർ  രണ്ട് പേരുമായും തനിക്ക് നല്ല ബന്ധമുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി. തൂവാനത്തുമ്പികളിലെ മോഹൻലാലിന്റെ ഭാഷയെ വിമർശിച്ചു കൊണ്ടും രഞ്ജിത്ത് സംസാരിച്ചിരുന്നു.  ഒരു ഭാഷയെ അനുകരിക്കുകയല്ല വേണ്ടത്. പ്രാഞ്ചിയേട്ടനിൽ തൃശൂർ ശൈലിയാണെങ്കിലും എന്തൂട്ടാ എന്നൊന്നും പറയുന്നില്ല. ഡയലോ​ഗിൽ മമ്മൂട്ടി ഹോം വർക്ക് ചെയ്യും. ലാൽ അക്കാര്യത്തിൽ ശ്രദ്ധിക്കാത്ത ആളാണ്. ലാലിന്റെ നമുക്കൊക്കെ ഇഷ്ടപ്പെട്ട തൂവാനത്തുമ്പികളിലെ തൃശൂർ ഭാഷ വളരെ ബോറാണ്. തൃശൂർ ഭാഷയെ അനുകരിക്കാനാണ് ശ്രമിച്ചത്. എന്നാൽ ഇതേ ജയകൃഷ്ണൻ ക്ലാരയോട് ശുദ്ധ റൊമാൻസിൽ സംസാരിക്കുന്നുണ്ട് എന്നാണു രഞ്ജിത്ത് പറഞ്ഞത് . പക്ഷെ മോഹൻലാലിന്റെ ഭാഷയ്ക്ക് ഒരു താളമുണ്ട്. അത് താനുമായി മാച്ച് ചെയ്യാറുണ്ടെന്ന് പലരും പറയാറുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി. മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് നിരവധി സിനിമകൾ രഞ്ജിത്ത് സംവിധാനം ചെയ്തിട്ടുണ്ട്. ഒരുകാലത്തെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു രഞ്ജിത്തും മോഹൻലാലും. പിന്നീട് മമ്മൂട്ടിക്കൊപ്പവും തുടരെ ശ്രദ്ധേയ സിനിമകൾ രഞ്ജിത്ത് ചെയ്തു. കൈയൊപ്പ്, പാലേരിമാണിക്യം , പ്രാഞ്ചിയേട്ടൻ പോലെയുള്ളവ അതിനുദാഹരങ്ങൾ ആണ്.